

തിരുവനന്തപുരം: യൂബർ, ഓല മാതൃകയിൽ ഇനി സർക്കാർ വക ഓൺലൈൻ ടാക്സിയും. മോട്ടാർ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ ഓൺലൈൻ ടാക്സി സർവിസ് ആരംഭിക്കുന്നതിന് ഐ.ടി വകുപ്പിന്റെ പച്ചക്കൊടി. പദ്ധതിക്കുള്ള സാങ്കേതിക സൗകര്യങ്ങളൊരുക്കാൻ രണ്ട് ഏജൻസികളാണ് മുന്നോട്ടുവന്നത്. ഇവർ സമർപ്പിച്ച പദ്ധതിരേഖ ഐ.ടി വകുപ്പ് കഴിഞ്ഞയാഴ്ച വിശദമായി പരിശോധിച്ച ശേഷം പദ്ധതി പ്രായോഗികമാണെന്ന റിപ്പോർട്ട് തൊഴിൽവകുപ്പിന് കൈമാറുകയായിരുന്നു. ഇതോടെയാണ് സർക്കാർ വക ഓൺലൈൻ ടാക്സി സർവീസിന് വഴിതുറന്നത്.
സ്വകാര്യ ഓൺലൈൻ ടാക്സി ഏജൻസികളുടെ കടന്നുകയറ്റം ചെറുക്കാനും, ഈ രംഗത്ത് കൂടുതൽ സാധ്യതകൾ ഉറപ്പുവരുത്താനും സർക്കാർ ഈ രംഗത്തേക്ക് കടക്കുന്നതോടെ കഴിയുമെന്നാണ് തൊഴിൽ വകുപ്പിന്റെ വിലയിരുത്തൽ. മോട്ടോർ വാഹനവകുപ്പ് നിശ്ചയിച്ച നിരക്കുകളാണ് ഓൺലൈൻ ടാക്സികൾക്കും ബാധകമാക്കുക. അഞ്ച് ലക്ഷം അംഗങ്ങളാണ് നിലവിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള എറണാകുളം ജില്ലയെ പൈലറ്റ് സംരംഭത്തിനായി തെരഞ്ഞെടുക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ആദ്യഘട്ടത്തിൽ കാറുകളും പിന്നീട് ഓട്ടോകളും ഓൺലൈൻ ശൃംഖലയുടെ ഭാഗമാകും. മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ ടാക്സി തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ടാക്സി ശൃംഖലയൊരുക്കുന്നത്. തൊഴിൽവകുപ്പിന് പുറമേ ഐ.ടി, മോട്ടോർവാഹനവകുപ്പ്, ലീഗൽ മെട്രോളജി, പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് സംരംഭം തുടങ്ങുന്നത്. ഓൺലൈൻ സർവിസിൽ ചേരാനാഗ്രഹിക്കുന്നവരെ ചേർത്ത് സഹകരണസംഘങ്ങൾ രൂപവത്കരിക്കുന്നതിനും ആലോചനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates