

ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് എക്‌സാം) നടപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സിബിഎസ്ഇയുടെ ഗവേണിങ് ബോഡി ജൂണില്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. ഓരോ ടേമിലും ഭാഷ പഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ മൂന്ന് എഴുത്തുപരീക്ഷകള്‍ ഓപ്പണ്‍ ബുക്ക് രീതിയില്‍ നടത്താനാണ് പദ്ധതി.
ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍, ക്ലാസ് നോട്ടുകള്‍, അല്ലെങ്കില്‍ ലൈബ്രറി പുസ്തകങ്ങള്‍ ഉപയോഗിക്കാം. ഓര്‍മശക്തി പരിശോധിക്കുന്നതിന് പകരം, വിവരങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവ്, ആശയങ്ങള്‍ മനസ്സിലാക്കുക, യഥാര്‍ഥ ജീവിത സാഹചര്യങ്ങളില്‍ അവ പ്രയോഗിക്കുക എന്നിവയാണ് പരീക്ഷകള്‍ ലക്ഷ്യമിടുന്നത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും ഈ മാറ്റം ഉള്‍പ്പെടുത്തിയിരുന്നു.
2023 ഡിസംബറില്‍ അംഗീകരിച്ച പൈലറ്റ് പഠനം ഒമ്പതു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ നടത്തിയിരുന്നു. പരീക്ഷ പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍ എടുത്ത സമയം, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായങ്ങള്‍ എന്നിവയാണ് വിലയിരുത്തിയത്. 12% മുതല്‍ 47% വരെ ആയിരുന്നു വിദ്യാര്‍ഥികളുടെ സ്‌കോര്‍. റഫറന്‍സ് മെറ്റീരിയലുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും വിഷയങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനും പലര്‍ക്കും ബുദ്ധിമുട്ടാണെന്ന വിലയിരുത്തലുണ്ടായിരുന്നു. 2014ല്‍ സിബിഎസ്ഇ ഒമ്പതാം ക്ലാസില്‍ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിലും പതിനൊന്നാം ക്ലാസില്‍ സാമ്പത്തികശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയിലും ഓപ്പണ്‍ ടെക്സ്റ്റ് ബേസ്ഡ് അസസ്‌മെന്റ് നടപ്പാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
