

കമ്പ്യൂട്ടർ സയന്‍സില്‍ ബിരുദം കൊണ്ട് മാത്രം പ്രമുഖ ടെക്ക് കമ്പനികളില്‍ അവസരം ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നാൽ അതൊരു മിഥ്യാ ധാരണയാണ്. സർവകലാശാലയിൽ നിന്ന് ലഭിക്കുന്ന ബിരുദങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികൾ അവർക്ക് താല്പര്യമുള്ള മേഖലയില്‍ ആഴത്തിലുള്ള വൈദഗ്ധ്യം കൂടി നേടിയാൽ മാത്രമേ മികച്ച അവസരങ്ങൾ ലഭിക്കുകയുള്ളു എന്ന് ഗൂഗിള്‍ ആന്‍ഡ്രോയിഡ് വൈസ് പ്രസിഡന്റ് സമീര്‍ സമത് പറയുന്നു. ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കമ്പ്യൂട്ടർ സയന്‍സ് വിദ്യാഭ്യാസം എന്ന് പറയുന്നത് ജാവ പോലുള്ള പ്രോഗ്രാമിങ് ഭാഷ പഠിക്കുക മാത്രമല്ല. മറിച്ച് പ്രശ്‌നപരിഹാര രീതികള്‍, സിസ്റ്റം ഡിസൈന്‍, കൊളാബൊറേറ്റീവ് അപ്രോച്ചുകള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്. അത് കൊണ്ട് തന്നെ നമ്മുടെ കമ്പ്യൂട്ടർ സയന്‍സ് വിദ്യാഭ്യാസ രീതി തന്നെ പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
കോഡിങ് ഇപ്പോഴും പ്രധാനപ്പെട്ടത് തന്നെയാണ്. എങ്കിലും, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ തകര്‍ക്കുക, സ്‌കെയിലബിള്‍ സിസ്റ്റങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, ടീമുകളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുക എന്നിവയാണ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസത്തിന്റെ പ്രധാന മൂല്യങ്ങളെന്ന് സമീര്‍ സമത് അഭിപ്രായപ്പെട്ടു.
അടിസ്ഥാന പ്രോഗ്രാമിങ് ജോലികളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓട്ടോമേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം എടുക്കുന്നതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന കോഡിങ് ജോലികളെല്ലാം എഐ ടൂളുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇത് ചില ബിരുദ ധാരികള്‍ക്ക് സ്ഥിരം ജോലി ലഭിക്കുന്നതിനും ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നതിനും വെല്ലുവിളിയായി മാറിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സമീര്‍ സമതിന്റെ ഉപദേശം പ്രസക്തമാവുന്നത്. അക്കാദമിക നേട്ടത്തേക്കാളുപരി പ്രത്യേക മേഖലയില്‍ വൈദഗ്ദ്യം സിദ്ധിച്ചവരേയാണ് മുന്‍നിര ടെക്ക് കമ്പനികള്‍ ആവശ്യപ്പെടുന്നതെന്ന് സമത് പറഞ്ഞു. കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചത് കൊണ്ട് മാത്രം ഭാവിയില്‍ തൊഴിലുടമകളെ ആകര്‍ഷിക്കാന്‍ സാധിച്ചെന്ന് വരില്ല. കംപ്യൂട്ടര്‍ സയന്‍സിന് പുറത്ത് പ്രത്യേക മേഖലകളില്‍ വൈദഗ്ദ്യം നേടണം. എങ്കിലും അടിസ്ഥാന പ്രോഗ്രാമിങ് ഭാഷകള്‍ പഠിക്കേണ്ടത് തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates