

ഇന്ത്യയിലെ ക്ലാസ്സ് മുറികളിൽ നിർമിത ബുദ്ധി (AI) വിദ്യാഭ്യാസം വ്യാപകമാക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്ക് വേണ്ടി 'സ്പെഷ്യൽ ക്ലാസ്' തയ്യാറാക്കി ഗൂഗിൾ. അധ്യാപകർക്കായി 'ഗൂഗിൾ എഐ എഡ്യൂക്കേറ്റർ സീരീസ്' (GES) എന്ന പേരിൽ മൊബൈൽ അധിഷ്ഠിത പരിശീലന പരിപാടിയയാണ് ഗൂഗിൾ അവതരിപ്പിച്ചത്. ക്ലാസ്സ് മുറികളിൽ നിർമിത ബുദ്ധി (AI) എങ്ങനെ ഫലപ്രദമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാം എന്ന് അധ്യാപകരെ പഠിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്ര സർക്കാരിന്റെ 'ദേശീയ വിദ്യാഭ്യാസ നയം (NEP) 2020'-ന്റെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഗൂഗിൾ ഈ നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ അധ്യാപകർക്ക് എവിടെയിരുന്നും തങ്ങളുടെ സ്മാർട്ട്‌ഫോണുകൾ വഴി വളരെ എളുപ്പത്തിൽ ഈ പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കംപ്യൂട്ടർ സംവിധാനങ്ങളോ ലാപ്ടോപ്പോ ഇല്ലാത്ത സാധാരണ സ്കൂളുകളിലെ അധ്യാപകർക്കും ഇത് പ്രയോജനപ്പെടും.
കടുപ്പമേറിയ പാഠഭാഗങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിൽ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ മാറ്റാം എന്ന് അധ്യാപകർക്ക് ഈ സംവിധാനത്തിലൂടെ പഠിക്കാം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചോദ്യാത്തരങ്ങൾ, പ്രോജക്ടുകൾ, ഇന്ററാക്ടീവ് ക്ലാസ്സുകൾ എന്നിവ എഐ ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാമെന്നും ഗൂഗിളിന്റെ ക്ലാസിലൂടെ അധ്യാപകർക്ക് മനസിലാക്കാം.
കുട്ടികൾ എഐ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ, വ്യാജ വിവരങ്ങൾ തിരിച്ചറിയൽ, ധാർമ്മികമായ (Ethical) ഉപയോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അധ്യാപകർക്ക് ഇതിലൂടെ ലഭിക്കും.
ആദ്യ ഘട്ടത്തിൽ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, അസം, പഞ്ചാബ് എന്നീ സംസ്ഥാന സർക്കാരുകളുമായും ലഡാക്ക് കേന്ദ്രഭരണ പ്രദേശവുമായും സഹകരിച്ചാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്.
ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ ഈ പരിശീലനം ഹിന്ദി, അസമീസ്, മറാത്തി, തെലുങ്ക്, ഒഡിയ, പഞ്ചാബി എന്നിങ്ങനെ 6 പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കും. പൈലറ്റ് ഘട്ടത്തിന് ശേഷം ഇത് രാജ്യവ്യാപകമായി വിപുലീകരികുമെന്നാണ് അധികൃതർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates