കൊല്ലം: കുട്ടികളിലെ അമിതവണ്ണം, തൂക്കക്കുറവ്, പോഷകാഹാരക്കുറവ് തുടങ്ങിയവയ്ക്ക് പരിഹാരവും ആരോഗ്യപരിപാലനവും ഉറപ്പാക്കുന്നതിന് ഒരുമാസം നീളുന്ന പരിശോധനകളും അനുബന്ധ പ്രവര്‍ത്തനങ്ങളും കൊല്ലം ജില്ലയില്‍ ഉറപ്പാക്കുമെന്ന് കലക്ടര്‍ എന്‍. ദേവിദാസ്. ഒക്ടോബര്‍ 16 വരെ പോഷന്‍ അഭിയാന്റെ ഭാഗമായുള്ള പോഷക മാസാചരണം ആചരിക്കുന്നത് സംബന്ധിച്ച് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കി.
അങ്കണവാടികള്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ പോഷകനിലവാരം ഉയര്‍ത്താനും അമിതവണ്ണം നിയന്ത്രിക്കാനും പരിശോധനകള്‍ നടത്തും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാകും നടപ്പിലാക്കുക.
അങ്കണവാടികളിലെ കുട്ടികളുടെ വളര്‍ച്ചനിരീക്ഷണം കൂടുതല്‍മെച്ചപ്പടുത്താന്‍ സൂക്ഷ്മപദ്ധതി തയ്യാറാക്കും. വളര്‍ച്ചാ പ്രശ്‌നമുള്ള കുട്ടികള്‍ക്ക് ആരോഗ്യ ക്യാമ്പുകള്‍, ശിശുപരിചരണത്തിലും പരിപാലനത്തിലും പുരുഷന്മാർക്ക് തുല്യപങ്ക് വിഷയത്തില്‍ പ്രത്യേക പരിപാടികള്‍ എന്നിവ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്തലങ്ങളില്‍ സംഘടിപ്പിക്കും.
കുട്ടികളുടെ ബി.എം.ഐ (ബോഡി മാസ് ഇന്‍ഡക്‌സ്) അളന്നു ഭാരം രേഖപെടുത്തി ആവശ്യമെങ്കില്‍ ചികിത്സയും ലഭ്യമാക്കും. പൊതുവിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലെ കുടിവെള്ള സ്രോതസുകളുടെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കും. പ്രസവതയ്യാറെടുപ്പിനും ശിശുപരിപാലനത്തിനും ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ പോഷണസമ്പന്നമായ പരമ്പരാഗത-പ്രാദേശിക ഭക്ഷണരീതികളെ കുറിച്ച് ബോധവത്കരണവും പ്രചാരണവും നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates