മെമ്മറീസിന്റെ പശ്ചാത്തല സംഗീതം ഉപ്പും മുളകിനും വേണ്ടി മോഷ്ടിച്ചെന്ന് ആരോപണം
സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടി മെമ്മറീസ് എന്ന സിനിമയിലെ പശ്ചാത്തല സംഗീതം മോഷ്ടിച്ചെന്ന ആരോപണവുമായി മെമ്മറീസിന് പശ്ചാത്തല സംഗീതം നല്‍കിയ അനില്‍ ജോണ്‍സണ്‍. ഉപ്പും മുളകിന്റേയും 40ാം എപ്പിസോഡില്‍ 11.27 മിനിറ്റ് മുതലുള്ള പല മ്യൂസിക്ക് ബിറ്റുകളും മെമ്മറീസ് എന്ന സിനിമയില്‍ താന്‍ ചെയ്ത ബിജിഎം സ്‌കോര്‍ ബീറ്റുകളാണെന്ന് അനില്‍ ജോണ്‍സണ്‍ ആരോപിക്കുന്നു.
ആ സ്‌കോറില്‍ (മെമ്മറീസ് ) നിന്ന് ഉള്‍ക്കൊണ്ട പ്രചോദനമുള്ള ഒരു മ്യൂസിക് ആണ് നിങ്ങള്‍ ചെയ്തതെങ്കില്‍ തീര്‍ച്ചയായും അഭിനന്ദനാര്‍ഹമായേനെ, എന്നാല്‍ ഇത് ഒരുമാതിരി വൃത്തികെട്ട പ്രവണതയാണ്. മറ്റൊരുവന്റെ വര്‍ക്ക് പച്ചയ്ക്ക് അടിച്ചുമാറ്റി മുറിച്ചിടുക എന്നത് 'മോഷണം' തന്നെയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അനില്‍ ജോണ്‍സണ്‍ പറയുന്നു. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് പരിപാടി എന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇത് ഉപ്പും മുളകും എന്ന ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയൽ. എനിക്കും വളരെ ഇഷ്ടമാണ് ഇതിന്റെ അവതരണം.നല്ല സംവിധാനം ഗംഭീരമായ അഭിനയം കാഴ്ചവെച്ച ഒരു പറ്റം കലാകാരന്മാർ,കാമറ, ആർട്ട്, വസ്ത്രം, മേക്കപ്പ് മുതലായവ എല്ലാം ഒന്നിനൊന്ന് നന്ന് .
എന്നാൽ . ഇത് # 40 എപ്പിസോഡ് ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോർ ശ്രദ്ധിച്ചപ്പോൾ ടൈംലൈൻ 11.27 മുതൽ ഉള്ള പല മ്യൂസിക് ബിറ്റുകളും 2013ൽ അനന്താവിഷൻ എന്ന ബാനറിൽ ജീത്തു ജോസഫ് സംവിധാനം ചെയ്‌ത " മെമ്മറീസ്" എന്ന മലയാളം സിനിമയിൽ ഞാൻ ചെയ്‌ത ബിജിഎം സ്കോർ ബിറ്റുകൾ ആണ് ഉപയോഗിച്ചിട്ടുള്ളത്. (ഇത് ഞാനും കാണാതെ പോയേനെ.. ഒരു സുഹൃത്താണ് ഇത് എനിക്കയച്ചു തന്നത് . എന്നിട്ടു ഒരു ചോദ്യം ഡായ്.. ഇത് മെമ്മറീസിലെ മ്യൂസിക് അല്ലെ എന്ന് ഒരു സംശയം )
ഇതിന്റെ സംഗീത സംവിധായകൻ എന്ന് പറയുന്ന മഹാൻ അറിയുന്നതിന്: ഒരു സിനിമയ്‌ക്ക് വേണ്ടി രാവും പകലും ഒരു സംഗീത സംവിധായകനും കുറെയധികം കലാകാരന്മാരും, ടെക്‌നീഷ്യന്മാരും കഷ്‌ടപ്പെട്ടു ഉറക്കമിളച്ചു കുത്തിയിരുന്നുണ്ടാകുന്ന സ്‌കോറുകൾ ചുമ്മാ എടുത്തു ഉപയോഗിക്കുക, അതിന് പണം വാങ്ങുക. എന്നിട്ട് കലാകാരൻ എന്ന പേരും... കുറച്ചൊക്കെ ഉളുപ്പ് വേണ്ടേ ചങ്ങാതി. നിങ്ങൾ ഒരു യഥാർത്ഥ കലാകാരനാണെന്ന് തോന്നുന്നില്ല, കാരണം ആയിരുന്നു എങ്കിൽ കഷ്ടടപ്പെട്ടുണ്ടാക്കുന്നവന്റെ മുതൽ പച്ചയ്‌ക്ക് അടിച്ചുമാറ്റി ഉപയോഗിക്കാൻ തോന്നില്ല.
യഥാർത്ഥ കലാകാരൻ ഒരിക്കലും അത് ചെയ്യില്ല. INSPIRATION / INFLUENCE ഒക്കെ മനസിലാക്കാം. INSPIRATIONS/ INFLUENCES ഉൾക്കൊണ്ട് തന്നെയാണ് പല മ്യൂസിക് സ്‌കോറുകളും ഉണ്ടാവുന്നതും ..
ആ സ്‌കോറിൽ (മെമ്മറീസ് ) നിന്ന് ഉൾക്കൊണ്ട പ്രചോദനമുള്ള ഒരു മ്യൂസിക് ആണ് നിങ്ങൾ ചെയ്തതെങ്കിൽ തീർച്ചയായും അഭിനന്ദനാർഹമായേനെ, എന്നാൽ ഇത് ഒരുമാതിരി വൃത്തികെട്ട പ്രവണതയാണ്. മറ്റൊരുവന്റെ വർക്ക് പച്ചയ്‌ക്ക് അടിച്ചുമാറ്റി മുറിച്ചിടുക എന്നത് "മോഷണം" തന്നെയാണ് . കട്ടവൻ മോഷ്ട്ടാവ് തന്നെ. ഇപ്പോഴത്തെ നിലയിൽ "പ്രമുഖൻ" എന്ന് വിളിക്കാം
ഫ്‌ളവേഴ്‌സ് ടീവി എന്തായാലും ഇത് അറിഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കില്ല എന്നറിയാം. അവർക്കതിന്റെ ആവശ്യവുമില്ല എന്നാണ് മനസിലാക്കേണ്ടത്. അവർ മ്യൂസിക് ചെയ്യാൻ നൽകുന്ന പണം, മാറ്റിവച്ചിട്ടു ഇമ്മാതിരി വൃത്തികേട് ചെയ്യുന്നത് അവരും അറിയണം.. എല്ലാ ടീവീ ചാനലുകളും അറിയണം.. അവർ മുടക്കുന്ന കാശിന് കിട്ടുന്നത് ഇതാണ് എന്ന്. ഇത്തരം "പ്രമുഖന്മാർ" ധാരാളമായി ഇറങ്ങീട്ടുണ്ട് എന്ന്
നല്ല രീതിയിൽ ചെയ്യുന്ന ഒറിജിനൽ സ്കോറുകളും ഉള്ള സീരിയലുകളും ഉണ്ട്. ടെലിവിഷൻ രംഗത്ത് നന്നായി മ്യൂസിക് ചെയുന്ന പല സംഗീത സംവിധായകാരെ എനിക്ക് നേരിട്ടറിയുകയും ചെയ്യാം.അതിൽ ഞങ്ങളൊക്കെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒത്തിരി സംഗീതജ്ഞരുണ്ട് ടെലിവിഷൻ എന്ന മീഡിയത്തിൽ. ദയവ് ചെയ്‌തു നിങ്ങൾ അവരുടെയൊക്കെ വിലകളയരുത്.
ഇത് എന്റെ ഒരാളുടെ മാത്രം പ്രശ്‌നമല്ല. പലർക്കും ഈ അനുഭവം ഉണ്ട്. പല ടീവി സീരിയലുകളിലും ബിജിഎം എന്ന പേരിൽ പല ഭാഷകളിൽ നിന്നുള്ള സിനിമാ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ അങ്ങിനെ തന്നെ എടുത്തു പേസ്റ്റ് ചെയ്യുന്നുണ്ട്. അങ്ങിനെ ചെയ്യുന്ന പ്രമുഖരോട് എനിക്കൊന്നേ ചോദിക്കാനുള്ളു.. വേറെ എന്തേലും പണിയെടുത്തു ജീവിച്ചൂടെ നിങ്ങൾക്ക്?? നിങ്ങളീ പറ്റിച്ചുണ്ടാകുന്ന പണം മറ്റൊരുത്തന്റെ വിയർപ്പാണ് ഹേ! അതിന്റെ പങ്ക് പറ്റിച്ചെടുക്കുന്നവനെ പുച്ഛമാണ് പരമ പുച്ഛം!! ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് പരിപാടി എന്ന് കൂടി ആ സംഗീത "പ്രമുഖനെ" ഇതിനകം അറിയിച്ചുകൊള്ളുന്നു..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
