സിനിമാ പരസ്യത്തിനു ദേശീയപതാക; കമല്‍ഹാസനെതിരെ പരാതി

സിനിമകളുടെ പോസ്റ്ററുകളില്‍ ദേശീയപതാക ഉപയോഗിക്കുന്നത് അവഹേളനപരമാണ് -  ദേശീയത മുതലെടുത്ത് പണമുണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം പ്രവര്‍ത്തിക്കു പിന്നിലുള്ളതെന്നു ഫൗണ്ടേഷന്‍
സിനിമാ പരസ്യത്തിനു ദേശീയപതാക; കമല്‍ഹാസനെതിരെ പരാതി

കോട്ടയം: ചലചിത്രനടന്‍ കമല്‍ഹാസന്‍ രാജ്കമല്‍ ഫിലിംസ് ഇന്റര്‍ നാഷണലിന്റെ പേരില്‍ പുറത്തിറക്കുന്ന വിശ്വരൂപം 2 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കി. ഫ്‌ലാഗ് കോഡും നാഷണല്‍ ഹോണര്‍ ആക്ടും പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

2002ലെ ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ സെക്ഷന്‍ 5 ദുരുപയോഗം വകുപ്പ് 3:29 പ്രകാരം ദേശീയപതാക പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഈ വകുപ്പിനെതിരായി സിനിമയുടെ പ്രചാരണത്തിനായി ദേശീയപതാക ഉപയോഗിച്ചത് ദേശീയപതാകയോടുള്ള കടുത്ത അവഹേളനമാണ്. കൂടാതെ ദേശീയപതാക കമല്‍ഹാസന് ആവരണമെന്ന നിലയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് ഇതേ വകുപ്പിലെ 3:30 പ്രകാരം കുറ്റകരമാണ്. ദേശീയപതാകയെ അവഹേളിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ മൂന്നു വര്‍ഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

ദേശീയ അവാര്‍ഡും പത്മാ പുരസ്‌ക്കാവുമൊക്കെ നല്‍കി രാജ്യം ആദരിച്ച കമല്‍ഹാസന്റെ ഈ നടപടി ഖേദകരമാണ്. ഇത് ഗൗരവമായി കണ്ട് നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ബാധ്യതയുണ്ട്. സിനിമകളുടെ പോസ്റ്ററുകളില്‍ ദേശീയപതാക ഉപയോഗിക്കുന്നത് അവഹേളനപരമാണ്. ദേശീയത മുതലെടുത്ത് പണമുണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം പ്രവര്‍ത്തിക്കു പിന്നിലുള്ളതെന്നു ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. ഇത്തരം ദുഷ്പ്രവണതകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവുകയില്ല. ദേശീയപതാക പരസ്യ ആവശ്യത്തിനു ഉപയോഗിച്ചാല്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കരുതെന്നു സെന്‍സര്‍ ബോര്‍ഡിനോടും കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com