മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കണം; വിജയിയുടെ മെര്‍സലിനെതിരെ ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 19th October 2017 08:19 PM  |  

Last Updated: 19th October 2017 08:21 PM  |   A+A-   |  

 

വിജയ് നായകനായെത്തിയ പുതിയ ചിത്രം മെര്‍സലിനെതിരെ ബിജെപി തമിഴ്‌നാട് ഘടകം. സിനിമയിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര രാജന്‍ ആവശ്യപ്പെട്ടു. ചിത്രത്തില്‍ മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന ധാരാളം സീനുകളുണ്ട്, ഇവയെല്ലാം എഡിറ്റ് ചെയ്ത് നീക്കണം, സൗന്ദര രാജന്‍ പറഞ്ഞു. 

ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുമുള്ള രംഗങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നു.ഞങ്ങളത് നീക്കാന്‍ ആവശ്യപ്പെടുകയാണ്, വിജയ്‌യുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്നും സൗന്ദര രാജന്‍ ആക്ഷേപിച്ചു. 

ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്നെ ചിത്രത്തില്‍ വിജയ്‌യുടെ കഥാപാത്രം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. 

ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന നായക കഥാപാത്രത്തിന്റെ ഡൈലോഗിന് വലിയ കയ്യടിയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. മോദിയുടെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയെ വടിവേലുവിെേന്റ കഥാപാത്രം കളിയാക്കുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ജിഎസ്ടി നടപ്പാക്കിയതിലെ വീഴ്ചയ്‌ക്കെതിരേയും നോട്ട് നിരോധനത്തിനെതിരേയും ഉയരുന്ന പ്രതിഷേധങ്ങളെ തടയാന്‍ ബിജെപി പാടുപെടുന്ന അവസ്ഥയിലാണ് വിജയ്‌യും സിനിമ വഴി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് മികച്ച  പ്രതികരണമാണ് ലബിക്കുന്നത്.