മര്‍ദ്ദനമുറകള്‍ മറച്ചുവെച്ചെങ്ങനെ അടിയന്തരാവസ്ഥയുടെ കഥ പറയും? 

ഈ ഡോക്യുമെന്ററിക്കെതിരേ ഏറ്റവുമധികം വിമര്‍ശനം ഉയര്‍ത്തിയത് ഈ അടുത്ത് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സിപിഐയില്‍ ചേര്‍ന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്
മര്‍ദ്ദനമുറകള്‍ മറച്ചുവെച്ചെങ്ങനെ അടിയന്തരാവസ്ഥയുടെ കഥ പറയും? 

ദേശീയ ബിംബങ്ങളോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങളെക്കുറിച്ച് ചിത്രീകരിച്ച '21 മന്ത്‌സ് ഓഫ് ഹെല്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. എന്നാല്‍ ഉപരിപ്ലവമായ നിരീക്ഷണമാണ് സെന്‍സര്‍ ബോര്‍ഡ് നടത്തിയിരിക്കുന്നതെന്നും തന്റെ സൃഷ്ടിയില്‍ ദേശീയപതാകയോടും രാഷ്ട്രപിതാവിനോടും അപമര്യാദ കാണിച്ചിട്ടില്ലെന്നും സംവിധായകന്‍ യദു വിജയകൃഷ്ണന്‍ പരമേശ്വരന്‍ സമകാലിക മലയാളത്തോട് വിശദീകരിക്കുന്നു.


സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചതിനെതുടര്‍ന്നാണ് '21 മന്ത്‌സ് ഓഫ് ഹെല്‍' എന്ന ഡോക്യുമെന്ററി ചര്‍ച്ചയാകുന്നത്. എന്താണ് 21 മന്ത്‌സ് ഓഫ് ഹെല്ലിലെ പ്രതിപാദ്യവിഷയം

21 മന്ത്‌സ് ഓഫ് ഹെല്‍ അടിയന്തരാവസ്ഥാകാലത്തെ പീഡനങ്ങളെകുറിച്ചുള്ളതാണ്, അതല്ലാതെ ആ കാലഘട്ടത്തിലെ രാഷ്ട്രീയമല്ല ഇതില്‍ പ്രതിപാദ്യവിഷയമാകുന്നത്. അടിയാന്തരാവസ്ഥാകാലത്ത് തടവിലാക്കപ്പെട്ട് പീഡനങ്ങള്‍ അനുഭവിച്ചവരെ അഭിമുഖം ചെയ്യുകയും ഒപ്പം അന്ന് നടന്ന സംഭവങ്ങള്‍ പുനരവതരിപ്പിച്ച് ചിത്രീകരിച്ചുമാണ് ഡോക്യൂമെന്ററി ചെയ്തിരിക്കുന്നത്. അക്കാലത്തെ സംഭവവികാസങ്ങളുടെ ഫൂട്ടേജുകള്‍ ലഭ്യമല്ലാത്തതിനാലാണ് അന്നത്തെ പൊലീസ്‌ പീഡനങ്ങള്‍ പുനഃസൃഷ്ടിച്ചത്.

ഡോക്യുമെന്ററിയില്‍  രാഷ്ട്രപിതാവിനോടും ദേശീയ പതാകയോടുമൊക്കെ അനാദരവ് കാണിച്ചു എന്ന് സെന്‍സര്‍ബോര്‍ഡ് ചൂണ്ടികാട്ടിയിട്ടുണ്ട്. എന്താണ് താങ്കളുടെ വിശദീകരണം

മഹാത്മാഗാന്ധിയോടും ദേശിയ പതാകയോടും അനാദരവ് കാണിച്ചു എന്ന് പറയുന്നത് തെറ്റാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടം  ഗാന്ധിയന്‍ മാര്‍ഗത്തിലായിരുന്നു, അഹിംസയായിരുന്നു അവരുടെ ആയുധം. അവര്‍ വിളിച്ചിരുന്ന മുദ്രാവാക്യം, ബോലോ ഭാരത് മാതാ കി ജയ്, ബോലോ ഗാന്ധിജി കി ജയ് എന്നായിരുന്നു. ഇവരെ മര്‍ദ്ദിക്കാനായി വരുന്ന പൊലീസ്‌കാര്‍ പറയുന്ന വാചകമാണ് നിങ്ങള്‍ ജീവിച്ചിരിക്കുന്ന ഗാന്ധിക്ക് ജയ് വിളിക്കൂ മരിച്ചുപോയ ഗാന്ധിക്കെന്തിനാ ജയ് വിളിക്കുന്നത് എന്നത്. ഇത് നടന്ന സംഭവമാണ്. അതുപോലെതന്നെ പൊലീസ്‌ മര്‍ദ്ദിക്കുന്നതിനിടയില്‍ പ്രതിഷേധിക്കുന്നവരുടെ കൈയ്യില്‍ നിന്ന് ദേശിയ പതാക താഴെ വീഴുന്നുണ്ട്. ഈ രണ്ടു കാര്യങ്ങളും ചൂണ്ടികാട്ടിയാണ് അനാദരവ് കാണിച്ചു എന്ന് പറഞ്ഞിട്ടുള്ളത്. ഇത് ഇവര്‍ മനസിലാക്കിയതിന്റെ പ്രശ്‌നമാണ്. പുകവലിക്കെതിരായ പരസ്യത്തില്‍ പുകവലിക്കുന്നത് കാണിക്കുന്നു എന്നുള്ളതുകൊണ്ട് അത് പുകവലിയെ അനുകൂലിക്കുന്ന പരസ്യമാകുന്നുണ്ടോ? മഹാഭാരതത്തില്‍ വസ്ത്രാക്ഷേപമുണ്ട്, അത് സ്ത്രീവിരുദ്ധതയാണോ?  നെഗറ്റീവ് പ്രതിച്ഛായയുള്ള കഥാപാത്രമാണ് അത് ചെയ്യുന്നത്. ഉള്ളടക്കം എന്തെന്ന് മനസിലാക്കാതെ ഉപരിപ്ലവമായി ചിന്തിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു വിമര്‍ശനം ഉണ്ടാകുന്നത്.
അടിയന്താരാവസ്ഥയെകുറിച്ച് ഡോക്യുമെന്ററി ചെയ്യുമ്പോള്‍ ആരാണ് അടിയന്തരാവസ്ഥ ആഹ്വാനം ചെയ്തതെന്ന് പറഞ്ഞേ തീരൂ. ഇതിനാണ് ഇന്ദിരാഗാന്ധിയെ മോശമായി ചിത്രീകരിച്ചു എന്ന് വിമര്‍ശനം ഉയര്‍ത്തുന്നത്.

21 മന്ത്‌സ് ഓഫ് ഹെല്‍ അതിരുകടന്ന വയലന്‍സ് കാഴ്ചവയ്ക്കുന്നുണ്ട് എന്ന അഭിപ്രായവും സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു

ഡോക്യുമെന്ററിക്ക് എ സര്‍ട്ടിഫിക്കേറ്റിന് വേണ്ടിയാണ് ഞാന്‍ അപേക്ഷ നല്‍കിയത്. യു സര്‍ട്ടിഫിക്കറ്റ് എന്റെ ആവശ്യമായിരുന്നില്ല. 18വയസ്സിന് താഴെയുള്ളവര്‍ ഇത് കാണണമെന്നില്ല. ഞാന്‍ ഉദ്ദേശിക്കുന്ന പ്രേക്ഷകസമൂഹം ആ പ്രായവിഭാഗത്തില്‍ ഉളളവരുമല്ല. മുതിര്‍ന്ന ആളുകളെ ഉദ്ദേശിച്ചുതന്നെ ചിട്ടപ്പെടുത്തിയതാണ് ഈ ഡോക്യുമെന്ററി. പീഡനങ്ങളെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ തീര്‍ച്ചയായും അതില്‍ വയലന്‍സ് ഉള്‍പ്പെടും. അന്നത്തെ കാലത്ത് തടവുകാരെ പൂര്‍ണ്ണ നഗ്‌നരാക്കി വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് ലോക്കപ്പിലടച്ചിരുന്നത്. അടിവസ്ത്രങ്ങള്‍ പോലും വായില്‍ കുത്തിനിറച്ചുകൊണ്ടായിരുന്നു പീഡിപ്പിച്ചിരുന്നത്. എന്നിട്ട് പോലും ഈ ഡോക്യുമെന്ററിയില്‍ ഒരിടത്തും നഗ്‌നത കാണിക്കുന്നില്ല. ആ രംഗങ്ങളില്‍ നഗ്‌നത കാണാതിരിക്കത്തക്കവിധം ബോധപൂര്‍വ്വം ക്യാമറ ആംഗിള്‍ സെറ്റ് ചെയ്യുകയായിരുന്നു. ഇത്തരം രംഗങ്ങള്‍ പലപ്പോഴും ഇരുട്ടത്ത് നടക്കുന്നതായാണ് കാണിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ചൂണ്ടികാട്ടിയ മറ്റൊരു പ്രശ്‌നമാണ് മോശമായ പദപ്രയോഗങ്ങള്‍ ഉണ്ടെന്നത്. ഇന്നാണെങ്കില്‍ പോലും പാര്‍ക്കിങ് തെറ്റിച്ചാല്‍ പോലും തെറി വിളിച്ചുകൊണ്ടാണ് പൊലീസുകാര്‍ ഇടപെടുന്നത്. അന്നത്തെ കാലത്തെകുറിച്ച് ഞാന്‍ നടത്തിയ ഗവേഷണത്തില്‍ നിന്ന് മനസിലാക്കിയത് ഇതിലും കടുപ്പമേറിയ കാര്യങ്ങളാണ്. അത്ര ക്രൂരമായ പദപ്രയോഗങ്ങളാണ് നടത്തിയിരുന്നത്. എന്നാല്‍ അവയെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടും മോശം വാക്കുകള്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടികാണിച്ചിരിക്കുകയാണ്. 

ഇത് ഒരു ഡോക്യുമെന്ററിയല്ല മറിച്ച് ഡോക്യുഫിക്ഷനാണെന്നതും സെന്‍സര്‍ബോര്‍ഡുന്റെ അനുമതി ലഭിക്കാതിരിക്കാന്‍ കാരണമായിരുന്നു

ശരിയാണ്, ഇത് ഡോക്യൂഫിക്ഷനാണ്. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷണില്‍ ഡോക്യൂ ഫിക്ഷന്‍ എന്നൊരു വിഭാഗം ഇല്ല. ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി, അഡ്വര്‍ടൈസ്‌മെന്റ്, ഷോര്‍ട്ട് ഫിലിം എന്നിവയൊക്കെയുണ്ട്. ഡോക്യൂ ഡ്രാമാ ഡോക്യൂ ഫിക്ഷന്‍പോലുള്ളവയൊക്കെ ഡോക്യുമെന്ററിയില്‍ തന്നെയാണ് ഉള്‍പ്പെടുത്താറ്. നാഷണല്‍ ജിയോഗ്രഫിയും ഹിസ്റ്ററി ചാനലുകളും ഒക്കെ കണ്ടാല്‍ ചരിത്രം പറയുന്ന ഡോക്യുമെന്ററികളില്‍ രംഗങ്ങള്‍ പുനഃക്രമീകരിച്ച് അവതരിപ്പിക്കുന്നത് സ്വാഭാവികമാണ്. ഹിറ്റ്‌ലറിന്റെ എത്ര ഡോക്യുമെന്ററികള്‍ ഇങ്ങനെ ചെയ്തിരിക്കുന്ന. എ ഡെ ഇന്‍ ദി ലൈഫ് ഓഫ് എ ഡിക്‌റ്റേറ്റര്‍ എന്ന അവാര്‍ഡിനര്‍ഹമായ ഡോക്യുമെന്ററി ചെയ്തിരിക്കുന്നത് ഈ രീതിയിലാണ്. ഇതേ സെന്‍സര്‍ബോര്‍ഡുതന്നെ ഇത്തരത്തിലുള്ള പല ഡോക്യുമെന്ററികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഫിക്ഷണല്‍ ഘടകങ്ങള്‍ ഉണ്ടെന്ന് ചൂണ്ടികാട്ടി അനുമതി നിഷേധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല.

ഡോക്യുമെന്ററിക്കായി ആരെയൊക്കെയാണ് അഭിമുഖം ചെയ്തത്

അക്കാലത്ത് സര്‍ക്കാരിനെതിരെ ആര് സംസാരിച്ചാലും ഒരു ലേഖനം കൈയ്യില്‍ സൂക്ഷിച്ചാല്‍ പോലും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഞാന്‍ ഇരകളായി തിരഞ്ഞെടുതത് അക്കാലത്ത് അടിയന്തരാവസ്തയ്‌ക്കെതിരെ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ സമരം ചെയ്തിരുന്ന പ്രവര്‍ത്തകരെയാണ്. നക്‌സലുകാരെ ഇതില്‍ പ്രതിപാദിക്കുന്നു പോലുമില്ല കാരണം അവരുടെ പ്രവര്‍ത്തനം അടിയന്തരാവസ്ഥയ്ക്ക് എതിരായിരുന്നില്ല അവര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കും റിപബ്ലിക് ഓഫ് ഇന്ത്യയ്ക്കും എതിരായിരുന്നു. എമര്‍ജന്‍സിക്കും ആറ് വര്‍ഷം മുമ്പ് ഇവരുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥാകാലത്ത് യഥാര്‍ത്ഥത്തില്‍ പോരാടിയ, ഇപ്പോഴും അതിന്റെ പ്രത്യാഘാതം അനുഭവിച്ച് ജീവിക്കുന്നവരെ പുറം ലോകം അറിയുന്നില്ല. ആ വിഭാഗത്തിലെ ആളുകളെയാണ് ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ജനസംഘ പ്രവര്‍ത്തകരും ജനതാ പാര്‍ട്ടിയും സര്‍വോദയ പ്രവര്‍ത്തകരും കേന്ദ്രത്തില്‍ ജയപ്രകാശ് നാരായണ്‍ തുടങ്ങിയ ലോക് സംഘര്‍ഷ് സമിതിയുടെ കേരള യൂണിറ്റിലെ പ്രവര്‍ത്തിച്ചിരുന്നവരുമെല്ലാം ഈ വിഭാഗത്തില്‍ ഉള്ളവരാണ്. ഇവരെയൊക്കെയാണ് ഡോക്യുമെന്ററിയില്‍ കാണാന്‍ കഴിയുന്നത്.

എന്തുകൊണ്ട് കേരളം മാത്രം? അടിയന്തരാവസ്ഥ രാജ്യം മൊത്തം ഉള്‍പ്പെട്ട സംഭവമല്ലെ?

കേരളം ഒഴികെ ഇന്ത്യമുഴുവന്‍ അടിയന്തരാവസ്ഥ മൂലമുണ്ടായ ദൂഷ്യവശങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. 1977ലെ തിരഞ്ഞെടുപ്പില്‍ നിന്ന് ഇത് മനസിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും അടിയന്തരാവസ്ഥയ്ക്ക് നല്ല പ്രതിച്ഛായയാണ് നല്‍കിപോരുന്നത്. കേരളത്തില്‍ അക്കാഡമിക് തലത്തിലും പൊളിറ്റിക്കല്‍ തലത്തിലും സാഹിത്യ തലത്തിലുമൊക്കെ അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായ നിലപാടാണ് ഉയരുന്നത്. അതുകൊണ്ടാണ് കേരളത്തെമാത്രം ഉള്‍പ്പെടുത്തിയത്. 

ചിത്രീകരണസമയത്ത് ഏതെങ്കിലും രീതിയിലുള്ള പ്രതിസന്ധി നേരിട്ടിരുന്നോ?

ഒരു ഫീച്ചര്‍ സിനിമ ചിത്രീകരിക്കുന്നതുപോലെ അത്ര വലിയ സജ്ജീകരണങ്ങളൊന്നും ആവശ്യമില്ലാത്തതിനാല്‍ ചിത്രീകരണം അധികം ശ്രദ്ധ നേടിയിരുന്നില്ല. എന്നാല്‍ സെന്‍സറിംഗിന് മുമ്പ് ഈ ഡോക്യുമെന്ററിയുടെ ഒരു െ്രെപവറ്റ് സ്‌ക്രീനിംഗ് ഡല്‍ഹിയില്‍ വച്ചിരുന്നു. എന്നാല്‍ പ്രദര്‍ശനത്തിന്റെ തലേദിവസം ഹോള്‍ അധികൃതര്‍ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു. ഡോക്യുമെന്ററിയുടെ സിനോപ്‌സിസോ മറ്റോ വായിച്ചിട്ടായിരിക്കണം ഇത്തരത്തിലൊരു നീക്കം ഉണ്ടായത്. ഒരുപാട് പ്രമുഖ വ്യക്തികളെ കാണാനായി ക്ഷണിച്ചിരുന്നതിനാല്‍ ഐ ആന്‍ഡ് ഡി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. 

പത്മാവതി, സെക്‌സി ദുര്‍ഗ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു ഇതിന് പിന്നാലെയാണ് താങ്കളുടെ ഡോക്യുമെന്ററിയും സെന്‍സറിംഗില്‍ വലിക്ക് നേരിട്ടിരിക്കുന്നത്. സെന്‍സറിംഗിനെകുറിച്ചുള്ള താങ്കളുടെ നിലപാട്?

സെന്‍സര്‍ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ത്തുന്ന പലരും ഒരു ഘട്ടത്തില്‍ സെന്‍സറിംഗ് ആവശ്യമില്ലെന്ന് പറയും. ഇതേ വ്യക്തി തന്നെ മറ്റൊരു വേദിയില്‍ സീരിയലുകള്‍ വിലക്കാന്‍ ആരുമില്ലേ എന്ന ചോദ്യം ഉന്നയിക്കും. എന്റെ അഭിപ്രായം അമേരിക്കയിലുള്ള സിസ്റ്റം ഇവിടെയും വരണമെന്നാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ എന്നാണ് അതില്‍ സെന്‍സറിംഗ് വരുന്നില്ല മറിച്ച് സര്‍ട്ടിഫിക്കേഷനാണ്. അതായത് ഏത് പ്രായവിഭാഗത്തിലുള്ളവര്‍ക്കാണ് കാണാന്‍ കഴിയുന്നതെന്ന് സര്‍ട്ടിഫൈ ചെയ്യുക. വയലന്‍ ഉണ്ടെങ്കില്‍ വയലന്‍സ് കട്ട് ചെയ്യാന്‍ പറയുന്നതിന് പകരം അതിന് അര്‍ഹമായ സര്‍ട്ടിഫിക്കേറ്റ് നല്‍കുകയാണ് ചെയ്യേണ്ടത്. ആ രീതിയാണ് ഇവിടെയും വരേണ്ടത്. എന്നാല്‍ ഇന്നസൊന്‍സ് ഓഫ് ഇസ്ലാം എന്ന പേരില്‍ ഈജിപ്തില്‍ പടമിറങ്ങിയപ്പോള്‍ ഇവിടെ ലഹളയുണ്ടായ സാഹചര്യമുണ്ട് അതുകൊണ്ട് സെന്‍സറിംഗ് പൂര്‍ണ്ണമായി നിരോധിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. 

പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ബോര്‍ഡ് നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് കരുതുന്നുണ്ടോ?

സെന്‍സര്‍ ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കന്‍മാരും ആര്‍എസ്എസ് നേതാക്കളുമൊക്കെയാണ് അടിയന്തരാവസ്ഥയ്‌കെതിരെ പ്രക്ഷോഭം നടത്തിയത്. അപ്പോള്‍ ബിജെപി സെന്‍സറിംഗിലും മറ്റും ഇടപെടുന്നു, എല്ലാം നിയന്ത്രിക്കുന്നു
എന്ന യുക്തി വെച്ചു നോക്കുകയാണെങ്കില്‍ ഈ ഡോക്യുമെന്ററിക്ക് വളരെയെളുപ്പം സര്‍ട്ടിഫിക്കേറ്റ് കിട്ടുമായിരുന്നു. സെന്‍സര്‍ ബോര്‍ഡില്‍ മാത്രമല്ല ഇവിടുത്തെ പല അവാര്‍ഡ് കമ്മിറ്റികളിലും സാഹിത്യ അക്കാദമി സ്ഥാനങ്ങളിലാണെങ്കിലും ഉള്ളവരില്‍ പലരും ഇടതുപക്ഷ അനുഭാവികളും ബ്യൂറോക്രാറ്റുകളില്‍ പലരും കോണ്‍ഗ്രസ് ചായ്‌വുള്ളവരുമൊക്കെയാണ്. ഈ ഡോക്യുമെന്ററിക്കെതിരേ ഏറ്റവുമധികം വിമര്‍ശനം ഉയര്‍ത്തിയത് ഈ അടുത്ത് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സിപിഐയില്‍ ചേര്‍ന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്. അടിയന്തരാവസ്ഥാകാലത്ത് കേരളം ഭരിച്ചിരുന്നത് സിപിഐ ആയിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ തുറന്നുകാട്ടിയതാണോ ഇവര്‍ക്കുള്ളിലെ ഭയം എന്നറിയില്ല. റീജിയണല്‍ ഓഫീസറും എന്റെ അടുക്കല്‍ പറഞ്ഞത് രാഷ്ട്രീയ വിഷയമായതുകൊണ്ട് റിസ്‌ക് എടുക്കാന്‍ വയ്യ, റിവൈസിംഗ് കമ്മിറ്റിക്ക് അയയ്ക്കൂ എന്നാണ്. 

അടുത്ത ചുവട്

സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കണമെന്ന് പറയുന്നവ ഒഴിവാക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ഒരു അവാര്‍ഡ് ലക്ഷമാക്കിയായിരുന്നില്ല ഇത് ചെയ്തത്. ബോധവത്കരണം സൃഷ്ടിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പറയുന്ന മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് ബോര്‍ഡിനെ അറിയിച്ചതാണ്. എന്നാല്‍ അത് പോര മുഴുവനായും റിജെക്ട് ചെയണമെന്നാണ് അവരുടെ തീരുമാനം. അടുത്ത ചുവട് റിവൈസിംഗ് കമ്മിറ്റിയില്‍ എത്തിക്കുക എന്നതാണ്. ഒന്‍പത് അംഗ കമ്മിറ്റി ഇത് പുനഃപരിശോധിക്കുകയാണ് അവിടെ ചെയ്യുന്നത്. എന്നാല്‍ ഇതിനായി ഡിസംബര്‍ നാലാം തിയതി നടത്തിയ സ്‌ക്രീനിംഗിന്റെ ഷോ കോസ് നോട്ടീസ് നല്‍കിയിരുന്നില്ല. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തവന്നു തുടങ്ങിയപ്പോഴാണ് ഇത് തയ്യാറാണെന്നറിയിച്ചുകൊണ്ട് എന്നെ ബന്ധപ്പെട്ടത്. റിവൈസിംഗ് കമ്മിറ്റിക്ക് അയക്കുക തന്നെയാണ് അടുത്ത നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com