

പ്രശസ്ത ടിവി സീരിയല്‍ പ്രോഗ്രാമായ ഉപ്പും മുളകും എന്ന പരിപാടിയിലെ സംവിധായകന്‍ ആര്‍ ഉണ്ണകൃഷ്ണനെ സീരിയലില്‍ നീക്കി. പകരം മറ്റൊരു സംവിധായകനെ വെച്ച് പരിപാടി മുന്നോട്ടു കൊണ്ടുപോകാനാണ് ചാനലിന്റെ നീക്കം. പുതിയ സംവിധായകനെ പകരം നിയോഗിച്ചുവെങ്കിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ചാനല്‍ അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് രംഗത്ത് വന്നിരുന്നു. മുന്‍ വൈരാഗ്യം വച്ചു തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ കാരണം കൂടാതെ സീരിയലില്‍ നിന്നു നീക്കം ചെയ്‌തെന്നുമായിരുന്നു ആരോപണം. മുന്‍പ് തന്നോട് മോശമായി പെരുമാറിയത് എതിര്‍ത്തതാണ് സംവിധായകന്‍ പകയോടെ പെരുമാറാന്‍ കാരണമെന്നും നിഷ വെളിപ്പെടുത്തിയിരുന്നു.
നിഷയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് താരത്തിന് പിന്തുണയുമായി സിനിമാ താരസംഘടനയായ അമ്മ, മിനിസ്‌ക്രീന്‍ താരങ്ങളുടെ സംഘടനയായ ആത്മ, മലയാള സിനിമയിലെ വനിത കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കളക്ടീവ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ പ്രതികരണവുമായി ചാനല്‍ രംഗത്തെത്തി. നിഷ തന്നെ സീരിയലില്‍ തുടരുമെന്നും സീരിയലില്‍ നിന്ന് മാറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ചാനല്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചുവെങ്കിലും സംവിധായകനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം പറഞ്ഞിരുന്നില്ല.
എന്നാല്‍ സംവിധായകനെ മാറ്റാമെന്ന ഉറപ്പിന്റെ പുറത്താണ് താന്‍ സീരിയലില്‍ തുടരാമെന്ന് സമ്മതിച്ചതെന്നും മറിച്ച് സംഭവിച്ചാല്‍ താന്‍ സീരിയലില്‍ തുടരില്ലെന്നും നിഷ വ്യക്തമാക്കിയിരുന്നു. സീരിയലിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞേ താന്‍ ചിത്രീകരണത്തില്‍ പങ്കെടുക്കൂ എന്നും നിഷ പറഞ്ഞിരുന്നു. സംവിധായകനെ മാറ്റണമെന്ന ആവശ്യം പല ഭാഗത്തനിന്നും ഉയര്‍ന്നതോടെ ഉണ്ണികൃഷ്ണനെതിരെ നടപടി സ്വീകരിക്കാതെ രക്ഷയില്ലെന്നായി.
സീരയില്‍, സിനിമാതാരം രചന നാരായണന്‍കുട്ടിയും ഈ സംവിധായകനെതിരെ രംഗത്ത് വന്നിരുന്നു. മറ്റൊരു ചാനലിലെ ആക്ഷേപഹാസ്യ പരമ്പരയുടെ സംവിധായകനായിരുന്ന സമയത്താണ് രചനയും സംവിധായകനും തമ്മില്‍ പ്രശ്‌നമുണ്ടായത്. സിരീയലിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ സംവിധായകന് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായതായും അതിനാല്‍ പരമ്പരയുടെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടന്ന് സംവിധായകന്‍ വിളിച്ചു പറഞ്ഞതായും രചന വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates