ഭരണകൂട അനീതിക്കെതിരെ സഹപ്രവര്‍ത്തകരോട് കൂറ് പുലര്‍ത്തിയില്ല; യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രം: സനല്‍കുമാര്‍ ശശിധരന്‍

അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂവെന്ന് സനല്‍കുമാര്‍ ശശിധരന്‍ 
ഭരണകൂട അനീതിക്കെതിരെ സഹപ്രവര്‍ത്തകരോട് കൂറ് പുലര്‍ത്തിയില്ല; യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രം: സനല്‍കുമാര്‍ ശശിധരന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിവേചനപരമായി നല്‍കാനുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ തീരുമാനത്തിന് എതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ അഭിനന്ദിച്ചും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ യേശുദാസിനേയും ജയരാജിനേയും വിമര്‍ശിച്ചും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നാഷണല്‍ ഫിലിം അവാര്‍ഡ് വിവേചനപരമായി നല്‍കാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് ഒരു വലിയ സലാം. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അവരുടെ ചില്ലലമാരകളിലിരുന്ന് ഈ അവാര്‍ഡുകള്‍ അവരെയും അവരുടെ അവാര്‍ഡ് കൂമ്പാരങ്ങളെയും നിശ്ചയമായും ചോദ്യം ചെയ്യും. തൂക്കിവിറ്റാല്‍ ഒരുകിലോ അരിപോലും വാങ്ങാനുള്ള തുക കിട്ടാത്ത ലോഹക്കഷ്ണങ്ങളായി നിലപാടുകളില്ലാത്തവരുടെ അവാര്‍ഡുകള്‍ അധഃപതിക്കും-അദ്ദേഹം പറഞ്ഞു. 

സ്മൃതി ഇറാനിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാത്തവര്‍ക്കെതിരെ ജയരാജ് രംഗത്ത് വന്നിരുന്നു. ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ വലിയ അവസരമാണ് പുരസ്‌കാരതേജാക്കള്‍ നഷ്ടപ്പെടുത്തിയത്. ബഹിഷ്‌കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കാന്‍ തയ്യാറാവണമെന്നും ജയരാജ് പറഞ്ഞിരുന്നു. 

അവസാന നിമിഷം കേന്ദ്രസര്‍ക്കാര്‍ കാണിച്ച നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.സര്‍ക്കാര്‍ കാണിച്ചത് അല്‍പ്പത്തരമാണെന്നും രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങുക എന്നത് പുരസ്‌കാര ജേതാക്കളുടെ അവകാശമാണെന്ന് സംസ്ഥാന സാംസ്‌കാരിക മന്ത്രി എകെ ബാലനും അഭിപ്രായപ്പെട്ടിരുന്നു

മലയാളത്തില്‍ നിന്ന് ജയരാജും, യേശുദാസും, നിഖില്‍ എസ് പ്രവീണും നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച സന്ദീപ് പാമ്പള്ളിയും മാത്രമാണ് അവാര്‍ഡ് വാങ്ങിയത്. 

രാഷ്ട്രപതിയല്ല പുരസ്‌കാരം നല്‍കുന്നതെങ്കില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നു വ്യക്തമാക്കുന്ന കത്തില്‍ ഒപ്പിട്ട ശേഷം ചടങ്ങില്‍ പങ്കെടുത്ത യേശുദാസിനെ വിമര്‍ശിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കത്ത് യേശുദാസിനെ വായിച്ചുകേള്‍പ്പിച്ചിരുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. 

രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുന്നത് എന്നാണ് എല്ലാവരെയും അറിയിച്ചിരുന്നത് എന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. പെട്ടെന്ന് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. ഇത് എന്തുകൊണ്ടെന്നതിന് വിശദീകരണമൊന്നും ആരും നല്‍കിയിട്ടില്ല. രാഷ്ട്രത്തിന്റെ പ്രഥമ പൗരനില്‍നിന്ന് പുരസ്‌കാരം സ്വീകരിക്കുക എന്നത് ബഹുമതിയാണ്. ആ കീഴ് വഴക്കമാണ് ഇല്ലാതാവുന്നത്. ഇപ്പോള്‍ ഇതിനു വഴങ്ങിയാല്‍ ഇതൊരു കീഴ് വഴക്കമായി മാറും. ഇനിയും പുരസ്‌കാരങ്ങള്‍ ലഭിക്കാനുള്ള വരാനുള്ള തലമുറയ്ക്കായുള്ള പ്രതിഷേധം കൂടിയാണ് ഇതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

പുരസ്‌കാരം നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി വിവിധഭാഷകളിലായി അറുപത്തിയാറോളം സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങു ബഹിഷ്‌കരിച്ചു. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിന്റെ നേതൃത്വത്തില്‍ നടന്ന  ചര്‍ച്ചയിലും സ്മൃതി ഇറാനി നിലപാട് മയപ്പെടുത്താതിരുന്ന സാഹചര്യത്തിലാണ് പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com