ആ തെറിവിളിയും ആക്രോശവും ചോദിച്ചുവാങ്ങിയത് ; വെറുപ്പും കോപവും അവാര്‍ഡ് ; 'രാക്ഷസ'നായ 'അധ്യാപകന്‍' പറയുന്നു

ചോദിച്ചു വാങ്ങിച്ച കഥാപാത്രം പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടി ഏറ്റെടുത്തതിന്റെ ആഹ്ലാദത്തിലാണ് നടന്‍ വിനോദ് സാഗര്‍
ആ തെറിവിളിയും ആക്രോശവും ചോദിച്ചുവാങ്ങിയത് ; വെറുപ്പും കോപവും അവാര്‍ഡ് ; 'രാക്ഷസ'നായ 'അധ്യാപകന്‍' പറയുന്നു

ചെന്നൈ : ചോദിച്ചു വാങ്ങിച്ച കഥാപാത്രം പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടി ഏറ്റെടുത്തതിന്റെ ആഹ്ലാദത്തിലാണ് നടന്‍ വിനോദ് സാഗര്‍. തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ വെറുപ്പോടെയും കോപത്തോടെയും നോക്കുമ്പോള്‍, അത് തനിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ് ആണെന്നാണ് നടന്റെ വിലയിരുത്തല്‍. തമിഴകത്തും കേരളത്തിലും വന്‍ ജനപ്രീതി നേടി ബോക്‌സ്ഓഫീസില്‍ വന്‍ കുതിപ്പ് തുടരുന്ന രാക്ഷസന്‍ സിനിമയിലെ ഇമ്പരാജ് എന്ന അധ്യാപകന് വെള്ളിത്തിരയില്‍ വേഷപ്പകര്‍ച്ച നല്‍കിയത് വിനോദ് സാഗറാണ്. 

രാക്ഷസന്‍ എന്ന സിനിമ കണ്ടവരാരും ഇമ്പരാജ് എന്ന അധ്യാപകനെ മറക്കില്ല.  സിനിമയിലെ യഥാര്‍ഥ വില്ലനേക്കാള്‍ ദേഷ്യവും പേടിയും വെറുപ്പും പ്രേക്ഷകര്‍ക്കു തോന്നിയത് ഈ കഥാപാത്രത്തോടാണ്. തിയറ്ററില്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ ആള്‍ക്കാര്‍ തല്ലെടാ ചവിട്ടെടാ എന്നൊക്കെ ആക്രോശിച്ചു. അതു കേട്ടപ്പോള്‍ ഒരുപാടു സന്തോഷം തോന്നിയെന്ന് വിനോദ് സാഗര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സത്യത്തില്‍ ആ ആക്രോശം കേട്ടപ്പോഴാണ്, ചോദിച്ചു വാങ്ങിയതു പാളിയില്ലല്ലോ എന്നോര്‍ത്ത് സമാധാനമായത്. ഷൂട്ടിങ് സമയത്ത് ഞാന്‍ ചെയ്യുന്നത് ഇത്ര വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കുമെന്നു തോന്നിയിരുന്നില്ലെന്നും വിനോദ് സാഗര്‍ പറഞ്ഞു. ഇത്രയും ഭീകരമായ രംഗങ്ങളാണ് ചിത്രീകരിക്കുന്നതെന്ന് ഫീല്‍ ചെയ്തിരുന്നേയില്ല. രംഗങ്ങളെല്ലാം വളരെ കൂള്‍ ആയിട്ടാണ് ചെയ്തതെന്നും വിനോദ് സാഗര്‍ അഭിപ്രായപ്പെട്ടു. 

സംവിധായകന്‍ രാം കുമാറിന്റെ രണ്ടാമത്തെ ചിത്രമാണ് രാക്ഷസന്‍. അതിലെ അധ്യാപക വേഷത്തിലേക്ക് തമിഴിലെ ഒരു പ്രമുഖ നടനെയാണ് സംവിധായകന്‍ മനസ്സില്‍ കരുതിയിരുന്നത്. അദ്ദേഹം മനസ്സില്‍ കരുതിയ നടന് വരാന്‍ പറ്റാതായതോടെ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. എന്നെ ഏല്‍പ്പിക്കുക എന്നതിനേക്കാള്‍, താന്‍ ചോദിച്ചു വാങ്ങുകയായിരുന്നു എന്ന് വിനോദ് സാഗര്‍ പറഞ്ഞു. പക്ഷേ ഈ വേഷം എന്നെ ഏല്‍പ്പിക്കാന്‍ അദ്ദേഹത്തിനും ആദ്യം അത്ര വിശ്വാസമുണ്ടായിരുന്നില്ല. 

ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനും സംശയമായിരുന്നു ഇത്രയും ഹെവി ആയൊരു വേഷം എന്നെക്കൊണ്ടു ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോയെന്ന്. താടിയൊക്കെ വച്ച് ഒരു ഗുണ്ടാ ലുക്കായിരുന്നു തന്റേത്. അധ്യാപകന്റേതായ യാതൊരു ഛായയും ഉണ്ടായിരുന്നില്ല. പിന്നെ അതൊക്കെ കളഞ്ഞ് കുറച്ച് ലൂസ് ആയ ഷര്‍ട്ടും കണ്ണടയുമൊക്കെ വച്ചപ്പോള്‍ സംഗതി ഏറ്റു. സ്‌ക്രീന്‍ ടെസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അവര്‍ ഓക്കെ പറഞ്ഞത്. പ്രിവ്യു കഴിഞ്ഞപ്പോഴേ വേഷം ശ്രദ്ധിക്കപ്പെടും എന്ന് എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ അത് തമിഴ്‌നാട്ടില്‍ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്നാണ് വിചാരിച്ചിരുന്നത്. കേരളത്തില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചതേയില്ലെന്നും വിനോദ് സാഗര്‍ പറഞ്ഞു.

തമിഴകത്തെ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയ ഇദ്ദേഹം മലയാളിയാണ്. അച്ഛന്റെ നാട് കൊല്ലത്തും അമ്മയുടെ നാട് ഒറ്റപ്പാലത്തുമാണെന്ന് വിനോദ് പറഞ്ഞു. രണ്ടിടത്തും പോയിട്ടില്ല. രണ്ടു മൂന്നു തലമുറകളായി തമിഴ്‌നാട്ടില്‍ തന്നെയാണ്. അച്ഛന്‍ ആനന്ദന്‍ ജ്യോത്സ്യന്‍ ആയിരുന്നു. അമ്മ രമണി, ഒരു അനുജനുണ്ട്. ഭാര്യ പ്രജിഷ കോഴിക്കോട്ടുകാരിയാണ്. മലയാളത്തില്‍ മോഹന്‍ലാലിനെയാണ് ഏറെ ഇഷ്ടം. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും വിനോദ് സാഗര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com