സഹപ്രവര്‍ത്തകരോട് ഇടപെട്ടിരുന്നത് വേര്‍തിരിവില്ലാതെ, എനിക്ക് ദുരുദ്ദേശങ്ങളില്ല: അലന്‍സിയര്‍ 

താന്‍ ഒരു കലാകാരനാണെന്നും തന്റെ ഉള്ളിലെ അഭിനേതാവിനെ ചങ്ങലയ്ക്കിടാന്‍ ആര്‍ക്കും കഴിയില്ലെന്നും അലന്‍സിയര്‍
സഹപ്രവര്‍ത്തകരോട് ഇടപെട്ടിരുന്നത് വേര്‍തിരിവില്ലാതെ, എനിക്ക് ദുരുദ്ദേശങ്ങളില്ല: അലന്‍സിയര്‍ 

മീ ടു വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് നടന്‍ അലന്‍സിയര്‍ ലോപസ്. സഹപ്രവര്‍ത്തകരെ വേര്‍തിരിവുകള്‍ ഇല്ലാതെയാണ് താന്‍ കണ്ടിരുന്നതെന്നും ദുരുദ്ദേശത്തോടെയല്ല അവരോട് ഇടപെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് കുറ്റബോധമില്ല, ആരോടും പകയുമില്ല. എന്റെ കുടുംബം ഇപ്പോഴും എനിക്കൊപ്പമുണ്ട്. സംഭവിച്ചുപോയ പിഴവുകള്‍ ഞാന്‍ തിരുത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുമുണ്ട്, അലന്‍സിയര്‍ തുറന്നുപറയുന്നു. 

നടി ദിവ്യ ഗോപിനാഥാണ് അലന്‍സിയറിനെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. നടിയെ പിന്തുണച്ച് സിനിമയില്‍ പ്രവര്‍ത്തിച്ച കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ മാപ്പ് പറയുകയായിരുന്നു അലന്‍സിയര്‍. 

'സഹപ്രവര്‍ത്തകരോട് ഞാന്‍ ഇടപെട്ടിരുന്നത് ലിംഗ വേര്‍തിരിവ് കാണിക്കാതെയാണ്. ആ നടിയോടും അങ്ങനെതന്നെയായിരുന്നു. എന്നാല്‍ അവര്‍ അതില്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് മനസിലാക്കിയപ്പോള്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിച്ചതാണ്. പിന്നീടും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. 'ആഭാസ'ത്തിന്റെ പ്രമോഷണ്‍ കാര്യങ്ങള്‍ക്ക് ഒന്നിച്ച് പോയിട്ടുമുണ്ട്. എന്നിട്ടും ഒന്നര വര്‍ഷത്തിന് ശേഷം ഇക്കാര്യം ഉന്നയിച്ചപ്പോള്‍ എനിക്ക് ഞെട്ടലാണുണ്ടായത്. ഇതിന്റെ പിന്നിലെ ഉദ്ദേശമെന്താണെന്ന് സംശയമുണ്ട്', അലന്‍സിയര്‍ പറഞ്ഞു. 

താന്‍ ഒരു കലാകാരനാണെന്നും തന്റെ ഉള്ളിലെ അഭിനേതാവിനെ ചങ്ങലയ്ക്കിടാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ള പല കാര്യങ്ങളോടും ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അത് പലര്‍ക്കും ഇഷ്ടമല്ലായിരുന്നു. പക്ഷെ അതൊന്നും വ്യക്തിപരമല്ലായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റേതായ രീതിയില്‍ ഇനിയും മുന്നോട്ടുപോകുമെന്നും വളരെ തിരക്കിലാണെന്നും അലന്‍സിയര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com