നടി ശരണ്യയുടെ നിലയില്‍ നേരിയ പുരോഗതി; പ്രതീക്ഷയോടെ സുഹൃത്തുക്കള്‍

കാലില്‍ സ്പര്‍ശിക്കുന്നത് അറിയുന്നതുകൊണ്ട് അവളെ നടത്തിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍
നടി ശരണ്യയുടെ നിലയില്‍ നേരിയ പുരോഗതി; പ്രതീക്ഷയോടെ സുഹൃത്തുക്കള്‍

സിനിമാ -  സീരിയല്‍ നടി ശരണ്യ ശശിയുടെ രോഗവിവരങ്ങള്‍ വേദനയോടെയാണ് മലയാളികള്‍ കേട്ടത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഏഴാമത്തെ തവണയും ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്ന കാര്യം സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലാക്കാരനാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞെന്നും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

' ശരണ്യയുടെ ഓപ്പറേഷന്‍ കഴിഞ്ഞു. വലതുകാലില്‍ ഇപ്പോള്‍ തൊട്ടാല്‍ അറിയുന്നുണ്ട്. പക്ഷേ സ്വയം കാല്‍ അനക്കാന്‍ അവള്‍ക്ക് സാധിക്കുന്നില്ല. കാലില്‍ സ്പര്‍ശിക്കുന്നത് അറിയുന്നതുകൊണ്ട് അവളെ നടത്തിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. ആറു വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ സര്‍ജറിയാണ്. ഇങ്ങനെ തുടര്‍ച്ചയായി വരുന്നത് തന്നെ അപൂര്‍വ്വമായ കേസാണ്. അവളായിരുന്നു അവരുടെ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്. ശരണ്യയുടെ മനകരുത്തു കൊണ്ട് മാത്രമാണ് അവള്‍ ഇത്രയും അതിജീവിച്ചത്,' ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായര്‍ പറഞ്ഞു.

'രണ്ടു ലക്ഷം രൂപയോളം സര്‍ജറിയ്ക്ക് ചെലവു വന്നു. മുന്നോട്ടുള്ള ചികിത്സ, മറ്റു ആശുപത്രി ചെലവുകള്‍ എല്ലാറ്റിനും ഇനിയും പണം കണ്ടെത്തണം. സ്വന്തമായോ വീടോ ബാങ്ക് ബാലന്‍സോ ഒന്നുമില്ല അവള്‍ക്ക്. വാടക വീട്ടിലാണ് താമസം. അവള്‍ക്കൊരു വീടുണ്ടായി കാണാനുള്ള ആഗ്രഹത്തിലാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍,' സീമ ജി നായര്‍ പറയുന്നു.

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ വന്നത്. സഹപ്രവര്‍ത്തകരുടെ സഹായം കൊണ്ടാണ് ഇത്രനാളും ചികിത്സ മുന്നോട്ടു പോയത്. ചികിത്സ മുന്നോട്ടു കൊണ്ടുപോവാന്‍ സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് സുഹൃത്തുക്കള്‍ ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com