മമ്മൂട്ടിയും കമല്‍ഹാസനും ജഗതിയും സേതുമാധവന്റെ സമ്മാനങ്ങള്‍; സാഹിത്യത്തെ സ്‌നേഹിച്ച സംവിധായകന് വിട

മലയാളത്തിലെ പ്രശസ്ത സാഹിത്യകൃതികളെ ആസ്പദമാക്കിയുള്ളതായിരുന്നു
കെഎസ് സേതുമാധവന്‍/ ചിത്രം: ഫേസ്ബുക്ക്
കെഎസ് സേതുമാധവന്‍/ ചിത്രം: ഫേസ്ബുക്ക്
Updated on
2 min read


35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍, നാലു ഭാഷകളിലായി 65 സിനിമകള്‍. 10 ദേശിയ പുരസ്‌കാരങ്ങള്‍, ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍. മലയാളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റെ പേര് ആഴത്തില്‍ പതിപ്പിച്ചാണ് കെഎസ് സേതുമാധവന്‍ എന്ന വിഖ്യാത സംവിധായകന്‍ വിടപറയുന്നത്. 

സേതുമാധവന്റെ സിനിമകളും മലയാള സാഹിത്യവും

1960 കളിലും 70കളിലുമായി നിരവധി മികച്ച സിനിമകളാണ് സേതുമാധവന്‍ സംവിധാനം ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും മലയാളത്തിലെ പ്രശസ്ത സാഹിത്യകൃതികളെ ആസ്പദമാക്കിയുള്ളതായിരുന്നു. ഓടയില്‍നിന്ന്, യക്ഷി, ചട്ടക്കാരി, ഓപ്പോള്‍, പണിതീരാത്ത വീട് തുടങ്ങിയ സിനിമകളെല്ലാം സാഹിത്യത്തില്‍ നിന്ന് എത്തിയവയാണ്. 

1951ല്‍ കെ രാംനാഥിന്റെ സഹ സംവിധായകനായാണ് സേതുമാധവന്റെ സിനിമാപ്രവേശനം. തുടര്‍ന്ന് നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1960ല്‍ സിംഹള ചിത്രമായ വീരവിജയത്തിലൂടെ സ്വതന്ത്ര സംവിധായകനായി. അസോഷ്യേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടി.ഇ. വാസുദേവന്‍ 1961ല്‍ നിമിച്ച ജ്ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം. മുട്ടത്തു വര്‍ക്കിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരിക്കിയത്. വിവിധ ഭാഷകളില്‍ നിന്നായി 65 സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. എംടിയുടെ തിരക്കഥയില്‍ ഒരുക്കിയ വേനല്‍ക്കിനാവുകള്‍ (1991) ആണ് അവസാന മലയാളി ചിത്രം. 

10 ദേശിയ പുരസ്‌കാരങ്ങള്‍

1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് ആദ്യത്തെ ദേശിയ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച ചിത്രത്തിനായിരുന്നു പുരസ്‌കാരം. അതിനു ശേഷം അടിമകള്‍, കരകാണാകടല്‍, പണിതീരാത്ത വീട്, അച്ഛനും ബാപ്പയും എന്നീ മലയാള സിനിമകള്‍ കൂടി മികച്ച ദേശിയ പുരസ്‌കാരം നേടി. അദ്ദേഹത്തിന്റെ മറുപക്കം എന്ന സിനിമയും മികച്ച ദേശിയ പുരസ്‌കാരം സ്വന്തമാക്കി. തമിഴ് സിനിമാ മേഖലയ്ക്ക് ആദ്യമായി ദേശിയ പുരസ്‌കാരം നേടിക്കൊടുക്കുന്നത് അദ്ദേഹമാണ്. 1995ല്‍ അദ്ദേഹം അവസാനം സംവിധാനം ചെയ്ത സ്ത്രീയ്ക്കും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി. നാല് തവണയാണ് സേതുമാധവന് മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് അര്‍ഹനായത്. 2009ല്‍ അദ്ദേഹത്തിന് ജെസി ഡാനിയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 

സേതുമാധവന്‍ സമ്മാനിച്ച നടന്മാര്‍

മികച്ച സിനിമകള്‍ക്കൊപ്പം മമ്മൂട്ടി ഉള്‍പ്പടെയുള്ള നിരവധി മികച്ച അഭിനേതാക്കളെയും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. മമ്മൂട്ടിയുടെ മുഖം ആദ്യമായി കാമറയില്‍ പതിയുന്നത് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ്. കൂടാതെ കമല്‍ ഹാസനെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കുന്നതും  സേതുമാധവനാണ്. 'കണ്ണൂം കരളി'ലൂടെ സത്യന്റെ മകന്റെ വേഷത്തിലാണ്  എത്തിയത്. പിന്നീട് നായകനായി കമല്‍ഹാസന്‍ മലയാളത്തിലേക്ക് കൊണ്ടുവരുന്നതും അദ്ദേഹം തന്നെയാണ്. കന്യാകുമാരി എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ആ ചിത്രത്തിലൂടെ തന്നെയാണ് ജഗതി ശ്രീകുമാറും സിനിമയിലേക്ക് എത്തുന്നത്. ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയും ബാലതാരമായി സിനിമയിലെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com