'23 വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു വിവാഹം, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി'; ആൻ അഗസ്റ്റിൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th October 2021 10:32 AM |
Last Updated: 15th October 2021 10:32 AM | A+A A- |

ചിത്രം: ഇൻസ്റ്റഗ്രാം
എല്‍സമ്മയെന്ന ആണ്‍കുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. തുടർന്ന് വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും ഇന്നും താരത്തിന് ആരാധകർ ഏറെയാണ്. ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹബന്ധം കുറച്ചുനാളുകൾക്കു മുൻപാണ് താരം വേർപെടുത്തിയത്. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ആൻ.
ഇരുപത്തി മൂന്ന് വയസുള്ള ഒരു കുട്ടിയുടെ പെട്ടന്നെടുത്ത തീരുമാനം മാത്രമായിരുന്നു വിവാഹം എന്നാണ് ആന്‍ പറയുന്നത്. ‘ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്.‘- ആൻ പറഞ്ഞു.
എന്നാൽ ഒരു ദിവസം ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ലെന്ന് ആൻ മനസിലാക്കുകയായിരുന്നു. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന താരത്തിന്റെ ആഗ്രഹത്തിന്റെ പുറത്താണ് ബെംഗളൂരുവിലേക്ക് പോരുന്നത്. മിരമാർ തുടങ്ങുന്നത് അങ്ങനെയാണ്. പ്രൊഡക്‌ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു.ഒരുപാട് അദ്ധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുകയാണെന്നും വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
ആൻ അഗസ്റ്റിൻ വീണ്ടും അഭിനയത്തിലേക്ക്
2014ലാണ് ജോമോൻ ടി ജോണും ആൻ അഗസ്റ്റിനും വിവാഹിതരാവുന്നത്. രണ്ടു വർഷത്തെ പ്രണയത്തിന് പിന്നാലെയായിരുന്നു വിവാഹം. 3 വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത ആൻ ഇടയ്ക്ക് നീന, സോളോ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരികയാണ് താരം. ജയസൂര്യ നായകനാകുന്ന അനശ്വരനടൻ സത്യന്റെ ബയോപിക് പ്രോജക്ടിലും താരം അഭിനയിക്കുന്നുണ്ട്.