മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും നേടി
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

തിരുവനന്തപുരം:  51ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു. വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം. അന്ന ബെന്നിന് മികച്ച നടിയായി തെരഞ്ഞെടുത്തു. കപ്പേളയിലെ അഭിനയത്തിനാണ് അംഗീകാരം. എന്നിവര്‍ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകനായി. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. 

അയ്യപ്പനും കോശിയും ജനപ്രിയചിത്രം

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും നേടി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലൂടെ ജിയോ ബേബിക്കു ലഭിച്ചു. കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ നവാഗത സംവിധായകനായി.

തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ ചിത്രം. ചിത്രത്തിന്റെ കഥയെഴുതിയ സെന്ന ഹെ​ഗ്ഡെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. കയറ്റത്തിന്റെ ഛായാഗ്രഹണത്തിന് ചന്ദു ശെല്‍വരാജും അവാര്‍ഡിന് അര്‍ഹനായി. മികച്ച ചിത്രസംയോജകനുള്ള പുരസ്കാരം മഹേഷ് നാരായണനും മികച്ച കലാസംവിധാനുള്ള പുരസ്കാരം സന്തോഷ് ജോണും നേടി. റഷീദ് അഹമ്മദാണ് മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്.

സുധീഷ് സ്വഭാവനടൻ

മികച്ച കുട്ടികളുടെ ചിത്രമായി ടോണി സുകുമാര്‍ സംവിധാനം ചെയ്ത ബൊണാമി തെരഞ്ഞെടുത്തു. നിരഞ്ജന്‍ എസ്, അരവ്യ ശര്‍മ (പ്യാലി) എന്നിവര്‍ മികച്ച ബാലതാരങ്ങളായി. വെയില്‍ സിനിമയിലെ പ്രകടനത്തിന് ശ്രീലേഖയാണ് മികച്ച സ്വഭാവനടി. സുധീഷിനെ (എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം) മികച്ച സ്വഭാവ നടനായി തെരഞ്ഞെടുത്തു. 

ഹലാല്‍ ലവ് സ്‌റ്റോറി, വെള്ളം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ഷഹബാസ് അമന്‍ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. സൂഫിയും സൂജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ നിത്യ മാമ്മന്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച സംഗീതസംവിധായകനായി എം.ജയചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്‍വര്‍ അലിയാണ് മികച്ച ഗാനരചയിതാവ്. 

പ്രത്യേക ജൂറി അവാർഡ് നഞ്ചിയമ്മയ്ക്ക്

മൂന്ന് പ്രത്യേക ജൂറി അവാര്‍ഡുകളും പ്രഖ്യാപിച്ചു. ഭാരതപ്പുഴയിലെ അഭിനയത്തിന് സിജി പ്രദീപിനാണ് അവാര്‍ഡ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്നുതുടങ്ങുന്ന ഗാനം ആലപിച്ച നാഞ്ചിയമ്മയും അവാര്‍ഡ് കരസ്ഥമാക്കി. ഭാരതപ്പുഴയില്‍ വസ്ത്രാലങ്കാരത്തിന് നളിനി ജമീലയും അവാര്‍ഡിന് അര്‍ഹയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com