അച്ഛന്റെ കൈപിടിച്ച് സിനിമയിലെത്തി, ആരാധകരുടെ അപ്പുവായി; പവര്‍സ്റ്റാറായി മടക്കം

1976 ല്‍ റിലീസ് ചെയ്ത പ്രേമധ കനികെ ആയിരുന്നു ആദ്യ ചിത്രം. അന്ന് ഒരു വയസുമാത്രമായിരുന്നു പ്രായം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്


പുനീത് പിറന്നു വീണതു തന്നെ സിനിമയിലേക്കാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ അച്ഛനൊപ്പമാണ് ആദ്യമായി ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. 1976 ല്‍ റിലീസ് ചെയ്ത പ്രേമധ കനികെ ആയിരുന്നു ആദ്യ ചിത്രം. അന്ന് ഒരു വയസുമാത്രമായിരുന്നു പ്രായം. പുനീതിന്റെ ബാല്യവും കൗമാരവുമെല്ലാം കന്നഡ ആരാധകരുടെ മുന്നിലായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് അലറിക്കരയുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ മാത്രം മതി അപ്പു അവര്‍ക്ക് ആരായിരുന്നു എന്ന് മനസിലാക്കാന്‍. 

മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്‌കാരം

1975 മാര്‍ച്ച് 17നാണ് കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റേയും പര്‍വതമ്മയുടേയും മകനായി ജനിക്കുന്നത്. അച്ഛനൊപ്പം കുഞ്ഞിലെ സിനിമയിലെത്തിയ പുനീത് നിരവധി സിനിമകളിലാണ് ബാലതാരമായി അഭിനയിച്ചത്. മികച്ച അഭിനേതാവ് എന്ന നിലയില്‍ കുട്ടിക്കാലത്തു തന്നെ കഴിവു തെളിയാക്കാന്‍ പുനീതിന് ആയി. ചലിസുവ മൊഡഗലു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്‌കാരംനേടി. 

സൂപ്പര്‍ഹിറ്റായ അപ്പു

ബാലതാരമായി നിറഞ്ഞു നിന്ന പുനീത് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത് 2002 ല്‍ പുറത്തിറങ്ങിയ 'അപ്പു' എന്ന സിനിമയിലൂടെയാണ്. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ അപ്പു എന്ന പേരും ആരാധകര്‍ ഏറ്റെടുത്തു. അങ്ങനെ പുനീത് ആരാധകരുടെ പ്രിയപ്പെട്ട അപ്പുവായി. അതിനു പിന്നാലെ അഭി, വീര കന്നഡിക, അരസ്, രാജ്, ജാക്കി, അന്ന ബൊണ്ട് തുടങ്ങിയ സിനിമകളിലൂടെ പുനീത് കന്നഡ ഇന്റസ്ട്രിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 

ഹുഡുഗരു എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ യുവാക്കളുടെ പ്രിയപ്പെട്ടതാരമായി അപ്പു മാറി. പിന്നീടുള്ള അദ്ദേഹത്തിന്റെ മാസ് എന്റര്‍ടെയ്‌നറുകളാണ് പവര്‍സ്റ്റാര്‍ എന്ന സ്ഥാനം അദ്ദേഹത്തിന് നേടിക്കൊടുക്കുന്നത്. സന്തോഷ് ആനന്ദത്തിനോട് ചേര്‍ന്നുള്ള സിനിമകളാണ് പുനീതിന് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നത്. 2017 ല്‍ പുറത്തിറങ്ങിയ രാജകുമാര്‍  കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നു. അതിനു പിന്നാലെ രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള അഞ്ജാലി പുത്രയും മികച്ച വിജയമായി മാറി. ഇതിനോടകം 29 സിനിമകളിലാണ് നായകനായി പുനീത് അഭിനയിച്ചിട്ടുള്ളത്. 

സന്തോഷ് ആനന്ദം സംവിധാനം ചെയ്ത യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജയിംസ് എന്ന സിനിമയുടെ ഷൂട്ടിങ്ങും അടുത്തിടെ പൂർത്തിയാക്കിയിരുന്നു. മോഹൻലാൽ അഭിനയിച്ച കന്നഡ ചിത്രം മൈത്രിയിലും പുനീതായിരുന്നു നായകനായി എത്തിയത്. അശ്വനി രേവന്താണ് താരത്തിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com