രാജമൗലിയുമായി പിണങ്ങി, ആർആർആർ ചിത്രങ്ങൾ നീക്കം ചെയ്തു; പ്രതികരണവുമായി ആലിയ ഭട്ട്

ആലിയയുടെ കഥാപാത്രത്തിന്റെ ഏതാനും രംഗങ്ങള്‍ നീക്കം ചെയ്തുവെന്നും അതില്‍ നടി അസംതൃപ്തയാണെന്നുമായിരുന്നു അഭ്യൂഹങ്ങള്‍
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജൂനിയർ എൻടിആറും റാം ചരണും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ആലിയ ഭട്ടാണ് നായികയായി എത്തിയത്. സീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആർആർആർ ടീമുമായി ആലിയ തെറ്റി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

തന്റെ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് ആർആർആർ ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ചിത്രങ്ങളും ആലിയ നീക്കം ചെയ്തതോടെയാണ് ഇത്തരത്തിലുള്ള പ്രചാരണം ശക്തമായത്. ആലിയയുടെ കഥാപാത്രത്തിന്റെ ഏതാനും രംഗങ്ങള്‍ നീക്കം ചെയ്തുവെന്നും അതില്‍ നടി അസംതൃപ്തയാണെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. രൗജമൗലിയുമായി തെറ്റിയെന്നും പ്രചരണമുണ്ടായിരുന്നു. ഇപ്പോൾ പ്രചാരണങ്ങളോട് പ്രതികരിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ആലിയ. താൻ കേട്ടതിൽ ഏറ്റവും വിചിത്രമാണ് വാർത്തയാണ് അതെന്നാണ് ആലിയ പറഞ്ഞത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡീ ക്ലട്ടര്‍ ചെയ്യാന്‍ വേണ്ടിയാണ് ചിത്രങ്ങൾ നീക്കിയതെന്നും ആർആർആറിന്റെ ഭാ​ഗമായതിൽ അഭിമാനിക്കുന്നു എന്നുമാണ് ആലിയ പറഞ്ഞത്. 

"ഇന്ന് ഞാന്‍ കേട്ടതില്‍ ഏറ്റവും വിചിത്രമായ സംഭവം എന്തെന്നാല്‍ ആര്‍.ആര്‍.ആര്‍ ടീമുമായി ഞാന്‍ അസ്വാരസ്യത്തില്‍ ആണെന്നും അതിനാല്‍ ഇന്‍സ്റ്റാപോസ്റ്റുകള്‍ നീക്കം ചെയ്തുവെന്നുമാണ്. എന്തെങ്കിലും കേട്ട് ഊഹാപോഹങ്ങള്‍ പടച്ചുവിടരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു. പഴയ വിഡിയോകൾ എപ്പോഴും ഞാൻ നീക്കം ചെയ്യാറുണ്ട്. അത്  ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡീ ക്ലട്ടര്‍ ചെയ്യാന്‍ വേണ്ടിയാണ്. ആര്‍ആര്‍ആറിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. സീതയായതിലും രൗജമൗലി സാറിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിലും ഞാന്‍ കൃതാര്‍ത്ഥയാണ്. രാംചരണിനും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷം. ഈ സിനിമയുടെ ഒരോ നിമിഷങ്ങളും ഞാന്‍ വളരെയേറെ ആസ്വദിച്ചു. വിശദീകരണവുമായി രംഗത്ത് വരാന്‍ കാരണം. രൗജമൗലി സാറും ആ ടീമും വര്‍ഷങ്ങളെടുത്ത് അദ്ദേഹത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ സമര്‍പ്പിച്ച് ഒരുക്കിയ മനോഹരമായ ഒരു ചിത്രമാണിത്. സിനിമയെക്കുറിച്ച് യാതൊരു വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് അനുവദിക്കാനാകില്ല"- ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി ആലിയ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com