കറുപ്പ് മാറ്റി മഞ്ഞ നിറം നൽകി, ഇലക്ട്രിക് മിനി കൂപ്പർ സ്വന്തമാക്കി മഞ്ജു വാര്യർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2022 12:07 PM |
Last Updated: 01st April 2022 12:15 PM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
ഇലക്ട്രിക് കാർ സ്വന്തമാക്കി നടി മഞ്ജു വാര്യർ. ഇലക്ട്രോണിക് കാറായ മിനികൂപ്പർ എസ്ഇ മോഡലാണ് താരം വാങ്ങിയത്. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. താരത്തിന്റെ പുത്തൻ വണ്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മഞ്ഞയും കറുപ്പും നിറത്തിലുള്ള സുന്ദരൻ വണ്ടിയാണ് മഞ്ജു ഗാരേജിലേക്ക് ചേർത്തത്. കറുപ്പ് കാറിൽ താരത്തിന്റെ താൽപ്പര്യ പ്രകാരം മഞ്ഞ നിറം നൽകുകയായിരുന്നു. പോർഷെ കാറുകളെ അനുസ്മരിപ്പിക്കുന്ന റേസിങ് യെല്ലോ നിറമാണ് വാഹനത്തിന്. കൂടാതെ ബോണറ്റിൽ പിയാനോ ബ്ലാക് സ്റ്റൈപ്സും സിറാമിക് കോട്ടിങ്ങും നൽകിയിട്ടുണ്ട്. കൊച്ചിയിലെ കാൽഗറി എന്ന ഡീറ്റൈയ്‌ലിങ് സ്ഥാപനമാണ് മിനിക്ക് നിറം മാറ്റി നിൽകിയത്.
ഏകദേശം 52 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. മലയാള സിനിമാ ലോകത്തെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ഇത്. മിനി കൂപ്പർ കൂടാതെ ലാൻഡ് റോവർ വേളാറും താരത്തിന്റെ ഗാരിജിലുണ്ട്. മൂന്നാം തലമുറ മിനി ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാറാണ് മിനി കൂപ്പർ എസ്‍ഇ. ഒറ്റ ചാർജിൽ 235 മുതൽ 270 കിലോമീറ്റർ വരെ പിന്നിടാൻ മിനി കൂപ്പർ എസ് ഇക്കാവുമെന്നാണു ബി എം ഡബ്ല്യുവിന്റെ വാഗ്ദാനം. പരമാവധി 184 എച്ച് പി(അഥവാ 135 kകിലോ വാട്ട്) വരെ കരുത്തും 270 എൻ എം ടോർക്കുമാണ് കാറിലെ വൈദ്യുത മോട്ടോർ സൃഷ്ടിക്കുക. മണിക്കൂറിൽ 150 കിലോമീറ്റർ വരെയാണു കാറിന്റെ പരമാവധി വേഗം. 7.3 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാനും ഈ മിനിക്കാവും. നോർമൽ ചാർജിങ് മോഡിൽ മൂന്നര മണിക്കൂറിൽ വാഹനം ഫുൾ ചാർജാകും. ഡിസി ഫാസ്റ്റ് ചാർജർ വഴി 35 മിനിറ്റിൽ ബാറ്ററി 80% ചാർജ് ചെയ്യാം.