വഴിയിൽ കുഴിയുണ്ടെന്ന് പോസ്റ്റർ, ബഹിഷ്കരണ ആഹ്വാനവുമായി ഒരു വിഭാ​ഗം; രാഷ്ട്രീയ വിവാദത്തിൽ ‘ന്നാ താൻ കേസു കൊട്’ 

‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകത്തിലാണ് പോസ്റ്റർ എത്തിയത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസു കൊട്. ഇന്ന് തിയറ്ററിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകത്തിലാണ് പോസ്റ്റർ എത്തിയത്. അതിനു പിന്നാലെ സർക്കാരിനെ പരിഹസിക്കുകയാണെന്ന ആരോപണവുമായി ഒരു വിഭാ​ഗം രം​ഗത്തെത്തിയിരിക്കുകയാണ്. 

ഇന്നലെയാണ് 'കുഴി' പോസ്റ്റർ ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതിനു പിന്നാലെ ഇന്നത്തെ പത്രങ്ങളിലും പരസ്യമായി എത്തി. ഇതോടെ രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ് ചിത്രം. കേരളത്തിലെ റോഡിലെ കുഴികൾ സംസ്ഥാന സർക്കാരിന്റേതാണോ അതോ കേന്ദ്ര സർക്കാരിന്റേതാണോ എന്ന ചർച്ച കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് കുഴിയുമായി ബന്ധപ്പെട്ട് മറ്റൊരു ചർച്ചകൂടി വരുന്നത്. 

അതിനിടെ ഇടത് പ്രൊഫൈലുകൾ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം മുഴക്കി കഴിഞ്ഞു. ചിത്രം ആദ്യ ദിവസം തന്നെ കാണാനിരുന്നതെന്നും വഴിയിൽ കുഴിയുള്ളതിനാൽ ഇനി പോകുന്നില്ല എന്നുമാണ് ചിലരുടെ കമന്റുകൾ. നിരവധി പേരാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ച പേജിനു താഴെ ബഹിഷ്കരണ ഭീഷണിയുമായി എത്തുന്നത്. എന്നാൽ കുഴിയുണ്ട് എന്നത് സത്യമാണെന്നും അതിന് ബഹിഷ്കരണ ആഹ്വാനം നടത്തുന്നത് എന്തിനാണ് എന്ന ചോദ്യവുമായി മറു വിഭാ​ഗവും എത്തി. ഇതോടെ ചർച്ചകൾ കൊഴുക്കുകയാണ്.  അതിനിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഇതുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രോളുകളും നിറയുകയാണ്. 

പോസ്റ്ററിലെ വാചകം ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവർ ഇതിനെ എതിർക്കുന്നത് എന്തിനാണ്? ഇത്തരം എതിർപ്പുകൾ ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും സതീശൻ അഭിപ്രായപ്പെട്ടു. അതേസമയം, സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാത്രം നൽകിയ വാചകമാണ് ഇതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിശദീകരണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് കൗതുകത്തിനായി മാത്രം തയാറാക്കിയ പോസ്റ്ററാണിതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

സിനിമയ്ക്ക് റോഡിലെ കുഴിയുമായി ബന്ധമുണ്ട് എന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയിലറിൽ ഇതു സംബന്ധിച്ച് പരാമർശമുണ്ട്. ചിത്രത്തിലെ പാട്ടും ട്രെയിലറുമെല്ലാം വൻ ഹിറ്റായിരുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസു കൊട്’. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com