കരഞ്ഞ് സിജു വിൽസൺ, വിനയനോട് പരസ്യമായി മാപ്പു പറഞ്ഞു

ചിത്രത്തിന്റെ പ്രമോഷണൽ ചടങ്ങിനിടെ പൊതുവേദിയിൽ വച്ച് വിനയനോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് സിജു വിൽസൺ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിൽ സിജു വിൽസൺ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷണൽ ചടങ്ങിനിടെ പൊതുവേദിയിൽ വച്ച് വിനയനോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് സിജു വിൽസൺ. സിനിമയിലെ നായകനാവാൻ വിനയൻ തന്നെ വിളിച്ചപ്പോൾ താൻ ചിന്തിച്ച കാര്യമെന്തെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ക്ഷമ പറഞ്ഞത്. 

‘‘ഞാന്‍ ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചോണ്ടിരിക്കുന്ന സമയത്താണ് സര്‍ കറക്റ്റായിട്ട് എന്നെ വിളിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ചെയ്യാന്‍ റെഡിയാണെന്ന് പറഞ്ഞ് ഇറങ്ങി തിരിച്ചത്. പിന്നെ സാറിനോട് പബ്ലിക്കായി ക്ഷമ ചോദിക്കണം. എന്നെ വിളിച്ച സമയത്ത് സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങള്‍ ആലോചിച്ച് എന്തിനായിരിക്കും വിളിക്കുന്നത് എന്ന് ആലോചിച്ചു. അത് മാനുഷികമായി എല്ലാ മനുഷ്യരുടെ മനസ്സിലും വരുന്ന കാര്യമാണ്. എന്നാൽ വിനയൻ സാറിന്റെ വീട്ടിൽപോയി അദ്ദേഹത്തോട് സംസാരിച്ച് കഴിഞ്ഞപ്പോൾ മനസ്സിനൊരു ഉന്മേഷം ലഭിച്ചു. ഇപ്പോഴും അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഇമോഷനലായി പോകും. സാര്‍ അത്രയും റെസ്‌പെക്‌റ്റോടെയാണ് എന്നോട് പെരുമാറിയത്.’’ സിജു പറഞ്ഞു.

കണ്ണീരോടെ വാക്കുകൾ മുറിഞ്ഞ് സംസാരിക്കിൻ ബുദ്ധിമുട്ടുകയായിരുന്നു സിജു. അദ്ദേഹത്തെ ആശ്വസിപ്പിച്ച ശേഷം സിജുവിന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി വിനയൻ സംസാരിക്കാൻ തുടങ്ങി. സിജുവിനെ സിനിമയിലേക്ക് തെരഞ്ഞെടുക്കാനുണ്ടായ കാരണമാണ് വിനയൻ പറഞ്ഞത്. താൻ കഥ പറഞ്ഞുകഴിഞ്ഞപ്പോൾ മറ്റാരിലും കാണാത്ത ഒരു ഫയർ സിജുവിന്റെ മുഖത്ത് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. 

‘‘സാരമില്ല, പുള്ളി ഇമോഷണലായതാണ്. അത് ഒരു പുതിയ ചെറുപ്പക്കാരന്റെ ഉള്ളിലെ ഫയറാണ്. കഴിഞ്ഞ എട്ട് പത്ത് വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ള എന്റെ സുഹൃത്തുക്കളുമായി പ്രശ്‌നങ്ങളുണ്ടാക്കി മാറി നിന്ന ആളാണ് ഞാന്‍. പക്ഷേ എന്റെ വാശിക്ക് ഞാന്‍ വിട്ടുകൊടുത്തില്ല. ആരുമില്ലാതെ സിനിമ ചെയ്തു. ടെക്‌നിക്കല്‍ ടീമോ ആര്‍ട്ടിസ്റ്റുകളോ ഒന്നുമില്ലാതെ സിനിമ ചെയ്തു. സിജു അത്ഭുത ദ്വീപോ, ദാദാ സാഹിബോ, രാക്ഷസ രാജാവോ അതിലേക്കൊന്നും പോയില്ല. പുള്ളിക്ക് ടെന്‍ഷന്‍ ഉണ്ടായി. നല്ലൊരു സിനിമ ചെയ്യാന്‍ പറ്റിയാല്‍ നിന്നെ വേറൊരു ആളാക്കി മാറ്റുമെന്ന് ഞാന്‍ പറഞ്ഞു. അന്ന് മനസില്‍ ആ ചാര്‍ജും കൊണ്ടാണ് പോയത്. ആറു മാസം കഴിഞ്ഞ് വീട്ടിലെത്തി ഷർട്ട് ഊരിമാറ്റി ശരീരം കാണിച്ചപ്പോൾ വേലായുധപ്പണിക്കരെയാണ് ഞാൻ കണ്ടത്’’ വിനയന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com