'കശ്മീർ ഫയൽസ് അശ്ലീല പ്രൊപ്പ​ഗാണ്ട ചിത്രം തന്നെ'; ലാപിഡിനെ പിന്തുണച്ച് ഐഎഫ്എഫ്ഐയിലെ മൂന്നു ജൂറിമാർ

ലാപിഡ് പറഞ്ഞത് മുഴുവൻ ജൂറിയുടേയും തീരുമാനമാണെന്നും ചിത്രം അശ്ലീല പ്രൊപ്പ​ഗാണ്ട ചിത്രമാണ് എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ഇവർ പറഞ്ഞതാണ്
കശ്മീർ ഫയൽസ് ചിത്രത്തിലെ ദൃശ്യം, ഇസ്രയേലി സംവിധായകൻ ന​ദാവ് ലാപ്പിഡ്/ ഫയൽ ചിത്രം
കശ്മീർ ഫയൽസ് ചിത്രത്തിലെ ദൃശ്യം, ഇസ്രയേലി സംവിധായകൻ ന​ദാവ് ലാപ്പിഡ്/ ഫയൽ ചിത്രം

ന്യൂഡൽഹി; ദി കശ്മീർ ഫയൽസ് സിനിമയെ വിമർശിച്ചുകൊണ്ടുള്ള ഇസ്രായേൽ ചലച്ചിത്ര സംവിധായകനും, ഐഎഫ്എഫ്ഐ ജൂറി ചെയര്‍മാനുമായ നദവ് ലാപിഡിന്‍റെ പരാമർശത്തെ പിന്തുണച്ച് ചലച്ചിത്രമേളയിലെ മറ്റ് മൂന്നു ജൂറിമാർ രം​ഗത്ത്. ജൂറി അംഗം ജിങ്കോ ഗോട്ടോ, പാസ്‌കെൽ ചാവൻസ്, ജാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ലാപിഡ് പറഞ്ഞത് മുഴുവൻ ജൂറിയുടേയും തീരുമാനമാണെന്നും ചിത്രം അശ്ലീല പ്രൊപ്പ​ഗാണ്ട ചിത്രമാണ് എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ഇവർ പറഞ്ഞതാണ്. 

ലാപ്പിഡിന്റെ പ്രസ്താവനയിൽ ‍ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഒപ്പം ഒരു കാര്യം കൂടി വ്യക്തമാക്കുന്നു ഞങ്ങൾ സിനിമയുടെ ഉള്ളടക്കത്തിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നില്ല. ഞങ്ങൾ കലാപരമായ പ്രസ്താവന നടത്തുകയായിരുന്നു. ചലച്ചിത്ര ഉത്സവ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നാദവിനെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതിലും വലിയ സങ്കടമുണ്ട്" - പ്രസ്താവനയില്‍ ജൂറി അംഗങ്ങൾ വ്യക്തമാക്കി. 

ഐഎഫ്‌എഫ്‌ഐ  ജൂറിയിലെ ഏക ഇന്ത്യക്കാരനായ സംവിധായകന്‍ സുദീപ്തോ സെൻ നേരത്തെ തന്നെ ജൂറി ചെയര്‍മാനായ ലാപിഡ് വ്യക്തിപരമായി നടത്തിയ പ്രസ്താവനയാണ് എന്ന് അവകാശപ്പെട്ടിരുന്നു. ജൂറി അം​ഗങ്ങൾ ചേർന്നെടുത്ത തീരുമാനമല്ല ഇതെന്നും അദ്ദേഹം വ്യക്തിപരമായ അഭിപ്രായമാണ് എന്നുമായിരുന്നു സുദീപ്തോ സെൻ പറഞ്ഞത്. 

അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്. ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്, എന്നായിരുന്നു ഇസ്രയേലി സംവിധായകന്റെ പ്രതികരണം. തുടർന്ന് ലിപ്പിഡിനെതിരെ വിമർശനം ശക്തമായതോടെ ക്ഷമാപണവുമായി അദ്ദേഹം എത്തിയിരുന്നു. ആരെയും അപമാനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല.  ദുരിതം അനുഭവിച്ചവരോ അവരുടെ ബന്ധുക്കളോ ആയിരുന്നില്ല തന്റെ ലക്ഷ്യം. അവർ അങ്ങനെയാണ് കരുതിയതെങ്കിൽ ക്ഷമ ചോദിക്കുന്നു- എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com