'1990ൽ എനിക്ക് ഒരു എതിരാളി വന്നു, അദ്ദേഹത്തിന്റെ വിജയത്തെ ഞാൻ ഭയന്നു'; വിജയ്

'അദ്ദേഹത്തെ മറികടക്കണമെന്ന ആ​ഗ്രഹത്തോടെ ഞാനും മത്സരിച്ചുകൊണ്ടേയിരുന്നു. അതുപോലെ മത്സരിക്കാൻ പറ്റിയ ഒരാൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം'
വാരിസിന്റെ ഓഡിയോ ലോഞ്ചിൽ വിജയ്/ ചിത്രം; ട്വിറ്റർ
വാരിസിന്റെ ഓഡിയോ ലോഞ്ചിൽ വിജയ്/ ചിത്രം; ട്വിറ്റർ

പുതിയ ചിത്രം വാരിസിന്റെ ഓഡിയോ ലോഞ്ച് വിജയ് വൻ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഓഡിയോ ലോഞ്ചിന് ഇടയിൽ താരം പറഞ്ഞ ഒരു കുട്ടിക്കഥയാണ്. തുടക്കകാലത്ത് തനിക്ക് ഒരു എതിരാളിയുണ്ടായിരുന്നുവെന്നാണ് വിജയുടെ വെളിപ്പെടുത്തൽ. തന്നെ ഇപ്പോൾ കാണുന്നതുപോലെ വളർത്തിയത് ആ എതിരാളിയാണെന്നും താരം പറഞ്ഞു. 

വിജയുടെ എതിരാളി

എന്തുവന്നാലും കണ്ണുകളിൽ ഭയം കാണാത്തത് എന്താണെന്ന അവതാരകയുടെ ചോദ്യത്തിനാണ് വിജയ് മറുപടി പറഞ്ഞത്. ‘‘1990-കളിൽ എനിക്ക് എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെപ്പിന്നെ അയാളോടുള്ള മത്സരം ​ഗൗരവമുള്ളതായി. അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാൻ ഭയന്നു. ഞാൻ പോയ ഇടങ്ങളിലെല്ലാം അദ്ദേഹം വന്ന് നിന്നു. ഞാൻ ഇത്രയും വളരുന്നതിന് കാരണമായി നിലകൊണ്ടു. അദ്ദേഹത്തെ മറികടക്കണമെന്ന ആ​ഗ്രഹത്തോടെ ഞാനും മത്സരിച്ചുകൊണ്ടേയിരുന്നു. അതുപോലെ മത്സരിക്കാൻ പറ്റിയ ഒരാൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. ‌അയാളുടെ പേര് ജോസഫ് വിജയ്. ജയിക്കണമെന്ന വാശിയുള്ളവർക്കുള്ളിൽ എപ്പോഴും ഒരു എതിരാളിയുണ്ടായിരിക്കണം. അയാൾ നിങ്ങൾ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങൾ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചവനാക്കൂ’’– വിജയ് പറഞ്ഞു.

ആ എതിരാളി അജിത്ത് കുമാർ?

സ്വയം എതിരാളിയായി കണ്ട് മുന്നോട്ടു കുതിക്കണം എന്നാണ് വിജയ് പറഞ്ഞതെങ്കിലും ആരാധകർ പലതും വായിച്ചെടുക്കുകയാണ്. വിജയ് പറഞ്ഞത് അജിത്തിനെക്കുറിച്ചാണ് എന്നാണ് ഒരു വിഭാ​ഗം വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പൊങ്കൽ റിലീസായി എത്തുന്ന വാരിസ് ഏറ്റുമുട്ടുന്നത് അജിത് ചിത്രം തുനിവിനോടാണ്. സൂപ്പർതാരങ്ങളുടെ ബോക്സ് ഓഫിസ് യുദ്ധത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com