'പറയാനുള്ളത് ഞാൻ തന്നെ പറഞ്ഞോളാം, ആരും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട'; രൂക്ഷ വിമർശനവുമായി ഇന്നസെന്റ്

ഇടതുപക്ഷക്കാരനായത് ഒരാവേശത്തിലാണെന്നും അതിൽ നൂറുവട്ടം പശ്ചാത്തപിക്കുന്നു എന്നുമായിരുന്നു വ്യാജ പ്രസ്താവന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തന്റെ വാക്കുകളെന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും മുൻ എംപിയുമായ ഇന്നസെന്റ്. ഇടതുപക്ഷക്കാരനായത് ഒരാവേശത്തിലാണെന്നും അതിൽ നൂറുവട്ടം പശ്ചാത്തപിക്കുന്നു എന്നുമായിരുന്നു വ്യാജ പ്രസ്താവന. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ തനിക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയുമെന്നും മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്നും വ്യക്തമാക്കിക്കൊണ്ട്  ഇന്നസെന്റ് രം​ഗത്തെത്തിയത്. 

ഇന്നസെന്റിന്റെ കുറിപ്പ്

എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.- ഇന്നസെന്റ് കുറിച്ചു. 

വ്യാജ പ്രസ്താവന

താരത്തിന്റെ ചിത്രത്തിനൊപ്പമാണ് വ്യാജ പ്രസ്താവന പ്രചരിച്ചത്. 'സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. ഇന്നു ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു. കമ്യൂണിസം യഥാര്‍ത്ഥത്തില്‍ ജനസേവനത്തിന്റെ ഏഴയലത്തുപോലും പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ നേതാക്കള്‍ ഉല്ലസിക്കുന്നു. അണികള്‍ ത്യാഗങ്ങള്‍ സഹിച്ച് ആര്‍പ്പുവിളിക്കുന്നു. പൊതുജനം നിസ്സഹായരായി നോക്കി നില്‍ക്കുന്നു. - എന്നാണ് കുറിച്ചിരുന്നത്. വ്യാജ പ്രസ്താവനയുടെ ചിത്രം ഷെയർ ചെയ്ത് ഫേയ്സ്ബുക്കിലൂടെയാണ് ഇന്നസെന്റ് നിലപാട് വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com