'പട്ടിയെപ്പോലെ പണിയെടുത്ത ശേഷം സിനിമ കാണണെ എന്നു പറയാൻ മടിയാണ്'; പ്രമോഷൻ ബോറടിപ്പിക്കാറുണ്ടെന്ന് ഫഹദ് ഫാസിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 01:04 PM  |  

Last Updated: 22nd July 2022 01:04 PM  |   A+A-   |  

fahadh_faasil

ചിത്രം: ഫേയ്സ്ബുക്ക്

 

തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിലാണ് ഫഹദ് ഫാസിലിന് സ്ഥാനം. പുഷ്പയ്ക്കു പിന്നാലെ വിക്രവും സൂപ്പർഹിറ്റായതോടെ ഫഹദ് ഫാസിലിന്റെ സ്റ്റാർഡത്തിന്റെ വൻ ഉയർച്ചയുണ്ടായി. എന്നാൽ പലപ്പോഴും സിനിമയുടെ പ്രമോഷനുകളിൽ ഫഹദിനെ കാണാറില്ല. സിനിമ പ്രമോഷനുകളോടുള്ള താൽപ്പര്യക്കുറവ് വ്യക്തമാക്കിയിരിക്കുകയാണ് താരം.  പട്ടിയെ പോലെ പണിയെടുത്തതിനു ശേഷം സിനിമ കാണണം എന്നു പറയുന്നത് തനിക്കു മടിയുള്ള കാര്യമാണ് എന്നാണ ഫഹദ് പറഞ്ഞത്. പുതിയ ചിത്രം 'മലയന്‍കുഞ്ഞിന്റെ' പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.

'സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ ബോറടിപ്പിക്കാറുണ്ട്. പട്ടിയെ പോലെയാണ് പണിയെടുക്കുന്നത്. അതുകഴിഞ്ഞ് വന്ന് കാണണേ കാണണേ എന്ന് പറയുന്നത് മടിയുള്ള കാര്യമാണ്. ഞാന്‍ ചെയ്യുന്ന ജോലി എന്റെ സാമര്‍ത്ഥ്യവും ബുദ്ധിയും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. സിനിമയുടെ ഷൂട്ട് ചെയ്ത് കഴിയുമ്പോള്‍ എന്റെ ജോലി കഴിയണമെന്നാണ്. അത് എന്‍ജോയ് ചെയ്യാന്‍ സാധിക്കണമെന്നാണ്. എന്നാല്‍ അതിന് കഴിയാറില്ല' - ഫഹദ് ഫാസിൽ പറഞ്ഞു. 

ഇന്ന് റിലീസ് ചെയ്ത മലയൻ കുഞ്ഞിന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാ​ഗ്രഹണവും നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് ചിത്രം നിർമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഈ വിഗ്ഗിന് എത്ര രൂപയാകും ചേട്ടാ?' മറുപടിയുമായി മനോജ് കെ ജയൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ