'ജീവിതം തിരിച്ചുതന്ന ജൂറിക്ക് നന്ദി, നല്ലത് വരാനിക്കുന്നതേയുള്ളൂ'; സന്തോഷം പങ്കുവച്ച് ജോണി ഡെപ്പ്

ജീവിതത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുകയാണെന്നും മികച്ചത് ഇനിയും വരാനിരിക്കുകയാണെന്നും ജോണി ഡെപ് പറഞ്ഞു
ചിത്രം; എഎഫ്പി
ചിത്രം; എഎഫ്പി

മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹെഡ്ഡിന് എതിരായ മാനനഷ്ടക്കേസ് വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഹോളിവുഡ് താരം ജോണി ഡെപ്പ്. തന്റെ ജീവിതം തിരിച്ചു തന്നതിന് ജൂറിക്ക് താരം നന്ദി പറഞ്ഞു. നിയമപോരാട്ടവുമായി മുന്നോട്ടുപോയതിന്റെ കാരണവും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 

ജോണി ഡെപ്പിന്റെ കുറിപ്പ്

ആറ് വര്‍ഷം മുന്‍പ് എന്റെ ജീവിതവും എന്റെ കുട്ടികളുടെ ജീവിതവും ഞാനുമായി അടുത്തുനില്‍ക്കുന്നവരുടെ ജീവിതവും നിരവധി വര്‍ഷങ്ങളായി എന്നെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്തവരുടെ ജീവിതവും എന്നന്നേക്കുമായി മാറി. കണ്ണടച്ചു തുറക്കുന്ന നേരെ കൊണ്ടായിരുന്നു അത്. തെറ്റ്, മാധ്യമങ്ങളിലൂടെ എനിക്കെതിരെ ഉയര്‍ന്ന ഗുരുതമായ ക്രിമിനല്‍ ആരോപണം അന്ത്യമില്ലാത്ത വെറുപ്പിക്കുന്ന നുണ പ്രചരണങ്ങള്‍ക്ക് കാരണമായി. എന്നാല്‍ എനിക്കെതിരെ ഒരു കേസുപോലും എടുത്തില്ല. നിമിഷനേരം കൊണ്ട് ലോകം രണ്ടുവട്ടം ഇത് ചുറ്റിവന്നു. എന്റെ ജീവിതവും കരിയറും തകര്‍ത്തു. ആറു വര്‍ഷത്തിനു ശേഷം ജൂറി എന്റെ ജീവിതം തിരിച്ചുതന്നു. ഞാന്‍ എല്ലാ രീതിയിലും ധന്യനായി. ലോകം മുഴുവന്‍ എന്റെ ജീവിതം വീക്ഷിക്കുന്ന രീതിയിലുള്ള നിയമപോരാട്ടം വേണ്ടിവരും എന്ന് അറിഞ്ഞുകൊണ്ടുതന്നെ കേസുമായി മുന്നോട്ടുപോകാന്‍ ഞാന്‍ തീരുമാനിച്ചത് കൃത്യമായി ആലോചിച്ച തന്നെയാണ്. 

എന്തായിരിക്കും ഫലം എന്നു ചിന്തിക്കാതെ സത്യം പുറത്തുകൊണ്ടുവരുക എന്നതായിരുന്നു തുടക്കത്തില്‍ ലക്ഷ്യമിട്ടത്. എന്റെ കുട്ടികള്‍ക്കും എന്നെ പിന്തുണച്ചവര്‍ക്കും ഞാന്‍ നല്‍കിയ വാക്കായിരുന്നു സത്യം പറയുക എന്നത്. അത് യാഥാര്‍ത്ഥ്യമായതോടെ സമാധാനം തോന്നുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹത്തിലും പിന്തുണയിലും ഞാന്‍ ഏറെ സന്തോഷവാനാണ്. സത്യം പുറത്തുകൊണ്ടുവരാനുള്ള എന്റെ ആര്‍ജവം, ഞാന്‍ നേരിട്ട സാഹചര്യത്തിലൂടെ കടന്നുപോകുന്ന  മറ്റ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു.- ജോണി ഡെപ് കുറിച്ചു. 

കോടതിയിലുള്ളവര്‍ക്കും തന്റെ ലീഗല്‍ ടീമിനുമെല്ലാം നന്ദി പറയാനും താരം മറന്നില്ല. ജീവിതത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുകയാണെന്നും മികച്ചത് ഇനിയും വരാനിരിക്കുകയാണെന്നും ജോണി ഡെപ് പറഞ്ഞു.

ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിൽ മുൻഭാര്യയും നടിയുമായ ആംബർ ഹേഡ് 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാനാണു വിർജീനിയ കോടതി ഉത്തരവിട്ടത്. 2018ൽ ആംബർ ഹെഡ് എഴുതിയ ലേഖനത്തിലൂടെ നടത്തിയ ​ഗാർഹിക പീഡന ആരോപണം ജോണി ഡെപ്പിന്റെ കരിയർ തകർത്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഡെപ്പിനെതിരെ ആംബർ ഹേഡ് നൽകിയ എതിർ മാനനഷ്ടക്കേസുകളിലൊന്നിൽ അവർക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസിൽ ഡെപ് ആംബറിനു 20 ലക്ഷം ഡോളറും നൽകണം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com