രണ്ടാം ദിവസം 100 കോടി ക്ലബ്ബിൽ; ബോക്സ് ഓഫിസ് കീഴടക്കി വിക്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 04:10 PM  |  

Last Updated: 05th June 2022 04:10 PM  |   A+A-   |  

VIKRAM_BOX_OFFICE_COLLECTION

ഫോട്ടോ: ട്വിറ്റർ

 

റിലീസ് ചെയ്ത് രണ്ടാം ദിവസം 100 കോടി ക്ലബ്ബിൽ കയറി കമൽഹാസൻ ചിത്രം വിക്രം. ആ​ഗോള ബോക്സ്ഓഫിസിൽ നിന്നാണ് ചിത്രം ത്രസിപ്പിക്കുന്ന നേട്ടം കൈവരിച്ചത്. കമൽഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് വിക്രം. ഫിലിം ട്രാക്കർ രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 

ആദ്യ ദിവസത്തിൽ തന്നെ മികച്ച മുന്നേറ്റം ചിത്രം നടത്തിയിരുന്നു. 34 കോടി രൂപയാണ് ആദ്യ ​ദിവസത്തെ കളക്ഷൻ. കേരളത്തില്‍ നിന്നു മാത്രം ചിത്രം അഞ്ച് കോടിയിലേറെയാണ് നേടിയത്. കേരളം, തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓസ്ട്രേലിയൻ ബോക്സ് ഓഫിസിൽ നിന്ന് രണ്ട് ദിവസം കൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടവും വിക്രം സ്വന്തമാക്കി. രജനീകാന്തിന്റെ 2.0 യെ ആണ് വിക്രം തകർത്തത്. 

റിലീസിന് മുന്‍പേ സാറ്റ്‌ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ചിത്രം നേടിയത്. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ അതിഥിവേഷത്തിലെത്തിയ സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.

ഈ വാർത്ത കൂടി വായിക്കൂ

ഉറുമിയും വെള്ളക്കുതിരയും, ഉണ്ണിയാർച്ചയായി അനുശ്രീ; വൈറലായി ചിത്രങ്ങൾ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ