'പുതുമുഖ സംവിധായകർക്ക് പൈസ കൊടുക്കണ്ട'; മുഴുപ്പട്ടിണിയായിരിക്കും, ഓസിയിട്ടായിരിക്കും താമസം; കുറിപ്പ്  

ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ആ​ഗ്രഹവുമായി നടക്കുന്നവരുടെ യഥാർത്ഥ ജീവിതം തുറന്നുകാട്ടിയാണ് അഭിലാഷിന്റെ കുറിപ്പ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

പുതുമുഖ സംവിധായകർക്ക് പൈസ കൊടുക്കണ്ടെന്ന അഭിപ്രായത്തോട് വിയോജിപ്പറിയിച്ച് സംവിധായകൻ വി സി അഭിലാഷ്. ‍ഇങ്ങനെ പറയുന്നതിലെ 'സദുദ്ദേശം' എന്താണെങ്കിലും തെറ്റായ സന്ദേശമാണ് പുറത്തേക്ക് വരികയെന്ന് അഭിലാഷ് കുറിച്ചു. ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ആ​ഗ്രഹവുമായി നടക്കുന്നവരുടെ യഥാർത്ഥ ജീവിതം തുറന്നുകാട്ടിയാണ് അഭിലാഷിന്റെ കുറിപ്പ്. 

"നല്ലൊരു വസ്ത്രം വാങ്ങാൻ പണമുണ്ടാവില്ല, പെട്രോളടിയ്ക്കാൻ നിവൃത്തിയുണ്ടാവില്ല, സ്ഥിര വരുമാനമുള്ള സുഹൃത്തുക്കളുടെ മുറിയിൽ രാജപ്പൻ തെങ്ങുംമൂടായി ഓസിയിട്ടായിരിയ്ക്കും പലരുടെയും താമസം", അഭിലാഷ് പറയുന്നു. ഒരു വലിയ തുകയല്ല, ഒന്നോ രണ്ടോ കൊല്ലം പിടിച്ച് നിൽക്കാനൽപ്പം കരുതൽ ധനം മാത്രമാണ് 'പുതുമുഖ സംവിധായകർ' കൊതിക്കുന്നത്. അത് കൂടി നിഷേധിക്കുന്നത് നീതികേടാണെന്നും അഭിലാഷ് പറഞ്ഞു. 

പുതുമുഖ സംവിധായകർക്ക് പൈസ കൊടുക്കേണ്ട ആവശ്യമില്ല എന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പുതുമുഖ സംവിധായകർക്ക് പൈസ കൊടുക്കേണ്ടാത്തത് നല്ല കാര്യമായിട്ടാണ് തോന്നിയിട്ടുള്ളതെന്ന് നടനും നിർമ്മാതാവുമായ അജു വർഗീസും അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് അഭിലാഷിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. 

കുറിപ്പിന്റെ പൂർണ്ണരൂപം

അല്പകാലം മുൻപ് വരെ പുതുമുഖമായിരുന്ന, ഇപ്പോൾ അങ്ങനെയല്ലാത്ത ഒരുത്തൻ്റെ വിയോജനക്കുറിപ്പാണിത്.

പുതുമുഖ സംവിധായകർക്ക് പൈസ കൊടുക്കേണ്ടതില്ല എന്നൊരാൾ കഴിഞ്ഞ ദിവസം പറഞ്ഞു. അപ്പറഞ്ഞതിലെ 'സദുദ്ദേശം' എന്താണെങ്കിലും തെറ്റായ സന്ദേശമാണ് പുറത്തേക്ക് വരിക. 'പുതുമുഖ സംവിധായകർക്ക് പൈസ കൊടുക്കേണ്ടതില്ല' എന്ന് തന്നെ ഒരു പൊതു ചിന്ത ഉയർന്നു വരും. അത് ക്രൂരമാണ്. മനുഷ്യത്വ രഹിതമാണ്.

എന്ത് കൊണ്ട്?

ഈ 'എന്ത് കൊണ്ടിന് ' മറുപടി പറയേണ്ടവർ മേൽപ്പറഞ്ഞ 'പുതുമുഖ സംവിധായകരാ'ണ്. അവർക്ക് പക്ഷേ
ശബ്ദിക്കാനാവില്ല. കാരണം അവർക്ക് ഭാവിയെ കുറിച്ച് ആശങ്കകളുണ്ട്.

അവർക്ക് വേണ്ടിയാണ് ഈ എഴുത്ത്.

***

ഈ പുതുമുഖ സംവിധായകരുണ്ടല്ലോ, അവരുടെ കാര്യം ഭയങ്കര രസമാണ്.

മുഴുപ്പട്ടിണിയിയായിരിയ്ക്കും മിക്ക ദിവസങ്ങളിലും.

നല്ലൊരു വസ്ത്രം വാങ്ങാൻ പണമുണ്ടാവില്ല. സഞ്ചരിയ്ക്കാനൊരു ഇരുചക്രവണ്ടി പോലും ഉണ്ടാവില്ല.
ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അതിൽ പെട്രോളടിയ്ക്കാൻ നിവൃത്തിയുണ്ടാവില്ല. ഉച്ചയൂണിന് കയ്യിൽ കയ്യിൽ കാശില്ലാത്തവൻ
യൂബർ യാത്രയും ആഗ്രഹിക്കാൻ പാടില്ല.

പലരുടെയും താമസം സ്ഥിര വരുമാനമുള്ള സുഹൃത്തുക്കളുടെ മുറിയിൽ രാജപ്പൻ തെങ്ങുംമൂടായി ഓസിയിട്ടായിരിയ്ക്കും.

പുതിയൊരു സിനിമ റിലീസായാൽ 4k ഡോൾബി തീയറ്ററിൽ കയറി കാണാൻ നിവൃത്തിയില്ലാത്തതിനാൽ, (ക്യൂരിയോസിറ്റി മൂത്ത്)
ഗതികേട് കൊണ്ട് അതീവ രഹസ്യമായി ടെലിഗ്രാമിനെ ആശ്രയിയ്ക്കണം, ക്വാളിറ്റി കുറഞ്ഞ പ്രിൻ്റ് കണ്ട് സായൂജ്യമടയണം! എന്നിട്ട് "പടം കണ്ടോഡേയ്?" എന്ന് ചോദിക്കുന്നവരോട് "കണ്ടെഡേയ്" എന്ന് ഗമയിൽ മറുപടി പറഞ്ഞു പിടിച്ച് നിൽക്കണം.

(എങ്ങാനും കണ്ടില്ലെങ്കിലോ, "ഹതു ശെരി.. പടം കാണണ ശീലമൊന്നുമില്ലല്ലേ? എന്നിട്ടാണോ വലിയ സിനിമാക്കാരനാവാൻ വേണ്ടി നടക്കണത്?"എന്നാവും പരിഹാസം.)

ഈ ജീവിതം സ്വയം തെരഞ്ഞെടുത്തത് കാരണം ആരോടും സങ്കടം പറയാനുമാവില്ല.

(ആൾറെഡി പരാതികളും കുറ്റപ്പെടുത്തലുകളും വേണ്ടുവോളം വരുന്നുണ്ടാവും കുടുംബത്തിൽ നിന്ന്.)

ഒരു കഥയുണ്ടാക്കി, അല്ലെങ്കിൽ കണ്ടെത്തി, സ്ക്രിപ്റ്റാക്കി ഒരു പ്രോജക്ട് രൂപപ്പെടുത്തുന്നത് ഒരു വരുമാനമില്ലാത്തവനെ സംബന്ധിച്ചിടത്തോളം വലിയ പ്രയത്നമാണ്. ആ പ്രയത്നത്തിൽ അവൻ ഇൻവെസ്റ്റ് ചെയ്യുന്നത് സ്വന്തം ജീവിതമാണ്. എത്ര കാലം അലഞ്ഞാണ് ആ പ്രോജക്ടൊരു സിനിമയാവുക! എത്ര ചെരുപ്പ് തേഞ്ഞാലാണ് പ്രതീക്ഷയുടെ ഒരു കിളി വാതിൽ എവിടെയെങ്കിലും തുറക്കുക!
ഇങ്ങനെ ദുരിതപ്പാത നടന്നെത്തി സിനിമയുണ്ടാക്കുകയും അതൊരു വിജയമാവാതിരിയ്ക്കുകയും ചെയ്താൽ പിന്നീടുള്ള ജീവിതം അക്ഷരാർത്ഥത്തിൽ നരകമാണ്, നരകം!

ഒരു വലിയ തുകയല്ല, ഒന്നോ രണ്ടോ കൊല്ലം പിടിച്ച് നിൽക്കാനൽപ്പം കരുതൽ ധനം, അത് മാത്രമാണ് ഈ സോ കാൾഡ് 'പുതുമുഖ സംവിധായകർ' കൊതിക്കുന്നത്.

അത് കൂടി നിഷേധിക്കുന്നത് നീതികേടാണ്, വേദനാജനകമാണ്.

ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഒരു നല്ല സിനിമയുണ്ടാവേണ്ടത്, പുതുമുഖ സംവിധായകൻ്റെ പ്രതിഫലം കട്ട് ചെയ്തു കൊണ്ടല്ല. അല്ലാതെ തന്നെ നമുക്ക് ചെറിയ ബഡ്ജറ്റിൽ നല്ല സിനിമ എടുക്കാം. അതിന് വേണ്ടത് സർഗാത്മകതയും സത്യസന്ധതയുമാണ്.

അനുവാചകം: എൻ്റെ ആദ്യ സിനിമ (ആളൊരുക്കം) വളരെ ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ചതായിരുന്നു. എന്നിട്ടും നിർമ്മാതാവ് എനിയ്ക്ക് മാന്യമായ, ഞാനാഗ്രഹിച്ച പ്രതിഫലം തന്നു.

-വി.സി.അഭിലാഷ്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com