ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാൻ ഐഎസ്ആർഒയെ സഹായിച്ചത് 'പഞ്ചാംഗ'ത്തിലെ വിവരങ്ങൾ ആണെന്ന വിവാദപരാമർശത്തിൽ വിശദീകരണവുമായി നടൻ മാധവൻ. റോക്കട്രി; ദ നമ്പി ഇഫക്ട് എന്ന സിനിമയുടെ പ്രചരണത്തിനിടെയാണ് മാധവൻ ഇങ്ങനെ പറഞ്ഞത്. മാധവന്റെ പരാമർശത്തിനെതിരേ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിലുയർന്നത്. ഇതിനുപിന്നാലെയാണ് നടൻ വിശദീകരണവുമായി രംഗത്തെത്തിയത്.
"ഇന്ത്യൻ റോക്കറ്റുകൾക്ക് മൂന്ന് എഞ്ചിനുകൾ (ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാൻ സഹായിച്ചത് അതായിരുന്നു. ഇന്ത്യ ഈ കുറവ് നികത്തിയത്, 'പഞ്ചാംഗ'ത്തിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്", എന്നായിരുന്നു മാധവൻ പറഞ്ഞത്. കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണ അടക്കമുള്ളവർ ഇത് ട്വീറ്റ് ചെയ്തിരുന്നു. ഈ വിവരം ഐഎസ്ആർഒ അവരുടെ വെബ്‌സൈറ്റിൽ നൽകാത്തതിൽ നിരാശയുണ്ടെന്നായിരുന്നു ടി എം കൃഷ്ണ കുറിച്ചത്.
''അൽമനാകിനെ തമിഴിൽ 'പഞ്ചാംഗ്' എന്ന് വിളിച്ചതിന് ഞാൻ ഇത് അർഹിക്കുന്നു. അതെന്റെ അറിവില്ലായ്മയാണ്. എന്നാലും ചൊവ്വാ ദൗത്യത്തിൽ വെറും രണ്ട് എൻജിനുകൾ കൊണ്ട് നമ്മൾ നേടിയത് ഒരു റെക്കോർഡ് തന്നെയാണ്'' മാധവൻ ട്വിറ്ററിൽ കുറിച്ചു.
മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന സിനിമ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്നതാണ്. ജൂലൈ 1ന് ചിത്രം റിലീസ് ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates