'എല്ലാം മനസിലാക്കിയപ്പോള്‍ സിനിമയോട് ദേഷ്യമായി, അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, കിരണ്‍ കരഞ്ഞു പറഞ്ഞു'; ആമിര്‍ ഖാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 04:30 PM  |  

Last Updated: 27th March 2022 04:30 PM  |   A+A-   |  

aamir_khan_decided_to_quit_cinema

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

സിനിമാ അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നതായി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. മുംബൈയില്‍ സംഘടിപ്പിച്ച എബിപി ഐഡിയാസ് ഓഫ് ഇന്ത്യയില്‍ സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. സിനാമാ തിരക്കുകളുടെ പേരില്‍ തന്റെ കുട്ടികള്‍ക്കോ കുടുംബത്തിനോ വേണ്ടി സമയം ചെലവഴിക്കാന്‍ വര്‍ഷങ്ങളോളം തനിക്കായില്ലെന്നും അതിനാലാണ് സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് എന്നുമാണ് താരം പറഞ്ഞത്. മുന്‍ ഭാര്യ കിരണ്‍ റാവുവാണ് തന്നെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും വ്യക്തമാക്കി. 

എന്റെ സ്വപ്‌നങ്ങള്‍ക്കും അത്  കീഴടക്കാനുള്ള ശ്രമങ്ങളിലുമായിരുന്നു ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ചെലാവാക്കിയത്. പക്ഷേ ഈ യാത്രയില്‍ എന്നെ സ്‌നേഹിക്കുന്നവരെ ശ്രദ്ധിക്കാന്‍ എനിക്കായില്ല. എന്റെ മാതാപിതാക്കള്‍, എന്റെ സഹോദരങ്ങള്‍, എന്റെ കുട്ടികള്‍, എന്റെ ആദ്യ ഭാര്യ റീന, രണ്ടാം ഭാര്യ കിരണ്‍, അവരുടെ മാതാപിതാക്കള്‍... അവര്‍ക്കുവേണ്ടി ഞാന്‍ ആവശ്യത്തിന് സമയം ചെലവാക്കിയില്ല. എന്റെ മകള്‍ക്ക് ഇന്ന് 23 വയസുണ്ട്. എനിക്ക് ഉറപ്പുണ്ട് അവളുടെ ചെറുപ്പകാലത്ത് എന്റെ സാന്നിധ്യം പലപ്പോഴും അവള്‍ മിസ് ചെയ്തിട്ടുണ്ടാകും. അവള്‍ക്ക് അവളുടേതായ ആശങ്കകളും പേടികളും സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ടാകും. അവള്‍ക്കൊപ്പം ഞാനുണ്ടായിരുന്നില്ല. ഇന്ന് അത് എനിക്ക് അറിയാം. എനിക്ക് അവളുടെ സ്വപ്നങ്ങളോ പേടികളോ പ്രതീക്ഷകളോ അറിയില്ല. പക്ഷേ എന്റെ സംവിധായകരുടെ പേടികളും സ്വപ്‌നങ്ങളും പ്രതീക്ഷകളും എനിക്ക് അറിയാം. - ആമീര്‍ ഖാന്‍ പറഞ്ഞു. 

എന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ എനിക്ക് എന്നോട് തന്നെ വലിയ ദേഷ്യമായി. സിനിമയോടും ദേഷ്യം വന്നു. എനിക്കും എന്റെ കുടുംബത്തിനും ഇടയില്‍ ഈ അകല്‍ച്ചയുണ്ടാക്കിയത് സിനിമയാണെന്ന് ഞാന്‍ കരുതി. അതിനാല്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. ഇനി സിനിമ ചെയ്യില്ലെന്ന് ഞാന്‍ കുടുംബത്തെ അറിയിച്ചു. അഭിനയിക്കുകയോ നിര്‍മിക്കുകയോ ഇല്ല. തീരുമാനം ആരോടെങ്കിലും പറഞ്ഞാല്‍ ഇറങ്ങാനിരിക്കുന്ന സിനിമയുടെ പ്രചാരണമാണെന്ന് മാത്രമേ കരുതൂ. അതിനാല്‍ പുറത്ത് ആരോടും പറഞ്ഞില്ല. എന്നാല്‍ കിരണും കുട്ടികളും സംസാരിച്ച് തീരുമാനം മാറ്റിക്കുകയായിരുന്നു. എന്റെ ഞാരമ്പിലൂടെ ഒഴുകുന്നത് സിനിമ തന്നെയാണെന്ന് പറഞ്ഞ് തീരുമാനം മാറ്റാന്‍ കിരണ്‍ ആവശ്യപ്പെട്ടത് കരഞ്ഞുകൊണ്ടാണ്.- ആമിര്‍ വ്യക്തമാക്കി.