'സിനിമ ഹിറ്റാകാൻ മൂങ്ങയെ പറത്തും, ജനാർദനൻ ചേട്ടനെ വച്ച് ആദ്യ ഷോട്ട്'; സിനിമയിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് മുകേഷ്

'മൂങ്ങയെ ഓടിച്ചിട്ട് രണ്ടാമത് ഷോട്ട് എടുത്തെങ്കിൽ പടം പൊട്ടി പാളീഷ് ആയിപോകുമായിരുന്നു എന്നാണ് എല്ലാവരും പറഞ്ഞത്'
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
2 min read

റാം ജീ റാവു സ്പീക്കിങ് എന്ന സിനിമയിലെ ആദ്യ ഷോട്ടിൽ പറന്നു കയറിയ മൂങ്ങ മലയാള സിനിമയുടെ ഭാ​ഗ്യ പക്ഷിയായതിനെക്കുറിച്ച് നടൻ മുകേഷ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം രസകരമായ ഓർമകൾ പങ്കുവച്ചത്. നവാ​ഗതരുമായി പുറത്തിറങ്ങിയ ചിത്രം വൻ വിജയമായി മാറിയതോടെ ക്രെഡിറ്റു മുഴുവൻ മൂങ്ങയ്ക്കു പോയി എന്നാണ് താരം പറയുന്നത്. അതിനു ശേഷം സിനിമയുടെ ആദ്യ ഷോട്ട് എടുക്കുമ്പോൾ മൂങ്ങയെ പറത്തിവിടുന്നത് പതിവായെന്നുമാണ് മുകേഷ് പറയുന്നത്. ജനാർദനനും മലയാള സിനിമയിലെ ഒരു ഭാ​ഗ്യ ചിഹ്നമായിരുന്നു. 

‘‘റാം ജീ റാവു സ്പീക്കിങ് എന്ന സിനിമയുടെ ആദ്യ ഷോട്ട് എടുക്കുകയാണ്.  ഉദയാ സ്റ്റുഡിയോയുടെ മുന്നിൽ ഒരു രൂപക്കൂടുണ്ട്.  അതിനു മുന്നിൽ വന്നുനിന്ന് സായികുമാർ തനിക്ക് ജോലി കിട്ടാനായി പ്രാർത്ഥിക്കുന്ന സീൻ ആണ് എടുക്കേണ്ടത്.  സായികുമാർ വന്നു രൂപക്കൂടിനു മുന്നിൽ നിന്നു.  ആക്‌ഷൻ പറഞ്ഞതും എവിടെനിന്നോ ഒരു മൂങ്ങ പറന്നു വന്നു ഫ്രെയ്മിൽ ഇരുന്നു.  അസിസ്റ്റന്റ് ഡയറക്ടർമാർ എല്ലാം കൂടി ചർച്ചയായി.  അയ്യോ മൂങ്ങ വന്നിരുന്നല്ലോ ആദ്യ ഷോട്ട് ഇനി എടുക്കാതിരിക്കുന്നതെങ്ങനെ, മൂങ്ങയെ എങ്ങനെ ഓടിക്കും എന്ന വിധത്തിൽ ചർച്ചകൾ നടക്കുകയാണ്.  ആദ്യ ഷോട്ട് എടുത്തത് കളയാനും വയ്യ. ഷോട്ട് ഓക്കേ ആണ്. അതും പുതുമുഖ നായകനും പുതുമുഖ സംവിധായകരും അണിനിരക്കുന്ന സിനിമ.  മൂങ്ങ കാരണം ആ ഷോട്ട് കളയാനും വയ്യ.  മൂങ്ങ എങ്കിൽ മൂങ്ങ എന്തായാലും ഈ ഷോട്ട് കളയുന്നില്ല എന്ന് തീരുമാനിച്ച് മുന്നോട്ടു പോയി.  

ഷൂട്ടിങ് കഴിഞ്ഞു സിനിമ റിലീസ് ആയി.  റാം ജി റാവു ഇത്രയും വലിയൊരു വിജയമാകും എന്നൊന്നും അന്ന് കരുതിയില്ല.  ഓണത്തിന് മുൻപ് രണ്ടാഴ്ച കളിച്ചിട്ട് വലിയ പടങ്ങൾ വരുമ്പോൾ മാറിക്കൊടുക്കാം എന്ന  കരാറിലാണ് തിയറ്റർ കിട്ടിയത്. പുതുമുഖങ്ങളുടെ ചെറിയൊരു പടമല്ലേ.  ആദ്യത്തെ ദിവസം തിയറ്ററിൽ ആരുമില്ലായിരുന്നു രണ്ടാമത്തെ ദിവസം കുറച്ചുപേര്  വന്നു, പിന്നങ്ങോട്ട് ഭയങ്കര ഹിറ്റായി തിയറ്റർ നിറയുകയാണ്.  വലിയ പടങ്ങൾ ഫ്ലോപ്പ് ആയപോൾ റാം ജി റാവു വന്ന് 150 ദിവസം ഓടി.  ഇത്രയും പ്രയാസങ്ങൾ തരണം ചെയ്തു വന്ന റാം ജി റാവു സൂപ്പർ ഹിറ്റാകാൻ കാരണമെന്തായിരിക്കും എന്ന ചർച്ചയായി.  ഒടുവിൽ ആ ആദ്യ ഷോട്ടിൽ മൂങ്ങ വന്നിരുന്നതായിരിക്കുമോ സിനിമ ഹിറ്റാകാൻ കാരണം എന്നായി എല്ലാവരുടെയും ചിന്ത.  ‘ഇത് മൂങ്ങ തന്നെ കാരണം’  എല്ലാവർക്കും അത് വിശ്വസിക്കാനായിരുന്നു താല്പര്യം.  

ഒരു കാര്യവുമില്ലാതെ വളരെപ്പെട്ടെന്നു മൂങ്ങ ഒരു ഭാഗ്യപ്പക്ഷി ആയിമാറി.  മൂങ്ങയെ ഓടിച്ചിട്ട് രണ്ടാമത് ഷോട്ട് എടുത്തെങ്കിൽ പടം പൊട്ടി പാളീഷ് ആയിപോകുമായിരുന്നു എന്നാണ് എല്ലാവരും പറഞ്ഞത് .  അങ്ങനെ കുറെ സിനിമകളിൽ ആദ്യത്തെ ഷോട്ടിൽ മൂങ്ങയെ പറത്തി വിടുക ഒരു ആചാരമായി മാറി.  എന്ത് ചെയ്താലും വിജയമാണ് നമുക്ക് വേണ്ടത്.  എവിടെയെങ്കിലും ഒരു മൂങ്ങ ഇരുന്നാൽ അവിടെ കൊണ്ടുവച്ച് ആദ്യ ഷോട്ട് എടുക്കുക, മൂങ്ങ പറന്നുപോയാൽ നിരാശ ആവുക, മൂങ്ങയെ പിടിച്ചുകൊണ്ടുവരിക ഇത്തരത്തിലാണ് പിന്നീട്  കാര്യങ്ങൾ പോയത്.  ഒരു പടത്തിന്റെ ഷൂട്ടിങ് വരെ മാറ്റിവച്ചു. കാരണം അന്വേഷിച്ചപ്പോൾ മൂങ്ങ എത്തിയിട്ടില്ല, മൂങ്ങയെ പിടിക്കാൻ ഇടുക്കിയിൽ പോയിരിക്കുകയാണ് എന്നാണ് പറഞ്ഞത്.  മൂങ്ങയെ പറത്തിയ പടങ്ങൾ പരാജയപ്പെടുമ്പോൾ, ആ മൂങ്ങ കൊള്ളില്ല, നല്ല ഐശ്വര്യമുള്ള മൂങ്ങ വേണം എന്നുവരെ പറയാൻ തുടങ്ങി.'- മുകേഷ് പറയുന്നു. 

മൂങ്ങയുടെ ഭാ​ഗ്യപക്ഷി സ്ഥാനം കൈമോശം വന്നത് എങ്ങനെയെന്നും മുകേഷ് വ്യക്തമാക്കുന്നുണ്ട്. സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത ഇൻഹരിഹർ ന​ഗറിന്റെ ഷൂട്ടിനു ഇടയിലായിരുന്നു അത്. 'ഗർഭിണിയെ തട്ടിക്കൊണ്ടുപോകുന്ന സീൻ ആണ് ആദ്യമെടുക്കുന്നത്. ആലുവയുടെ അടുത്താണ് ലൊക്കേഷൻ. ഒരു വളവു തിരിഞ്ഞതും എന്തോ വന്നു കാറിൽ ഇടിച്ചു.  കാർ നിർത്തി നോക്കിയപ്പോൾ ഒരു മൂങ്ങ താഴെ ചത്ത് കിടക്കുന്നു. എല്ലാവരും മുഖത്തോടുമുഖം നോക്കുകയാണ്. മൂങ്ങയെ പറത്തി സിനിമ വിജയിച്ചിട്ട് ഇരിക്കയാണ് ഇനിയിപ്പോ മൂങ്ങയെ കൊന്നിട്ട് ഈ ഫസ്റ്റ് ഷോട്ട് എങ്ങനെ എടുക്കും.  ഭയങ്കര മൂകത അവിടെ നിറഞ്ഞു.  ഈ മൂങ്ങയുടെ പിന്നിൽ എന്തെങ്കിലും രഹസ്യമുണ്ടോ ഇത് ദൈവം വിട്ടതാണോ എന്നൊക്കെയായി ചർച്ച.  

ഞാൻ പറഞ്ഞു, ഷൂട്ടിങ് മാറ്റിവച്ചാലോ?... മൂങ്ങ ഒക്കെ അവിടെ കിടക്കട്ടെ നമുക്ക് ഷൂട്ടിങ് തുടരാം എന്നായിരുന്നു നിര്‍മാതാവിന്റെ അഭിപ്രായം.  ഞാൻ പറഞ്ഞു, ആദ്യ പടം മൂങ്ങ ഉള്ളതുകൊണ്ടാണ് വിജയിച്ചത്. ഇതിപ്പോ മൂങ്ങ ഇല്ലായിരുന്നെങ്കിലും ഓക്കേ. പക്ഷേ മൂങ്ങയെ കൊന്നിട്ട് എങ്ങനെ ആദ്യ ഷോട്ട് എടുക്കും.  എന്തായാലും ഷൂട്ടിങ് തുടരാൻ തീരുമാനിച്ചു. പക്ഷേ  ആർക്കും സന്തോഷമില്ല.  ഇടയ്ക്കിടെ ഓരോരുത്തർ മൂങ്ങയുടെ കാര്യം എടുത്തിടും.  ഷൂട്ടിങ് എല്ലാം തീർന്നു സിനിമ തിയറ്ററിൽ വന്നു.  ആദ്യ ദിവസം തന്നെ ഹരിഹർ നഗർ സൂപ്പർ ഡ്യൂപ്പർ ആയി ഓടി.  ഹരിഹർ നഗർ സൂപ്പർ ഹിറ്റ് ആയപ്പോൾ ഔട്ടായ ഒരാളുണ്ട് അതാണ് മൂങ്ങ.  അതായത് ഇതിലൊന്നും ഒരു കാര്യവുമില്ല നല്ല കഥയും സംവിധാനവും അഭിനയ മുഹൂർത്തങ്ങളും ഒക്കെയാണ് പ്രധാനം അല്ലാതെ മൂങ്ങയല്ല എന്ന് മലയാള സിനിമ തിരിച്ചറിഞ്ഞ ഒരു ദിവസമായിരുന്നു അത്. '- മുകേഷ് കൂട്ടിച്ചേർത്തു. 

നടൻ ജനാർദനനെ വച്ച് ആദ്യ ഷോട്ട് എടുത്താൻ സിനിമ വിജയിക്കുമെന്ന വിശ്വാസവും സിനിമയിലുണ്ടായിരുന്നെന്നും മുകേഷ് പറയുന്നു. അദ്ദേഹത്തെ വച്ച് ആദ്യ ഷോട്ടെടുത്ത രണ്ട് മൂന്ന് സിനിമകൾ വിജയിച്ചുകഴിഞ്ഞപ്പോഴാണ് ഇത് പ്രചരിക്കാൻ തുടങ്ങിയത്. ചില സിനിമകളിൽ വേഷമില്ലാഞ്ഞിട്ടു കൂടി ആദ്യ ഷോട്ട് എടുക്കാൻമാത്രം അദ്ദേഹത്തിന് റോളുകൾ നല്‍കിയിട്ടുമുണ്ടെന്നും മുകേഷ് പറയുന്നു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com