തിരുവനന്തപുരം: അഭിനയത്തിന്റെ വിശ്വരൂപമായ മോഹൻലാലിനായി മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അനശ്വര മുഹൂർത്തങ്ങളും കൊത്തിവച്ച വിശ്വരൂപശില്പം പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശിൽപം നടൻ മോഹൻലാലിന്റെ വീട്ടിൽ എത്തിക്കും. കോവളം ക്രാഫ്റ്റ് വില്ലേജിലാണ് 12 അടി ഉയരത്തിലുള്ള ഈ ശിൽപം ഒരുങ്ങിയത്.
കുരുക്ഷേത്ര യുദ്ധത്തിൽ എതിർപക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് തളർന്നിരുന്ന അർജുനന് മുന്നിൽ ശ്രീകൃഷ്ണൻ വിശ്വരൂപമായ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. ശിൽപത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും കൊത്തിയെടുത്തിരിക്കുന്നു. 11 ശിരസുള്ള സർപ്പം. ഇതിന് താഴെ നടുവിൽ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുരഗുരു ശുക്രാചാര്യൻ എന്നിവരുടെ ശിരസുകളാണ് ഉള്ളത്. ശഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങൾ പേറുന്ന 22 കൈകൾ. ഇതാണ് മുകൾ ഭാഗത്തുള്ളത്. വിശ്വരൂപത്തിനു താഴെ ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശിൽപചാരുതയോടെ കാണാം. കാളിയമർദനവും കൃഷ്ണനും ഗോപികമാരും രൂപകൽപനയിൽ അടങ്ങിയിരിക്കുന്നു.
വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ വെള്ളാർ നാഗപ്പനും മറ്റ് 8 ശിൽപികളുമുൾപ്പെട്ട സംഘത്തിന്റെ മൂന്നര വർഷത്തെ ശ്രമമാണ് വിശ്വരൂപം. 3 വർഷം മുൻപ് 6 അടിയിൽ നിർമിച്ച വിശ്വരൂപം നടൻ മോഹൻലാൽ വാങ്ങിയിരുന്നു. നടന്റെ നിർദേശാനുസരണമാണ് 12 അടിയിലെ വിശ്വരൂപം പണിതത്. അടുത്ത മാസം ആദ്യം ശിൽപം മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിക്കും.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates