'ലിജു കൃഷ്ണയ്ക്ക് മറുപടി പറയാതിരുന്നത് നൂറുകണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതുകൊണ്ട്'; ഡബ്ല്യൂസിസി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th November 2022 12:23 PM |
Last Updated: 11th November 2022 12:23 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
പടവെട്ട് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ ലിജു കൃഷ്ണ ഡബ്ല്യൂസിസിക്കും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യൂസിസി. ലിജുവിന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ് എന്നാണ് ഡബ്ല്യൂസിസി ഫേയ്സ്ബുക്കിൽ കുറിച്ചത്. ഇതുവരെ പ്രതികരിക്കാതിരുന്നത് സിനിമ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും അതിൽ കൂട്ടായി പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതു കൊണ്ടുമാണെന്നുമാണ് പറഞ്ഞത്.
ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്കരമായ യാത്രയിൽ ഞങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം ഡബ്ല്യൂസിസി എല്ലായ്പ്പോഴും നില കൊള്ളും. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.- ഡബ്ല്യൂസിസി വ്യക്തമാക്കി. അതിജീവിതയുടെ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.
ഡബ്ല്യൂസിസിയുടെ കുറിപ്പ് വായിക്കാം
വിമൺ ഇൻ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല.കാരണം സിനിമ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതിൽ കൂട്ടായി പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങൾ ബഹുമാനിക്കുന്നതു കൊണ്ടുമാണ്.
സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാർച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടർന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്റെ താൽകാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.
പക്ഷേ പടവെട്ട് സിനിമയുടെ നിർമാതാക്കളും മറ്റ് അംഗങ്ങളും സൗകര്യപ്പെടുത്തി നൽകിയ വേദികളിൽ ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിൻ പോൾ എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവും അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായി.
ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്കരമായ യാത്രയിൽ ഞങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം WCC എല്ലായ്പ്പോഴും നില കൊള്ളും.നിയമപ്രകാരം ഐസി(IC) സിനിമാ രംഗത്ത് നിർബന്ധമാക്കിയ ഈ വേളയിൽ ഇരകളെ പിന്തുണയ്‌ക്കുകയും, അധികാരികളുടെ മുന്നിൽ കുറ്റാരോപിതരെ തുറന്നുകാട്ടാൻ ശ്രമിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്.അതിൽ ലിജു കൃഷ്ണ ഉൾപ്പെടെയുള്ളവർ ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
ലിജു കൃഷ്ണയ്‌ക്കെതിരെ ബലാൽസംഘത്തിനും ആക്രമണത്തിനും പോലീസ് ചുമത്തിയ കേസുകൾ എല്ലാവരേയും ഓർമ്മിപ്പിക്കുന്നതിനായി, അതിജീവിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഞങ്ങൾ വീണ്ടും ഇവിടെ പങ്കുവെക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ