പൊന്നിയിന്‍ സെല്‍വന്റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈമിന്; വാങ്ങിയത് 125 കോടിക്ക്

ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് തിയറ്ററില്‍ എത്തും
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. ചോളരാജ വംശത്തിന്റെ കഥ പറയുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഇതില്‍ ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് തിയറ്ററില്‍ എത്തും. ഇപ്പോള്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ് വന്‍ തുകയ്ക്ക് വിറ്റു പോയിരിക്കുകയാണ്. 

ആമസോണ്‍ പ്രൈം ആണ് വന്‍ തുകയ്ക്ക് പൊന്നിയിന്‍ സെല്‍വന്‍ രണ്ടു ഭാഗങ്ങളുടേയും ഡിജിറ്റല്‍ സ്ട്രീമിങ് റൈറ്റ് വാങ്ങിയത്. 125 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയിരുന്നു. സണ്‍ ടിവിയാണ് അവകാശം സ്വന്തമാക്കിയത്. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രണ്ടാംഭാഗവും തിയറ്ററില്‍ എത്തും.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കി ഒരുക്കിയ ചിത്രം പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പറയുന്നത്. രാജ രാജ ചോളനായി ജയം രവിയാണ് എത്തുന്നത്. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്. വന്തിയ തേവനായി കാര്‍ത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാഞ്ജിയായി തൃഷയും എത്തുന്നു. 

മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, റഹ്മാന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണിരത്നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് രണ്ട് ഭാഗങ്ങള്‍ ഉള്ള ചിത്രത്തിന്റെ നിര്‍മാണം.  രവി വര്‍മനാണ് ഛായാഗ്രഹണം.  ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com