'മലയാളത്തിൽ അവ​ഗണിക്കപ്പെട്ടു, സിനിമയില്ലാത്ത അവസ്ഥയുണ്ടായിട്ടും കരഞ്ഞ് വീട്ടിലിരുന്നില്ല'; രമ്യാ നമ്പീശൻ

'പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുക'
രമ്യാ നമ്പീശൻ/ഫോട്ടോ: ഫെയ്സ്ബുക്ക്
രമ്യാ നമ്പീശൻ/ഫോട്ടോ: ഫെയ്സ്ബുക്ക്

ലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് നടി രമ്യാ നമ്പീശൻ. പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല താനെന്നും രമ്യാ നമ്പീശൻ പറഞ്ഞു. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. 

'ചില സാഹചര്യങ്ങളില്‍ ചില നിലപാടുകൾ എടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും  പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുക. ഇവിടെ പിടിച്ചു നിൽക്കുക. ജോലി ചെയ്യുക എന്ന് തന്നെയാണ് പ്രധാനം. നമ്മുടെ നിലപാടുകൾ വച്ച് കാര്യങ്ങൾ ചെയ്യുക. ഒരു പ്രശ്‌നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടത്തെ സംവിധാനങ്ങളുടെ പ്രശ്‌നമാണ്.'- രമ്യ പറഞ്ഞു. 

മറ്റൊരു ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതുകൊണ്ട് തനിക്ക് അവിടെ അവസരം കിട്ടിയെന്നും അതിനാൽ വെറുതെയിരുന്നില്ല എന്നുമാണ് രമ്യ പറയുന്നത്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംരംഭം തുടങ്ങിയതെന്നും താരം വ്യക്തമാക്കി. എന്നാൽ ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങളിലേക്കൊന്നും തമിഴ് സിനിമ എത്തിയിട്ടില്ല. കേരളത്തിന്റെ കാര്യം അങ്ങനെയല്ലെന്നും രമ്യ നമ്പീശൻ കൂട്ടിച്ചേർത്തു. 

കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പും കെഎസ്എഫ്ഡിസിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബി 32 മുതൽ 44 വരെ'. ശ്രുതി ശരണ്യം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പീസ് ആയിരുന്നു രമ്യ അവസാനമായി അഭിനയിച്ച മലയാളം ചിത്രം. മഞ്ജു വാര്യരിനൊപ്പം ലളിതം സുന്ദരം സിനിമയിലും അഭിനയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com