

നടൻ മാമുക്കോയയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. ജീവനറ്റ് കിടക്കുന്ന അദ്ദേഹത്തെ കാണാൻ ചെന്നാൽ കരയും. കരയാൻ ഇപ്പോൾ തീരെ ഇഷ്ടമല്ലെന്നും ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
മാമുക്കോയുടെ കബറടക്കത്തിന് പ്രമുഖർ എത്തിയില്ലെന്ന വിമർശനം സജീവമായിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ രഘുനാഥ് പലേരിയുടെ പ്രതികരണം. മാമുക്കോയ മലപ്പുറത്തുകാരനായത് കൊണ്ടാണോ പ്രമുഖർ അദ്ദേഹത്തിന്റെ കബറടക്കത്തിന് എത്താതിരുന്നതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. താങ്കളുടെ ചോദ്യം കേട്ട് ഇപ്പോൾ കുഞ്ഞിക്കാദർ ചിരിക്കുന്നുണ്ടാവും എന്ന് പലേരി സ്‌നേഹപൂർവം മറുപടി നൽകി.
മഴവിൽ കാവടിയിലെ ഫ്രെയിം പങ്കുവെച്ച് രഘുനാഥ് പാലേരി കഴിഞ്ഞ ദിവസം ഫെയ്‌സ്‌ബുക്കിൽ കുറിച്ച വരികൾ വൈറലായിരുന്നു. ഇതിന് താഴെ വന്ന കമന്റുകൾക്ക് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രഘുനാഥ് പലേരിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്
മഴവിൽക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി.
മനസ്സിൽ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങൾ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു.
ആ കണ്ണീർതുള്ളികളാവും
യാ മത്താ.... യാ സത്താ... യാ... ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക.
ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാൻ നനയും. അതിൽ ഒരു കുഞ്ഞിക്കാദർ സ്പർശമുണ്ടാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates