

മരിച്ചു കഴിഞ്ഞാൽ തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചുകളയണം എന്ന് നടി ഷീല. പുഴുകുത്തി കിടക്കുന്നതിനേക്കാൾ തന്റെ ചാരം ഭാരതപ്പുഴയിൽ ഒഴുക്കണമെന്നാണ് ആഗ്രഹമെന്നും ഷീല പറഞ്ഞു. ഹിന്ദു സംസ്കാരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് ഇതെന്നും വ്യക്തമാക്കി. ഹിന്ദുക്കൾ പോയതിനേക്കാൾ കൂടുതൽ ക്ഷേത്രങ്ങളിൽ പോയിട്ടുണ്ടെന്നും താരം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിലാണ് താരം പറഞ്ഞത്.
ഹിന്ദു സംസ്കാരത്തിലെ ഏറ്റവും നല്ല കാര്യമാണിത്. നമ്മുടെ ശരീരം പുഴുകുത്തി എന്തിനാണ് കിടക്കുന്നത്. അതോടുകൂടി തീർന്ന്. പിന്നീട് എല്ലാ വർഷവും നമ്മളെ ഇഷ്ടപ്പെടുന്നവർ എത്തി കല്ലറയിൽ പൂവ് വെക്കുകയും മുഴുകുതിരി കത്തിക്കുകയും ചെയ്യും. അവർ അതു ചെയ്യും എന്നതിൽ എന്താണ് ഇത്ര ഉറപ്പ്. അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പൽ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചുകളയണം എന്നത് എനിക്ക് നിർബന്ധമാണ്.- ഷീല പറഞ്ഞു.
കുറിയേടത്ത് താത്രിത്തിയുടെ ചെറുമകളാണെന്ന അഭ്യൂഹങ്ങളോടും താരം പ്രതികരിച്ചു. കുറിയേടത്ത് താത്രി ആരാണ് എന്നാണ് ഷീല ചോദിച്ചത്. 'തലമുറകളായി ഞങ്ങൾ സിറിയൻ കാത്തലിക്സ് ആണ്. അമ്മയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ ചിരിക്കുകയായിരുന്നു. എനിക്ക് ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം എന്നുള്ള വ്യത്യാസം ഒന്നുമില്ല. എനിക്ക് എല്ലാ ദൈവങ്ങളോടും ഇഷ്ടമാണ്. ഞാൻ എല്ലാ പള്ളികളിലും അമ്പലത്തിലും പോകും. എന്റെ ദൈവം മനസാക്ഷിയാണ്. ഞാനൊരു തെറ്റ് ചെയ്താൽ മനസാക്ഷി അത് ചെയ്യരുതെന്ന് പറയും. അത് ലംഘിച്ച് തെറ്റു ചെയ്യുന്നതാണ് പാപം. എനിക്ക് മതപരമായ കാര്യങ്ങൾ ഇഷ്ടമാണ്. അമ്പലങ്ങളിൽ പൊകാൻ എനിക്ക് ഇഷ്ടമാണ്. ഹിന്ദുക്കൾ പോലും പോകാത്ത അത്ര അമ്പലങ്ങളിൽ ഞാൻ പോയിട്ടുണ്ട്. ഒറ്റയ്ക്ക് പോയി സമാധാനത്തോടെ ഇരുന്ന് പ്രാർത്ഥിക്കാനാണ് ഇഷ്ടം. പബ്ലിസിറ്റിക്കു വേണ്ടി പോകാൻ ഇഷ്ടമില്ല.
താൽപ്പര്യമുണ്ടായിട്ടല്ല താൻ സിനിമയിലേക്ക് എത്തിയത് എന്നാണ് ഷീല പറയുന്നത്. കുടുംബത്തിലെ സാഹചര്യമാണ് തന്നെ സിനിമയിൽ എത്തിച്ചത്. കുട്ടിക്കാലത്ത് സിനിമ കാണാൻ പോയതിന് അച്ഛൻ തല്ലിയിട്ടുണ്ടെന്നും ഷീല പറഞ്ഞു. അന്ന് 10 വയസാണ് തനിക്ക് പ്രായം. തല്ലിയതിനു ശേഷം പള്ളിയിൽ പോയി കുമ്പസരിച്ചതിനു ശേഷം വീട്ടിൽ കയറിയാൽ മതി എന്നാണ് അച്ഛൻ പറഞ്ഞത്. വലിയ പാപമായാണ് സിനിമയെ കണ്ടിരുന്നതെന്നും ഷീല പറഞ്ഞു.
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് 13ാം വയസിൽ സിനിമയിൽ എത്തുന്നത്. ആദ്യത്തെ സിനിമ തമിഴിൽ ആയിരുന്നു. ഈ സിനിമയുടെ സെറ്റിൽ നിന്നാണ് മലയാളത്തിലേക്ക് അവസരം ലഭിക്കുന്നത്. അതിനു ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കുടുംബത്തെ രക്ഷിക്കാനും സഹോദരിമാരെ സുരക്ഷിതമാക്കാനും കഴിഞ്ഞു എന്നാണ് ഷീല പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates