ഞാന്‍ അപമാനിതനായി, നാളെ ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകരുത്; ജിയോ ബേബിയുടെ പരിപാടി ഫാറൂഖ് കോളജ് റദ്ദാക്കി;  അറിഞ്ഞത് കോഴിക്കോട് എത്തിയപ്പോള്‍

ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നാളെ ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാവരുതെന്നും ജിയോ ബേബി പറഞ്ഞു. 
ജിയോ ബേബി
ജിയോ ബേബി

കോഴിക്കോട്‌: തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മികമൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണത്താല്‍ താന്‍ ഉദ്ഘാടകനായ പരിപാടി ഫാറൂഖ് കോളജ് സംഘാടകര്‍ മാറ്റിവച്ചെന്ന് സംവിധായകന്‍ ജിയോ ബേബി. പരിപാടിക്കായി കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി മാറ്റിവച്ചത് അറിഞ്ഞതെന്നും ജിയോ ബേബി പറഞ്ഞു. 

അഞ്ചാം തീയതി ഫാറൂഖ് കോളജില്‍ സിനിമാ സംബന്ധമായ ഒരു സെമിനാറില്‍ ഉദ്ഘാടകനായാണ് തന്നെ ക്ഷണിച്ചത്. കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി മാറ്റിയതായി അറിയിച്ചത്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അവർക്കും വളരെ വേദന ഉണ്ടായി. എന്താണ് കാരണം എന്ന് ചോദിക്കുമ്പോൾ, വ്യക്തമായൊന്നും മനസിലാകുന്നില്ല. സോഷ്യൽ മീഡിയയിൽ വരെ പോസ്റ്റർ റിലീസ് ചെയ്തതാണ്. അങ്ങനെ ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് ഞാൻ പ്രിന്‍സിപ്പലിന് ഈ മെയില്‍, വാട്‌സ് ആപ്പ വഴി മെസേജ് അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. അതിനിടെയാണ് കോളജ് യൂണിയന്റെ പേരിലുള്ള ഒരു കത്ത് തനിക്ക് ഫോര്‍വേഡ് ചെയ്തുകിട്ടുന്നത്.

ഫാറൂഖ് കോളേജ് പ്രവർത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ലെന്നാണ് ആ കത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ കോളജ് മാനേജ്‌മെന്റ് നിലപാട് അറിയാന്‍ തനിക്ക് താത്പര്യമുണ്ട്. ഈ പരിപാടിക്കായി ഒരു ദിവസം യാത്ര ചെയ്താണ് താന്‍ കോഴിക്കോട് എത്തിയത്. അതിനെക്കാള്‍ ഉപരി, താന്‍ അപമാനിതനായിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നാളെ ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാവരുതെന്നും ജിയോ ബേബി പറഞ്ഞു. 

അതേസമയം, ജിയോ ബേബിക്കെതിരായ കോളജ് നടപടിക്കെതിരെ നടി മാലാ പാര്‍വതി രംഗത്തെത്തി. മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയര്‍ത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്. ഇതില്‍ ഏത് ധാര്‍മിക മൂല്യത്തെയാണ് ഫാറുഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നതെന്ന് മാലപാര്‍വതി ചോദിച്ചു

പോസ്റ്റിന്റെ പൂര്‍ണരുപം

അരിക് വല്‍കരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരന്റെയും ഒപ്പമാണ് ജിയോ ബേബി എന്ന ചലച്ചിത്ര സംവിധായകന്‍.
മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍, അത് ആര്‍ക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.
നീതിയും, സമത്വവും, മനുഷ്യത്വവുമാണ്
ജിയോ മുന്നോട്ട് വച്ചിട്ടുള്ള ധാര്‍മ്മിക മൂല്യങ്ങള്‍.
മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയര്‍ത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്.
ഇതില്‍ ഏത് ധാര്‍മിക മൂല്യത്തെയാണ്... ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്.
സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ?
ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com