ബോംബെ സിസ്റ്റേഴ്സിലെ ലളിത വിടപറഞ്ഞു

ചെന്നൈ അഡയാറിലെ വീട്ടിൽ‌ ഇന്നലെയായിരുന്നു അന്ത്യം
സി ലളിത
സി ലളിത

ചെന്നൈ: ബോംബെ സിസ്റ്റേഴ്സ് എന്ന പേരിൽ പ്രശസ്തരായ വിഖ്യാത കർണാടക സംഗീതജ്ഞരിൽ ഒരാളായ സി ലളിത (85) അന്തരിച്ചു. ചെന്നൈ അഡയാറിലെ വീട്ടിൽ‌ ഇന്നലെയായിരുന്നു അന്ത്യം. ദീർഘനാളായി കാൻസർ ബാധിതയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. 

1963 മുതൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങിയ ലളിതയും സഹോദരി സി സരോജയും രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. കൗമാര കാലം മുതൽ അഞ്ചുപതിറ്റാണ്ട്‌ ഒരുമിച്ചുമാത്രമേ ഇരുവരും കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ളൂ. മുക്താംബാളിന്റെയും ചിദംബര അയ്യരുടെയും മക്കളായി തൃശൂരിലായിരുന്നു ജനനം. ജോലി ആവശ്യത്തിനായി ചിദംബരം ബോംബെയിലെത്തിയപ്പോഴാണ് സരോജയും ലളിതയും വേദികളിൽ ഒരുമിച്ചു പാടിത്തുടങ്ങിയത്. അങ്ങനെ ഇവർ ബോംബെ സിസ്റ്റേഴ്സ് എന്ന് അറിയപ്പെട്ടു. 

മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, സംസ്കൃതം, മറാഠി ഭാഷകളിൽ ആൽബങ്ങൾ ഇറക്കി. സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലിയുടെ രണ്ടു വാല്യങ്ങൾ എന്നിവയാണ് മലയാളത്തിലെ പ്രധാന ആൽബങ്ങൾ. 2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, സംഗീത കലാനിധി, സംഗീത ചൂഡാമണി, സംഗീത കലാശിഖാമണി, എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com