'വൃത്തിയുള്ള ആളുകള്‍ നില്‍ക്കുന്നിടത്തിലേക്ക് പോകാന്‍ ഒരു മടി, അപകർഷതാ ബോധം ഇപ്പോഴുമുണ്ട്'; ഇന്ദ്രന്‍സ്

കുടക്കമ്പി പോലുള്ള വിളികള്‍ കൊണ്ടാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്
ഇന്ദ്രൻസ്/ ചിത്രം; വിൻസെന്റ് പുളിക്കൽ
ഇന്ദ്രൻസ്/ ചിത്രം; വിൻസെന്റ് പുളിക്കൽ

പകര്‍ഷതാ ബോധം ഇപ്പോഴുമുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ്. വൃത്തിയുള്ള ആളുകള്‍ നില്‍ക്കുന്നിടത്തേക്ക് പോകാന്‍ മടിയാണെന്നും താന്‍ വഴിമാറി പോവുകയാണ് ചെയ്യാറുള്ളതെന്നും താരം പറഞ്ഞു. ഇതുകാണുമ്പോള്‍ അച്ഛന് ആ വഴി പൊക്കൂടെയെന്ന് മകന്‍ ചോദിക്കാറുണ്ടെന്നും താരം പറഞ്ഞു. കുടക്കമ്പി പോലുള്ള വിളികള്‍ കൊണ്ടാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിലായിരുന്നു തുറന്നു പറച്ചില്‍. 

ശരീരത്തിന്റെ പേരില്‍ കളിയാക്കുന്നത് പണ്ട് വളരെ സ്വാഭാവികമായിരുന്നു. അതിനെ രസകരമായാണ് എല്ലാവരും എടുത്തിരുന്നത്. അത് ഇല്ലായിരുന്നെങ്കില്‍ എന്റെ പല കഥാപാത്രങ്ങളും അടയാളപ്പെടുത്താനോ കളിയാക്കാനോ വാക്കുകളില്ലാതെ പോയേനെ. സംസ്‌കാരം വളരുന്നതുകൊണ്ട് അതിപ്പോള്‍ മാറിയതാകാമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ശരീരത്തെക്കുറിച്ചുള്ള കോംപ്ലക്‌സ് കുറേയൊക്കെയുണ്ടായിരുന്നു. പിന്നെ അല്ലലില്ലാതെ കാര്യങ്ങളൊക്കെ നടന്നുപോകുമ്പോള്‍ അതിന്റെ ആവശ്യമില്ലല്ലോ. അതുകൊണ്ടല്ലേ താന്‍ രക്ഷപ്പെട്ടതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. 

ശരീരം മെച്ചപ്പെടുത്താന്‍ ജിമ്മില്‍ പോയതിനെക്കുറിച്ചും ഇന്ദ്രന്‍സ് പറയുന്നുണ്ട്. 'നാടകത്തില്‍ അഭിനയിക്കുന്ന സമയത്ത് ദൂരെ നിന്നു നോക്കുമ്പോള്‍ എന്നെ പൊടിപോലെയാണ് കാണുന്നത്. അന്നൊക്കെ അമച്വര്‍ നാടകങ്ങള്‍ക്ക് മത്സരത്തിനുപോകും. പല വേദികളിലും പോയി ഞങ്ങളുടെ നാടകം പ്രൈസ് വാങ്ങിക്കുമായിരുന്നു. അതില്‍ ഹാസ്യനടനായ പൊലീസുകാരനുണ്ടായിരുന്നു. അത് ചെയ്യുന്ന നടന് പറ്റാതിരുന്നതുകൊണ്ട് ഒരിക്കല്‍ ഞാന്‍ ചെയ്തു. ഞാന്‍ തീരെ മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൂടുതല്‍ തമാശയാകും എന്നു കരുതി എന്നാല്‍ വിധി പ്രഖ്യാപിക്കുന്ന സമയത്ത് കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നതില്‍ സംവിധായകനു പാളി എന്നൊക്കെ പറഞ്ഞ് വിമര്‍ശനമുണ്ടായി. ഞാന്‍ കാരണമാണ് സമ്മാനം കിട്ടാതിരുന്നത് എന്ന് മനസിലായി. അതൊക്കെ വിഷമമായി. നടനോ നടിക്കോ ശരീരം വളരെ പ്രധാനപ്പെട്ടതാണ് എന്ന് അറിയാം. അങ്ങനെയാണ് ശ്രമം നടക്കുന്നത്. എന്റെ അനിയന് കുറച്ചുകൂടി തടിയുണ്ടായി. ഞങ്ങള്‍ ഒരുമിച്ചാണ് ജിമ്മില്‍ പോകുക. അവനെ മാഷ് ഗുസ്തിക്കൊക്കെ ഇറക്കും. എന്നെ വെയിറ്റ് എടുക്കാന്‍ സമ്മതിക്കില്ല. ഇറച്ചിയും മീനുമൊന്നും കഴിക്കില്ലെങ്കില്‍ നീ വന്ന് എന്തെങ്കിലുമൊക്കെ ചെയ്തിട്ടു പോയാല്‍ മതി എന്നു പറയും.'

സൂകൂളില്‍ പഠിക്കുന്ന സമയത്ത് ദേഹത്തെല്ലാം ചൊറിയും ചിരങ്ങുമാണ്. നല്ല കുപ്പായവുമല്ല. നന്നായി പഠിക്കുന്നതെല്ലാം വലിയ വീട്ടിലെ കുട്ടികളാണ്. അവര്‍ക്കൊക്കെ സ്‌പ്രേയുടെ മണമൊക്കെയാണ്. എനിക്കു തന്നെ അറിയാം അവിടെ ചേരില്ലെന്ന്. എപ്പോഴോ ഒരു കുട്ടി പറഞ്ഞിട്ടുണ്ട്. ടീച്ചര്‍ വളരെ വിഷമിച്ച് എന്നെ മാറ്റിയിരുത്തി. ടീച്ചറുടെ മുഖത്തെ വിഷമം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. മാറ്റിയിരുത്തുന്നതിന് മുന്‍പ് മാറിക്കൊടുക്കുന്നതല്ലേ നല്ലത്.- ഇന്ദ്രന്‍സ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com