'അബ് തുമാരി പെർമനന്റ് ബുക്കിങ് ഹോ ഗയി', സിദ്ധർഥും കിയാരയും വിവാഹിതരായി; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 11:36 AM |
Last Updated: 08th February 2023 11:36 AM | A+A A- |

സിദ്ധർഥും കിയാരയും വിവാഹിതരായി/ ചിത്രം ഇൻസ്റ്റാഗ്രാം
ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഫെബ്രുവരി നാല് മുതലായിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. വിവാഹ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും ഉണ്ടാകണമെന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്. നിറഞ്ഞ ചിരിയോടെ വിവാഹ വേഷത്തിലുള്ള താരങ്ങളുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത പിങ്ക് ലഹങ്കയും സാംബിയൻ മരതകങ്ങൾ കൊണ്ട് നിർമിച്ച അൾട്രാഫൈൻ ഹാൻഡ്കട്ട് വജ്രങ്ങളുടെ അതിമനോഹരമായ ആഭരണങ്ങളാണ് കിയാര വിവാഹ ദിനം ധരിച്ചിരുന്നത്. സിദ്ധാർഥ് രാജകീയ പ്രൗഢിയിൽ ഐവറി നിറത്തിലുള്ള ഷെർവാണി ധരിച്ചാണ് എത്തിയത്. സൂര്യഗർഗ് പാലസിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കരൺ ജോഹർ, ജൂഹി ചൗള, ഷാഹിദ് കപൂർ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയെന്നാണ് റിപ്പോർട്ട്.
'അബ് തുമാരി പെർമനന്റ് ബുക്കിങ് ഹോ ഗയി' എന്ന ഷെർഷ സിനിമയിലെ ഡയലോഗും ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ എഴുതിയിരുന്നു. കത്രീന കൈഫ്, വിക്കി കൗശൽ, ആലിയ ഭട്ട്, വരുൺ ധവാൻ, അനിൽ കപൂർ തുടങ്ങി നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നു. അടുത്ത ആഴ്ച മുംബൈയിൽ സിനിമ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരം സംഘടിപ്പിക്കും. 2021ൽ പുറത്തിറങ്ങിയ ഷെർഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഞാൻ സിംഗിളാണ്, കുടുംബത്തെ ഒഴിച്ച് മറ്റാരെയും വിശ്വസിക്കരുത്; ദിയ കൃഷ്‌ണ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ