തുറമുഖം റിലീസ് ചെയ്യാൻ ഞാൻ ശ്രമിച്ചു, കോടികളുടെ ബാധ്യത ഏറ്റെടുത്താൽ സമ്മതിക്കാമെന്ന് പറഞ്ഞു; തുറന്നടിച്ച് നിവിൻ പോളി

ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ മുൻ നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ നിവിൻ പോളി
നിവിൻ പോളി/ഫോട്ടോ: ഫെയ്സ്ബുക്ക്
നിവിൻ പോളി/ഫോട്ടോ: ഫെയ്സ്ബുക്ക്

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം തിയറ്ററിലേക്ക് എത്തുകയാണ്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ മുൻ നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ നിവിൻ പോളി. 

തുറമുഖത്തെ ഇത്രയും സാമ്പത്തിക പ്രശ്നത്തിലേക്ക് വലിച്ചിഴക്കേണ്ടതായി ഇല്ലായിരുന്നെന്നും അതിലേക്ക് വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയണമെന്നും നിവിൻ പറഞ്ഞത്. സിനിമ റിലീസ് ചെയ്യിക്കാൻ താൻ ശ്രമം നടത്തിയെന്നും താരം വ്യക്തമാക്കി. എന്നാൽ ചിത്രത്തിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ താൻ ഏറ്റെടുത്താല്‍ സമ്മതിക്കാം എന്നായിരുന്നു നിർമാതാക്കൾ പറഞ്ഞത്. കോടികളുടെ ബാധ്യത തലയിൽവെക്കാൻ തനിക്ക് അന്ന് കഴിയില്ലായിരുന്നെന്നും വാർത്താസമ്മേളനത്തിൽ നിവിൻ പറഞ്ഞു. 

'രാജീവേട്ടനാണെങ്കിലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു. അദ്ദേഹവും ഈ സിനിമയ്ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഈ സിനിമ ഒരു നിർമാതാവിനെ ഏൽപ്പിക്കുമ്പോൾ അതിനോട് മാന്യത പുലർത്തേണ്ടത് ആ നിര്‍മാതാവ് ചെയ്യേണ്ടതായിരുന്നു. മൂന്ന് തവണ പടം റിലീസ് ചെയ്യാന്‍ ഡേറ്റ് പ്രഖ്യാപിച്ചു. ഞങ്ങള്‍ അണിയറക്കാര്‍ പടം റിലീസ് ആകുമോ എന്ന് നിർമാതാവിനോട് ചോദിക്കും. അപ്പോഴും അദ്ദേഹത്തിനറിയാം പടം റിലീസ് ആകില്ലെന്ന്. പക്ഷേ. ഞങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നല്‍കാന്‍ വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു. അത് നല്ല കാര്യമായി തോന്നിയില്ല.' 

'ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഏറ്റെടുത്തത്. ലിസ്റ്റിന്‍ ഈ പടം കണ്ട് ഇഷ്ടപ്പെട്ടു. ഇതിനകത്തുള്ള ഊരാക്കുടുക്ക് അഴിക്കുക എന്നത് ഭയങ്കര പാടായിരുന്നു. ഒരുഘട്ടത്തില്‍ ഞാന്‍ ഈ പടം റിലീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഞാൻ ഏറ്റെടുത്താല്‍ സമ്മതിക്കാം എന്നാണ് നിര്‍മാതാവ് പറഞ്ഞത്. കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ അന്ന് എനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടാണ് അന്ന് റിലീസ് ആകാതിരുന്നത്.' - നിവിൻ പറഞ്ഞു. 

ലിസ്റ്റിൻ ഏറെ കഷ്ടപ്പെട്ടാണ് ചിത്രം റിലീസിന് എത്തിക്കുന്നത് എന്നാണ് നിവിൻ പറയുന്നത്. ലിസ്റ്റിന്റെ ബന്ധങ്ങൾവച്ച് എല്ലാവരെയും വ്യക്തിപരമായി കണ്ട് ഫിനാൻസിയേഴ്സുമായി പല തരത്തിലുള്ള എഗ്രിമെന്റ് വച്ച് ഓരോ ആളുകളിൽ നിന്നുള്ള സാമ്പത്തിക ബാധ്യതകൾ അഴിച്ചഴിച്ചാണ് ഇവിടെ എത്തിയിരിക്കുന്നത്. മാത്രമല്ല ഇതിന്റെ പ്രമോഷന്റെ എല്ലാ കാര്യങ്ങളും ലിസ്റ്റിന്റെ ടീം ചെയ്യുന്നുണ്ട്. ലിസ്റ്റിന് ഈ സിനിമ എടുക്കേണ്ട ഒരുകാര്യവുമില്ല. അല്ലാതെ തന്നെ ഇരുപത്തിയഞ്ചോളം സിനിമകൾ പ്രൊഡക്‌ഷൻ നടക്കുന്നുണ്ട്. അങ്ങനെയൊരാൾ ഈ സിനിമയുടെ കൂടെ നിന്നതിൽ ഞങ്ങൾക്കെല്ലാം അദ്ദേഹത്തിനോട് കടപ്പാടുണ്ട്.- താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com