കൊച്ചി മുഴുവൻ വിഷപ്പുക, കുട്ടികളുമായി മാറി താമസിക്കുന്നതാണ് നല്ലതെന്ന് ഷാംദത്ത് 

സ്‌കൂളുകൾക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിക്കണമെന്ന് ഷാംദത്ത്
ഷാംദത്ത് സൈനുദീൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്
ഷാംദത്ത് സൈനുദീൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്

കൊച്ചിയിലെ വിഷപ്പുക കാരണം കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലതെന്ന് സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാംദത്ത് സൈനുദീൻ. ബ്രഹ്മപുര മാലിന്യ പ്ലാന്റിലെ തീ അണയ്‌ക്കാൻ കഴിഞ്ഞെങ്കിലും അതിൽ നിന്നും ഉയർന്ന വിഷപ്പുക ന​ഗരം മുഴുവൻ ബാധിച്ചിരിക്കുകയാണെന്നും കുട്ടികൾക്ക് സ്കൂളുകൾ ഒരു മാസത്തേക്ക് അവധി നൽകണമെന്നും ഷാംദത്ത് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത വിഡിയോയിൽ പറഞ്ഞു.  

‘‘കൊച്ചിയിൽ കുറച്ച് ദിവസങ്ങളായി മുഴുവൻ പുകയാണ്. ന​ഗരത്തിൽ പ്ലാസ്റ്റിക് കത്തി എരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുട്ടികളെ സ്കൂളിൽ വിടുന്നത് സംബന്ധിച്ച് വാട്സാപ്പിലും മറ്റും പലയും ചർച്ച ചെയ്യുന്നത് കണ്ടു. എങ്ങനെ കുട്ടികളെ സ്‌കൂളിൽ വിടാതിരിക്കും, എന്ത് ചെയ്യും എന്നുള്ള സംശയങ്ങൾ. എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയാനാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നത്. 

നമ്മൾ എന്തൊക്കെ പഠിപ്പിച്ചാലും ആരോഗ്യമില്ലാത്ത കുട്ടിക്ക് ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. വിദ്യാഭ്യാസമുണ്ട് എന്ന് പറയുന്ന ആളുകൾ വായുമലിനീകരണം പരിശോധിച്ച് നടപടി എടുക്കും എന്നുപറയുമ്പോൾ കോമൺസെൻസ് വച്ച് ആലോചിച്ചാൽ നമുക്ക് മനസ്സിലാകും. ഏക്കർ കണക്കിന് സ്ഥലത്ത് പ്ലാസ്റ്റിക് കൂമ്പാരമായി കത്തിക്കൊണ്ടിരിക്കുകയാണ്. അത് പെട്ടെന്ന് ഒരു ദിവസം കൊണ്ട് നിൽക്കുന്നതല്ല. 

നമ്മുടെ കൺമുന്നിൽ പുക കാണാൻ പറ്റിയില്ലെങ്കിൽ പോലും പ്ലാസ്റ്റിക് കത്തുന്ന പുക കൊണ്ട് നമ്മുടെ നാട് മലിനമായിരിക്കുകയാണ് എന്ന് നമുക്കെല്ലാം അറിയാം. നമുക്ക് വീടിനുള്ളിൽ വാതിലടച്ച് ഇരിക്കാൻ പറ്റുമെങ്കിലും നമ്മുടെ ആരോഗ്യപ്രവർത്തകരും ഫയർ ഫോഴ്‌സും ആ പുകയ്ക്കകത്ത് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല ആളുകളും തലകറങ്ങി വീഴുന്നു, അസുഖ ബാധിതരാകുന്നുണ്ട്. ഇങ്ങനെയൊരു സമയത്ത് ജില്ലാ കലക്ടർ സ്കൂളിന് ഒരു മാസത്തെ അവധി കൊടുക്കുകയാണ് വേണ്ടത്, കാരണം ഇതുകൊണ്ടു ഭാവിയിൽ എന്താണ് ഉണ്ടാകാൻ പോകുന്നത് എന്ന് നമുക്ക് തന്നെ ആലോചിച്ചാൽ മനസ്സിലാകും.

പല ഡോക്ടർമാരും ഇതിന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്. സ്കൂൾ  അധികൃതർ ചേർന്ന് ഒരുമാസം സ്കൂൾ തുറക്കില്ല എന്ന് തീരുമാനിക്കുകയാണ് വേണ്ടത്. അങ്ങനെയുള്ള തീരുമാനവുമായി അവർ വരുമെന്ന് ഞാൻ കരുതുന്നു.  അവർ തീരുമാനം എടുത്തില്ലെങ്കിൽ മാതാപിതാക്കൾ കുട്ടികളെയും വൃദ്ധ ജനങ്ങളെയും കൊണ്ട് കൊച്ചിയിൽനിന്ന് മാറി നിൽക്കുകയാണ് വേണ്ടത്.  

എന്നാൽ എല്ലാവരുടെയും ആശങ്ക കുട്ടികളുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്. കുട്ടികൾ ഒരു വർഷം പഠിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. ആ ഒരു വർഷം നഷ്ടപ്പെടുന്നതുകൊണ്ടു ചിലപ്പോൾ കുട്ടികൾക്ക് 20 വർഷം കൂടുതൽ ജീവിക്കാൻ കഴിയും. ഇത്രയും വലിയ മലിനീകരണം കാരണം ഇപ്പോൾത്തന്നെ ചില കുട്ടികൾക്ക് ശ്വാസംമുട്ടലും കണ്ണ് ചൊറിച്ചിലും മറ്റ് ആരോഗ്യ പ്രശനങ്ങളും തുടങ്ങിക്കഴിഞ്ഞു.

ഈ വിദ്യാഭ്യാസത്തിനു യാതൊരു വിലയും ഇല്ലാതെ പോകും.  നമ്മുടെ ആരോഗ്യമാണ് പ്രധാനം അത് കണക്കിലെടുത്ത് തീരുമാനം എടുക്കുക. സമയം വെറുതെ കളയാതിരിക്കുക.  ഇതിനായി അധ്വാനിക്കുന്ന ആളുകൾക്ക് ആശംസകൾ അർപ്പിക്കാനേ നമുക്ക് കഴിയൂ. അവരുടെ ബുദ്ധിമുട്ട് നമ്മൾ മനസിലാക്കുക. നമ്മളെങ്കിലും സേഫ് ആയിരിക്കുക. എല്ലാവരും അവരവരുടെ ആരോഗ്യം സംരക്ഷിക്കുക.’’– ഷാംദത്ത് സൈനുദീൻ പറഞ്ഞു

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com