'നീ വല്ല സിനിമയിലും പോയിച്ചേര്', അധ്യാപകന്റെ പരിഹാസം വഴിത്തിരിവായി; ചിരിയുടെ ​'ഗോഡ്ഫാദർ'

വേറിട്ട ഭാഷാശൈലികൊണ്ടും ശരീരഭാഷകൊണ്ടും മലയാള സിനിമപ്രേമികളെ കുടുകുടെ ചിരിപ്പിച്ച നടൻ
ഇന്നസെന്റ്
ഇന്നസെന്റ്

ചിരിയുടെ കുപ്പായം അഴിച്ച് വെച്ച് ഇന്നസെന്റ് എന്ന മഹാനടൻ അരങ്ങൊഴിഞ്ഞപ്പോൾ ഓർമ്മയാകുന്നത് അഞ്ച് പതിറ്റാണ്ടുകൾ നീണ്ട സിനിമ ജീവിതം. മലയാള സിനിമപ്രേമികൾക്ക് ഒരായുസ് മുഴുവൻ ഓർത്ത് ചിരിക്കാനുള്ള ചിരിയോർമ്മകൾ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ മടക്കം മലയാളം, കന്നഡ, തമിഴ്, ഹിന്ദി, ഇം​ഗ്ലീഷ് ഭാഷകളിലായി 750 ലേറെ സിനിമകളും അത്ര തന്നെ കഥാപാത്രങ്ങളും. 

നടനാകണമെന്ന മോഹം

'ഒരു നടനാകണമെന്ന മോഹം ആദ്യം പറഞ്ഞത് അപ്പനോടായിരുന്നു. അത് കേട്ടപ്പോൾ അപ്പന് വലിയ സന്തോഷമായി. ഈ നടനാകണമെന്ന ആഗ്രഹം തോന്നാൻ ഒരു കാരണമുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലേക്ക് പുതിയൊരു മലയാളം മാഷ് വന്നു.

നാരായണൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എന്തോ വികൃതി കാട്ടിയതിന് അദ്ദേഹം തല്ലാൻ പിടിച്ച് നിർത്തി. അടിപൊട്ടുമെന്നായപ്പോൾ മാഷ് പെട്ടന്ന് വടി പിൻവലിച്ചു. എന്നിട്ട്, ഇന്നസെന്റേ നിന്നെ ഞാൻ തല്ലുന്നത് ശരിയല്ല. മുതിർന്നവരെ തല്ലുന്നത് പാപമാണെന്നാണ് പ്രമാണം. നീ വല്ല സിനിമയിലും പോയിച്ചേര്. മാഷ് അത് പരിഹാസത്തോടെയാണ് പറഞ്ഞതെങ്കിലും എന്‌റെ ഉള്ളിൽ അങ്ങനെ ഒരു രഹസ്യമോഹം ഉണ്ടായിരുന്നു.' 

തൃശൂർ ശൈലിയിലുള്ള സംഭാഷണവും വേറിട്ട ശരീര ഭാഷയൊണ്ടും മലയാള സിനിമയെ സമൃദ്ധമാക്കിയ നടനാണ് ഇന്നച്ചൻ എന്ന സിനിമലോകം സ്നേഹത്തോടെ വിളിക്കുന്ന ഇന്നസെന്റ്. സിനിമ മോഹം തലയ്‌ക്ക് പിടിച്ചപ്പോൾ മദ്രാസിൽ കൂടുകയായിരുന്നു. എ ബി രാജ് സംവിധാനം ചെയ്ത് 1972 സെപ്റ്റംബർ 9ന് പുറത്തിറങ്ങിയ ‘നൃത്തശാല’യിലാണ് ഇന്നസന്റ് ആദ്യമായി വേഷമിടുന്നത്. ശോഭന പരമേശ്വരൻ നായർ നിർമിച്ച ചിത്രത്തിൽ പ്രേംനസീറും ജയഭാരതിയും അടൂർഭാസിയുമായിരുന്നു പ്രധാന താരങ്ങൾ. തുടർന്ന് ‘ഉർവശിഭാരതി’, ‘ജീസസ്’, ‘നെല്ല്’ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്‌തു. പിന്നീട് സെഞ്ചുറി ഫിലീംസ് നിർമിച്ച് സേതുമാധവൻ സംവിധാനം ചെയ്‌ത അവിടുത്തെപ്പോലെ ഇവിടെ യും എന്ന ചിത്രത്തിലാണ് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യുന്നത്. 

തനിക്ക് അഭിനയിക്കാൻ കഴിവുണ്ടെന്ന് മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിച്ച ഒരു ചിത്രമായിരുന്നു അത്. തനിക്ക് ആ വേഷം കിട്ടാൻ കാരണം മമ്മൂട്ടിയും തിരക്കഥാകൃത്ത് ജോൺപോളുമായിരുന്നെന്ന് ഒരു അഭിമുഖത്തിൽ ഇന്നസെന്റെ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന്  ‘പുന്നാരം ചൊല്ലിച്ചൊല്ലി’ എന്ന സിനിമ ചെയ്‌തു. 1989ൽ പുറത്തിറങ്ങിയ ‘മഴവിൽക്കാവടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. പിന്നീട് സിദ്ദിഖ്-ലാൽ സംവിധാനം ചെയ്‌ത റാംജി റാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായിയായിരുന്നു കരിയർ ബ്രേക്ക് നൽകിയ ചിത്രം. 

റാംജിറാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായി, കാബൂളിവാലയിലെ കന്നാസ്, കിലുക്കത്തിലെ കിട്ടുണ്ണി, ദേവാസുരത്തിലെ വാര്യർ , ഗോഡ്ഫാദറിലെ സ്വാമിനാഥൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ ഇന്നസന്റിലൂെട അവിസ്മരണീയരായി. ഹാസ്യവും സ്വഭാവ നടന്റെ വേഷവും മാത്രമല്ല വില്ലൻ വേഷങ്ങളും അദ്ദേഹം ചെയ്‌തിട്ടുണ്ട്. മഴവിൽക്കാാവടി, പൊൻമുട്ടയിടുന്ന താറാവ്, ​ഗാനമേള തുടങ്ങിയ ചിത്രങ്ങളിലെല്ലാം വില്ലൻ ചായ്‌വുള്ള വേഷങ്ങളാണ് ചെയ്‌തത്.


പൊതുപ്രവർത്തന രം​ഗത്തും സജീവം

പഠനകാലത്ത് ക്ലാസ് ലീഡറായിരുന്നു ഇന്നസെന്റ്. 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ തുടക്കകാലം മുതൽ 2018 വരെ ഇന്നസെന്റായിരുന്നു പ്രസിഡന്റ്. അഞ്ച് പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 

ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ് എൻ എച്ച് സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. എട്ടാം ക്ലാസ്സിൽ വെച്ച് പഠിപ്പ് നിർത്തി. കൂടെ പഠിച്ചവരെല്ലാം മാഷുമാരായി വന്ന് എന്നെ പഠിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് ഒരിക്കൽ ഇന്നസെന്റ് തമാശരൂപേണ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com