ജൂഡ് ആന്തണി ജോസഫ്, സാന്ദ്ര തോമസ്/ഫോട്ടോ: ഫെയ്സ്ബുക്ക്
ജൂഡ് ആന്തണി ജോസഫ്, സാന്ദ്ര തോമസ്/ഫോട്ടോ: ഫെയ്സ്ബുക്ക്

'സാന്ദ്ര പറഞ്ഞത് വേദനിപ്പിച്ചു, ഒരു നിര്‍മാതാവും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടില്ല'; ഓം ശാന്തി ഓശാന ആരോപണത്തിൽ ജൂഡ്

നടന്ന മുഴുവൻ കാര്യവും സാന്ദ്ര പറഞ്ഞില്ലെന്നും ജൂഡ് ആരോപിച്ചു

ജൂഡ് ആന്തണി തോമസും ആന്റണി വർ​ഗീസും തമ്മിലുള്ള വിവാദത്തിനൊപ്പം തന്നെ ഓം ശാന്തി ഓശാനയെക്കുറിച്ചുള്ള സാന്ദ്ര തോമസിന്റെ ആരോപണങ്ങളും ചർച്ചയായിരുന്നു. ഓം ശാന്തി ഓശാന നിർമിക്കേണ്ടിയിരുന്നത് താനായിരുന്നെന്നും ജൂഡ് ആന്തണി ജോസഫ് അത് മറ്റൊരു നിർമാതാവിന് നൽകി എന്നുമായിരുന്നു ആരോപണം. ഇപ്പോൾ അതിൽ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ജൂഡ്. ചിത്രത്തിന്റെ ബജറ്റ് കുറക്കാൻ പറഞ്ഞതിനെ തുടർന്നാണ് നിർമാതാവിനെ മാറ്റിയത് എന്നാണ് ജൂഡ് പറഞ്ഞത്. നടന്ന മുഴുവൻ കാര്യവും സാന്ദ്ര പറഞ്ഞില്ലെന്നും ജൂഡ് ആരോപിച്ചു. 

സാന്ദ്രയുടെ അടുത്ത് ഞാനും മിഥുന്‍ മാനുവല്‍ തോമസും കഥ പറഞ്ഞപ്പോള്‍ ഒന്നമുക്കാല്‍ കോടിയാണ് ബജറ്റ്. സാന്ദ്ര ചിത്രത്തിന്റെ ബജറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. 'പോസ്റ്റര്‍ ഡിസൈന്‍ ചെയ്യണമെങ്കില്‍ നിന്റെ വീട്ടില്‍ നിന്ന് ആളെകൊണ്ടു വന്നോ' എന്നെല്ലാം സാന്ദ്ര പറഞ്ഞു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു നിര്‍മാതാവും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടില്ല. അതിന് ശേഷമാണ് മറ്റൊരു നിർമാതാവിനോട് കഥ പറയുന്നത് എന്നാണ് ജൂഡ് പറയുന്നത്. 

സിനിമയിൽ നിന്ന് പിന്മാറുന്ന വിവരം മിഥുനൊപ്പം എത്തിയാണ് സാന്ദ്രയോട് പറഞ്ഞത്. തനിക്ക് പെട്ടെന്ന് ദേഷ്യം വരുന്നതിനാൽ തന്നോട് സംസാരിക്കേണ്ട എന്ന് മിഥുൻ പറഞ്ഞു. എന്നാൽ സംസാരിച്ച് വന്നപ്പോള്‍ മിഥുനും സാന്ദ്രയും വഴക്കായി. ഒടുവില്‍ സാന്ദ്രയെ ചീത്തവിളിച്ച് മിഥുന്‍ ഇറങ്ങിപ്പോയി. സാന്ദ്ര പിന്നീട് കരച്ചിലായി. ഈ സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് തനിക്ക് ഫെഫ്കയില്‍ നിന്ന് വിളി വന്നു. 25 ലക്ഷം രൂപ സാന്ദ്രയ്ക്ക് നല്‍കണം അല്ലെങ്കില്‍ ഈ സിനിമ അവര്‍ക്കൊപ്പം ചെയ്യണം എന്നായിരുന്നു നിബന്ധന. എന്നാൽ തങ്ങൾ അതിന് തയാറായിരുന്നില്ല എന്നാണ് ജൂഡ് പറഞ്ഞു. സാന്ദ്രയ്ക്കൊപ്പം സിനിമ ചെയ്യാൻ മാനസിക ബുദ്ധിമുട്ടുണ്ടെന്ന് അവരെ അറിയിക്കുകയും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ ഇതിന് സാന്ദ്ര സമ്മതിച്ചില്ല. 

സിനിമയ്ക്ക് വേണ്ടി അതുവരെ സാന്ദ്ര ചെലവാക്കിയത് ഒരുലക്ഷത്തി അറുപതിനായിരം രൂപയായിരുന്നു എന്നാണ് എന്റെ ഓര്‍മ. എന്റെ അഡ്വാന്‍സ് തുകയടക്കം. അതെല്ലാം ഞാന്‍ തിരികെ നല്‍കിയിരുന്നു. അത് പറ്റില്ല 10 ലക്ഷം രൂപ നല്‍കണമെന്ന് സാന്ദ്ര വാശിപിടിച്ചു. ആല്‍വിന്‍ ആന്റണിയാണ് സിനിമയുടെ നിര്‍മാതാവ്. പത്ത് പൈസ നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. 'എനിക്കും മിഥുനും ശമ്പളം വേണ്ട അതിന് പകരം സാന്ദ്രയ്ക്ക് കൊടുത്തേക്കൂ' എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരുപാട് വിലപേശിയതിന് ശേഷം മിഥുന്റെ ഒരു കഥയും എഴ് ലക്ഷം രൂപയും വേണമെന്ന് സാന്ദ്ര പറഞ്ഞു. അങ്ങനെയാണ് ആട് എന്ന സിനിമയും ഏഴ് ലക്ഷം രൂപയും സാന്ദ്രയ്ക്ക് കൊടുത്തത്. അതുകൂടാതെയാണ് അപ്പോളജി ലെറ്റര്‍ കൂടി കൊടുത്തത്. ഞാനും മിഥുനും ശമ്പളം വാങ്ങിയിട്ടില്ല. എന്നിട്ടും ആല്‍വിന്‍ ചേട്ടന്‍ എനിക്ക് 80000 രൂപ നല്‍കി. സാന്ദ്ര അതൊന്നും പറഞ്ഞിട്ടില്ല.- ജൂഡ് പറഞ്ഞു. സാന്ദ്രയെ വിളിച്ചപ്പോൾ മുഴുവൻ കാര്യങ്ങളും പറയാതിരുന്നത് എന്താണെന്ന് ചോദിച്ചെന്നും ജൂഡ് കൂട്ടിച്ചേർത്തു. 

ഇത് ചർച്ചയായതിനു പിന്നാലെ സാന്ദ്ര തന്റെ അടുത്ത സുഹൃത്താണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ജൂഡ് രം​ഗത്തെത്തി. സാന്ദ്ര തോമസ് ഒരു നല്ല വ്യക്തിയും നിർമാതാവും എന്റെ നല്ലൊരു സുഹൃത്തുമാണിപ്പോൾ . വാക്കുകൾ വളച്ചൊടിച്ചു വരുന്ന വാർത്തകൾ അവരെ വേദനിപ്പിക്കുന്നുണ്ട് . നമുക്ക് പോസിറ്റീവ് ചിന്തകളും വാർത്തകളും പടർത്താം.- എന്നാണ് ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com