'ഇയാൾ എങ്ങനെയാണ് സ്ത്രീകളെ കാണുന്നത്, നിങ്ങളെക്കുറിച്ചോർത്ത് ലജ്ജിക്കുന്നു': മാളവിക മോഹനൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2023 04:10 PM |
Last Updated: 19th November 2023 04:10 PM | A+A A- |

മാളവിക മോഹനൻ, മൻസൂർ അലി ഖാൻ/ചിത്രം: ഇൻസ്റ്റഗ്രാം
നടൻ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി നടി മാളവിക മോഹനൻ. വെറുപ്പുളവാക്കുന്നതാണ് നടന്റെ പരാമർശം എന്നാണ് താരം എക്സിൽ കുറിച്ചത്. സ്ത്രീകളെക്കുറിച്ച് വൃത്തികേട് ആലോചിക്കുകയും ഒരു ആശങ്കയുമില്ലാതെ അത് ധൈര്യത്തോടെ പറയുകയുമാണ് അയാൾ. വിചാരിക്കുന്നതിനേക്കാൾ നികൃഷ്ടമാണ് അത് എന്നും നടി പറഞ്ഞു.
‘ഇത് പല തലങ്ങളിൽ വെറുപ്പുളവാക്കുന്നതാണ്. ഇയാൾ എങ്ങനെയാണ് സ്ത്രീകളെ കാണുന്നതെന്നും അവരെക്കുറിച്ച് ചിന്തിക്കുന്നതെന്നുമുള്ള കാര്യം വളരെയേറെ ലജ്ജിപ്പിക്കുന്നു. എന്നാൽ അതേക്കുറിച്ച് പരസ്യമായും നിഷ്പക്ഷമായും സംസാരിക്കാനുള്ള ധൈര്യം ഉണ്ടാകുമോ, പ്രത്യാഘാതങ്ങളെക്കുറിച്ച് പോലും ആശങ്കപ്പെടാതെയാണ് അയാൾ സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചോർത്ത് ലജ്ജിക്കുന്നു. ഇത് വിചാരിക്കുന്നതിനേക്കാൾ നികൃഷ്ടമാണ്.’’–മാളവിക മോഹനന്റെ കുറിപ്പ്.
This is disgusting on so many levels.
— Malavika Mohanan (@MalavikaM_) November 18, 2023
It’s shameful enough that this is how this man views women & thinks about them, but then to have the guts(!!) to speak about it this openly & unapologetically, not even worried about repercussions??
Shame on you. Despicable beyond belief. https://t.co/C45Mfzm1Nd
ലിയോ സിനിമയുമായി ബന്ധപ്പെട്ടാണ് മൻസൂർ അലി ഖാൻ നടി തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയത്. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. പിന്നാലെ നടനെതിരെ രൂക്ഷ വിമർശനവുമായി തൃഷ രംഗത്തെത്തി. മൻസൂർ അലി ഖാനൊപ്പം അഭിനയിക്കില്ലെന്നും ഇത്തരക്കാർ മാനവരാശിക്കുതന്നെ ചീത്തപ്പേരാണ് എന്നുമാണ് നടി കുറിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും നടനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.