'ആ ഭയം ഇപ്പോഴും എന്നോടൊപ്പമുണ്ട്, അബദ്ധത്തില്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു': വിവാദ വിഡിയോയില്‍ സാനിയ അയ്യപ്പന്‍

സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനോട് മോശമായി പെരുമാറുന്ന തരത്തിലുള്ളതായിരുന്നു വിഡിയോ
സാനിയ അയ്യപ്പന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
സാനിയ അയ്യപ്പന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്

ടി സാനിയ അയ്യപ്പന്റെ ഒരു വിഡിയോ അടുത്തിടെ വൈറലായിരുന്നു. സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനോട് മോശമായി പെരുമാറുന്ന തരത്തിലുള്ളതായിരുന്നു വിഡിയോ. തുടര്‍ന്ന് താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

അടുത്തിടെ തന്റെ ജീവിതത്തില്‍ ഒട്ടും മറക്കാനാവാത്ത അനുഭവം ഉണ്ടായി. അന്ന് പലരും തന്നെ പിന്തുണച്ചില്ല. എല്ലാം ഉള്ളിലൊതുക്കിയെങ്കിലും ആ ഭയം തന്റെ മനസിലുണ്ടായിരുന്നു എന്നാണ് സാനിയ കുറിച്ചത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അബദ്ധവശാല്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സാനിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു. ഒരു സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ കോഴിക്കോട് മാളില്‍വച്ചാണ് സാനിയയ്ക്ക് മോശം അനുഭവമുണ്ടായത്. തന്നോട് മോശമായി പെരുമാറിയ ആളോട് താരം ധൈര്യത്തോടെ നേരിടുകയായിരുന്നു. എന്നാല്‍ പിന്നാലെ താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. 

സാനിയയുടെ കുറിപ്പ്‌

ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിനുശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.  എല്ലാം ഞാൻ ഉള്ളിലൊതുക്കിയെങ്കിലും, ഓരോ തവണയും മനസ്സിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ, ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലന്ന സത്യവും ഞാൻ മനസ്സിലാക്കുന്നു.  ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്തെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് നന്ദി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com