'ഇരുട്ടിൽ നീ പ്രകാശമായി'; ഒന്നാം വിവാഹവാർഷികത്തിൽ മഞ്ജിമയെ കുറിച്ച് ​ഗൗതം 

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് മഞ്ജിമയും ​ഗൗതം കാർത്തിക്കും
മഞ്ജിമയും ​ഗൗതം കാർത്തിക്കും/ ഇൻസ്റ്റ​ഗ്രാം
മഞ്ജിമയും ​ഗൗതം കാർത്തിക്കും/ ഇൻസ്റ്റ​ഗ്രാം

ബാലതാരമായി എത്തി സിനിമപ്രേമികളുടെ പ്രിയ നായികയായി വെള്ളിത്തിരയിൽ തിളങ്ങിയ താരമാണ് മഞ്ജിമ. കഴിഞ്ഞ നവംബറിലായിരുന്നു മഞ്ജിമയും നടൻ ​ഗൗതം കാർത്തിയുമായുള്ള വിവാഹം. 'ദേവരാട്ടം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ മഞ്ജിമയ്‌ക്ക് ​ആശംസകൾ നേർന്ന് ​ഗൗതം കുറിച്ച ഹൃദയം തൊടുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇരുട്ടിലേക്ക് പോകുമായിരുന്ന തന്റെ ജീവിതത്തിലേക്ക് പ്രകാശം എത്തിച്ചത് മഞ്ജിമയാണെന്നും തന്നെ ഒരു വർഷം സഹിച്ചതിന് അഭിനന്ദനങ്ങളും ​ഗൗതം കുറിപ്പിൽ പറയുന്നു. 

'എന്നെ വിവാഹം കഴിച്ച് ഈ ഒരു വർഷം അതിജീവിച്ചതിന് അഭിനന്ദനങ്ങൾ. ഇത് വളരെ ഭ്രാന്തവും രസകരവുമായ യാത്രയായിരുന്നു. ഓരോ നിമിഷങ്ങളും മറക്കാനാകുന്നില്ല. നമ്മൾ എടുത്ത ഓരോ ചുവടും ഒരുമിച്ചായിരുന്നു. ഒരുമിച്ച് വളർന്നു. ഈ വർഷം നീ എനിക്കായി ചെയ്‌ത എല്ലാത്തിനും നന്ദി പ്രിയേ.

നീ എനിക്കായി ഒരു വീട് ഉണ്ടാക്കി, എനിക്ക് തിരികെ വരാനും സുരക്ഷിതത്വം അനുഭവിക്കാൻ കഴിയുന്ന ഒരിടം. ഞാൻ വിചാരിച്ചതിലും അപ്പുറം നീ എനിക്ക് ശക്തി നൽകി, എന്നിലും എന്റെ കഴിവുകളിലും അചഞ്ചലമായ ആത്മവിശ്വാസം നൽകി. എന്റെ മനസ്സ് ഇരുണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ, നീ ആ സ്ഥലങ്ങളിൽ പ്രകാശം നൽകി എന്നെ പുറത്തെടുത്തു. നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്! നീയാണ് എന്റെ ലോകം. നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല! ഞാൻ നിന്നെ പൂർണഹൃദയത്തോടെ സ്നേഹിക്കുന്നു! വിവാഹ വാർഷിക ആശംസകൾ.'–ഗൗതം കാർത്തിക് കുറിച്ചു. 

ബാലതാരമായി കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ്. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാ​ഗമായ താരം പഠനത്തിനായി നീണ്ട ഇടവേളയെടുത്തിരുന്നു. പിന്നീട് 2015ൽ ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയിലൂടെ നിവിൻ പോളിയുടെ നായികയായി തിരിച്ചെത്തി. ഇപ്പോൾ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ. നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകൻ കൂടിയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com