'ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം'; സുരേഷ് ഗോപിയെ പിന്തുണച്ച് മഞ്ജുവാണി

കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും മനസിൽ പുഴുവരിച്ച് വൃണം പൊട്ടിയൊലിക്കുന്നവർക്കുമാണ് ഇതിൽ ആഭാസം കാണാൻ കഴിയുന്നതെന്ന് മഞ്ജുവാണി
സുരേഷ് ഗോപി, ഇൻസ്റ്റ​ഗ്രാം/ മഞ്ജുവാണി ഭാഗ്യരത്‌നം, ഫേയ്‌സ്‌ബുക്ക്
സുരേഷ് ഗോപി, ഇൻസ്റ്റ​ഗ്രാം/ മഞ്ജുവാണി ഭാഗ്യരത്‌നം, ഫേയ്‌സ്‌ബുക്ക്

കോഴിക്കോട്‌ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിയെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. മനസിൽ പുഴുവരിച്ച് വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കുമാണ് ഇതിൽ ആഭാസം കാണാൻ കഴിയുകയെന്ന് മഞ്ജുവാണി കുറിച്ചു. സുരേഷ് ഗോപിക്കെതിരെ വന്ന ആരോപണത്തിൽ ദുഖമുണ്ടെന്നും അദ്ദേഹം എന്താണെന്ന് നിങ്ങൾക്ക് അറിയാവുന്നതാണെന്നും ഫേയ്‌സ്ബുക്കിൽ കുറിച്ച പോസ്റ്റിൽ മഞ്ജുവാണി പറഞ്ഞു.

'സങ്കടകരം. കഷ്ടം.മനസ്സിൽ പുഴുവരിച്ച് വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും. ദുഃഖം തോന്നുന്നു. ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം. മീഡിയ വൺ ചാനൽ പത്ര പ്രവർത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാൽ ആഭാസമാണെങ്കിൽ, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ.
രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുന്നത് മനസ്സിലാക്കാം. പത്രപ്രവർത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണവരുടെ രാഷ്ട്രീയം? മീഡിയ വൺ രാഷ്ട്രീയമാണോ അതോ ചാനൽ ആണോ? വെറും രാഷ്ട്രീയ ദാരിദ്ര്യം.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ അന്ന് ഇക്കൂട്ടരോട് പറഞ്ഞതേ എനിക്കും ഇപ്പൊ പറയാനുള്ളൂ'- മഞ്ജുവാണി ഫേയ്‌സ്ബുക്കിൽ കുറിച്ചു.

ഇന്നലെ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി തോളിൽ കൈ വെച്ചത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിൽ വീണ്ടും ആവർത്തിച്ചപ്പോൾ മാധ്യമപ്രവർത്തക അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റുകയുമായിരുന്നു. സംഭവത്തിൽ സുരേഷി ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ രംഗത്ത് വന്നതിന് പിന്നാലെ സുരേഷ് ഗോപി മാപ്പ് പറഞ്ഞു. ഒരു മകളെപോലെയാണ് കണ്ടതെന്നും ഒരച്ഛനെപ്പോലെ മാപ്പുപറയുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com